റോം: ആഗോള തലത്തിൽ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏജന്‍സിയ ഫീദെസിന്റെ പുതിയ റിപ്പോര്‍ട്ട്. തൊണ്ണൂറ്റിയൊമ്പതാമത് ആഗോള മിഷ്ണറി ദിനത്തോടനുബന്ധിച്ച് ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണവും, ദൈവവിളികളുടെ എണ്ണവും സംബന്ധിക്കുന്ന പുതിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഫ്രിക്കയിലും, ഏഷ്യയിലും, അമേരിക്കയിലും കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.59 കോടി വിശ്വാസികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷ്ണറിമാർ” എന്ന പേര് നല്‍കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ലോകത്ത് ആകമാനം 0.1 ശതമാനം വർദ്ധിച്ച്, ഇപ്പോൾ ആഗോള ജനസംഖ്യയുടെ 17.8% കത്തോലിക്കരാണെന്നു ഏജൻസിയുടെ കണക്കുകൾ ചൂണ്ടികാണിക്കുന്നു. കത്തോലിക്കാ സഭയിലെ വൈദികരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും, ഏജൻസി പ്രസിദ്ധീകരിച്ചു.
ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർദ്ധിച്ചത്. ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ, 1451 വൈദികരും, ഏഷ്യയിൽ 1145 വൈദികരും അഭിഷിക്തരായി. ഇപ്പോൾ ആഗോള കത്തോലിക്ക സഭയിൽ 406996 വൈദികരാണ് സേവനം ചെയ്യുന്നത്.വൈദിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്ത സമൂഹങ്ങളിലെയും, രൂപതകളിലെയും അർത്ഥികളുടെ എണ്ണത്തിൽ, ആഫ്രിക്കയിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
അത്മായരായ മതബോധന അധ്യാപകരുടെയും, മിഷ്ണറിമാരുടെയും എണ്ണത്തിൽ, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ഗണ്യമായ വർദ്ധനവ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഏഷ്യയിൽ മാത്രം അത്മായ മിഷ്ണറിമാർ 48444 പേരും, 372533 മതാദ്ധ്യാപകരും ക്രിസ്തു വിശ്വാസം പകരാന്‍ സേവനം ചെയ്യുന്നുണ്ട്.