മൊസൂൾ, ഇറാഖ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) തീവ്രവാദികള്‍ ഇറാഖില്‍ നടത്തിയ ക്രൂരമായ അധിനിവേശത്തിനിടെ നശിപ്പിക്കപ്പെട്ട രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 15 ബുധനാഴ്ചയാണ് ദേവാലയങ്ങളുടെ കൂദാശ മൊസൂളിൽ നടന്നത്. ഇസ്ലാമിക തീവ്രവാദികള്‍ വന്‍ നാശം വിതച്ച അതേ സ്ഥലത്തു നവീകരിച്ച ദേവാലയങ്ങള്‍ തുറന്നപ്പോള്‍ ചുറ്റുംകൂടിയിരിന്ന ക്രൈസ്തവരുടെ മുഖങ്ങളില്‍ പ്രകടമായത് പുനരുത്ഥാനത്തിന്റെ പ്രത്യാശയായിരിന്നുവെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വർഷങ്ങളുടെ നിശബ്ദത നിറഞ്ഞ കഷ്ടപ്പാടുകൾക്കു ശേഷം, വടക്കൻ ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തിന് പുതിയ അധ്യായം അടയാളപ്പെടുത്തിക്കൊണ്ടായിരിന്നു മൊസൂളിന്റെ മണികൾ വീണ്ടും മുഴങ്ങിയത്. ഒരിക്കൽ അവശിഷ്ടങ്ങളായി മാറിയ പുണ്യസ്ഥലങ്ങളുടെ പുനഃസ്ഥാപനത്തിന് നന്ദി പറയുവാന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും പുറമേ പ്രാദേശിക ഉദ്യോഗസ്ഥരും ഒന്നുചേര്‍ന്നു. 2014 – 2017 കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് നിയന്ത്രണത്തിൽ അശുദ്ധമാക്കപ്പെടുകയും ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ദേവാലയങ്ങള്‍ പ്രാദേശിക സഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സംയുക്ത സഹകരണത്തിലൂടെയാണ് പുനർനിർമ്മിച്ചത്.
ദേവാലയം വീണ്ടും തുറക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല, ഇറാഖിൽ സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും പ്രതീക്ഷയുടെ അടയാളമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പള്ളികളിൽ പ്രവേശിച്ചപ്പോൾ പ്രാദേശിക വിശ്വാസികൾ വികാരഭരിതരായിരിന്നു. കത്തിച്ച മെഴുകുതിരികളും നന്ദിയുടെ സ്തുതിഗീതങ്ങൾ ആലപിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചത്. ചടങ്ങിനിടെ യുദ്ധത്തിന്റെയും പീഡനത്തിന്റെയും ഇരകളായവര്‍ക്ക് വേണ്ടി പ്രാർത്ഥനകളും നടന്നു.
വർഷങ്ങളുടെ അക്രമം അവശേഷിപ്പിച്ച ആഴത്തിലുള്ള മുറിവുകള്‍ക്കിടയിലും പ്രതിസന്ധിയിലും സമൂഹത്തെ നിലനിർത്തിയ അചഞ്ചലമായ ക്രിസ്തു വിശ്വാസത്തെക്കുറിച്ചു സഭാ നേതാക്കൾ സംസാരിച്ചു. മൊസൂളിലെ ക്രൈസ്തവ സമൂഹത്തിന്റെ പുനരുജ്ജീവനമായാണ് ദേവാലയ കൂദാശയെ പലരും വിശേഷിപ്പിച്ചത്. പതിനായിരങ്ങളുടെ കുടിയിറക്കത്തിനുശേഷം പ്രദേശത്ത് ക്രൈസ്തവ ജനസംഖ്യ കുറവാണെങ്കിലും, പലരും ഈ സംഭവത്തെ പുതുയുഗ പ്രത്യാശയായും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ആഹ്വാനമായിട്ടു കൂടിയാണ് കണക്കാക്കുന്നത്.