ചെന്നൈ: ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന അലുമിനിയം കണ്ടെയ്നറുകൾ കഴുകി അതില്‍ വീണ്ടും ഭക്ഷണം നല്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ജോഗ്ബാനിയെയും തമിഴ്നാട് ഈറോഡിനെയും ബന്ധിപ്പിക്കുന്ന ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസിലാണ് സംഭവം.
ട്രെയിനിന് അകത്ത് റെയില്‍വേ ജീവനക്കാരനെന്ന് കരുതുന്ന ഒരാള്‍, യാത്രക്കാര്‍ ഉപയോഗിക്കുന്ന വാഷ്ബേസിനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കണ്ടെയ്നറുകൾ കഴുകി സമീപത്ത് അടുക്കിവയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ഇത് വൈറലാകുകയുമായിരുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്ത യാത്രക്കാരന് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് അയാളോട് ചോദിക്കുന്നത് വീഡിയോയിൽ ഉണ്ട്. തിരിച്ചയയ്ക്കാന്‍ വേണ്ടി എന്നാണ് അയാള്‍ പറയുന്നത്.
വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതാണോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്ന സൗകര്യങ്ങള്‍ എന്ന് കോൺഗ്രസ് ചോദിച്ചു. പൊതുജനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് മുഴുവന്‍ ചാര്‍ജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവര്‍ത്തി നടത്തുന്നു. ഇതിൽ നാണക്കേട് തോന്നുന്നില്ലേയെന്നും കോൺഗ്രസ് ചോദിക്കുന്നു. സംഭവത്തിൽ റെയില്‍വേ അധികൃതരോ ഐആര്‍സിടിസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.