1996 ജൂണ്‍ 14നാണ് തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചുകൊണ്ടുള്ള തിരുവെഴുത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ഒപ്പുവച്ചത്. 1996 ജൂണ്‍ 16ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഈ സുവാര്‍ത്ത ഏവരെയും അറിയിച്ചു.
1996 നവംബര്‍ ഒന്നിന് പാങ്ങോട് കാര്‍മല്‍ ആശ്രമാങ്കണത്തില്‍ പ്രൗഢഗംഭീരമായ മെത്രാഭിഷേക ചടങ്ങ് നടന്നു. നവംബര്‍ 5ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ജോസഫ് ടോംകോയുടെ സാന്നിധ്യത്തില്‍ ഇടയന് ഔദ്യോഗികമായി ചുമതലയേറ്റു.
രൂപതാമക്കളില് ബഹുഭൂരിപക്ഷവും തൊഴിലാളികള്‍ ആയതിനാല്‍ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനെ രൂപതയുടെ മധ്യസ്ഥനായി നിശ്ചയിച്ചു. ‘സേവിക്കുക രക്ഷിക്കുക’ എന്നത് ആപ്തവാക്യമായി നിശ്ചയിച്ച് സാര്‍ത്ഥകമായ 29 വര്‍ഷങ്ങള്‍ പിന്നിട്ട് രൂപത പ്രയാണം തുടരുകയാണ്.ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുക എന്നതാണ് നെയ്യാറ്റിന്‍കരയുടെ സ്ഥാപനലക്ഷ്യമായി പാപ്പായുടെ തിരുവെഴുത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
തെക്കന്‍ കേരളത്തിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് എന്നീ മൂന്നു താലൂക്ക് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ ആസ്ഥാനം നെയ്യാറ്റിന്‍കരയാണ്. ചരിത്രം ഉറങ്ങുന്ന മണ്ണ് എന്ന വിശേഷണമാണ് നെയ്യാറ്റിന്‍കരയ്ക്ക് എല്ലാവരും കല്പിച്ചുനല്കുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും ക്രൈസ്തവസഭാ ചരിത്രത്തിലും നെയ്യാറ്റിന്‍കരയ്ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്.
ഒരു രൂപതയുടെ ആസ്ഥാനമായി നെയ്യാറ്റിന്‍കരയെ തിരഞ്ഞെടുത്ത വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ തീരുമാനത്തിലൂടെ അത് മറ്റൊരു ചരിത്രത്തിനും നിദാനമായി.ക്രൈസ്തവ സഭാചരിത്രത്തിലും നെയ്യാറ്റിന്‍കരയ്ക്ക് സ്ഥാനം ഉണ്ട്.
എ.ഡി. 52-ല്‍ ഭാരതത്തില്‍ വന്നു എന്നു വിശ്വസിക്കുന്ന യേശുശിഷ്യന് വിശുദ്ധ തോമസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ അരപ്പള്ളി കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആണ്. ഇത് വിശുദ്ധ തോമസ് ശ്ലീഹയുടെ പാദസ്പര്‍ശം നെയ്യാറ്റിന്‍കര മണ്ണില്‍ പതിഞ്ഞു എന്ന അനുമാനത്തെ ശക്തിപ്പെടുത്തുന്നതാണ്.
ആദ്യകാല മിഷനുകളായ മധുര മിഷന്റെയും നേമം മിഷന്റെയും അജപാലന സ്പര്‍ശം ലഭിച്ച ഈ മണ്ണ് ഭാരതത്തിന്റെ അല്മായ വിശുദ്ധന് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ പാദസ്പര്‍ശനമേറ്റ മണ്ണുകൂടിയാണ്.
13-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കൊല്ലം രൂപതയുടെ മിഷന് പ്രദേശങ്ങളായിരുന്നു ഇന്നത്തെ നെയ്യാറ്റിന്‍കര രൂപത. കൊല്ലം രൂപത വിഭജിച്ച് 1937-ല്‍ തിരുവനന്തപുരം രൂപത രൂപീകരിച്ചപ്പോള്‍ ഈ പ്രദേശങ്ങള്‍ തിരുവനന്തപുരം രൂപതയുടെ മിഷന് പ്രദേശങ്ങളായി.
1956-ല്‍ കൊച്ചി രൂപതയുടെ ഭാഗമായിരുന്ന തിരുവനന്തപുരം കന്യാകുമാരി ജില്ലയിലെ പ്രദേശങ്ങള്‍ തിരുവനന്തപുരം രൂപതയോട് ചേര്‍ത്തപ്പോഴും ഈ പ്രദേശങ്ങള്‍ തിരുവനന്തപുരം രൂപതയുടെ മിഷന്പ്രദേശങ്ങളായിതന്നെ നിലനിന്നു. കാലക്രമേണ മിഷന് പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വിഭജനം അനിവാര്യമാണ് എന്ന ചിന്ത വളരുകയും 1987-ലെ അവിഭജിത തിരുവനന്തപുരം രൂപതയിലെ കോട്ടാര്‍ വൈദിക ഒത്തുവാസം വിഭജനത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രാന്തദര്‍ശിയായ സൂസപാക്യം പിതാവ് നെയ്യാറ്റിന്‍കര രൂപതയുടെ ഊടുംപാവും നെയ്തു. കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ദൈവദാസന് അലോഷ്യസ് മരിയ ബന്സിഗര് പിതാവിനെയും തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനായ വിന്‍സന്റ് ഡെരേര പിതാവിനെയും തിരുവനന്തപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര പിതാവിനെയും കോട്ടാര്‍ ഒത്തുവാസത്തിന് നേതൃത്വം നല്കിയ ജേക്കബ് അച്ചാരുപറമ്പില്‍ പിതാവിനെയും രൂപതാ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കിയ സൂസപാക്യം മെത്രാപ്പോലീത്തയെയും രൂപതയ്ക്ക് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.
കര്‍മലീത്താ മിഷനിലൂടെ രൂപതപ്രദേശങ്ങളില് സുവിശേഷവെളിച്ചം പകര്‍ന്ന മുതിയാവിള വല്യച്ചന് എന്നു കീര്ത്തികൊണ്ട ദൈവദാസന് അദെയോദാത്തൂസ് ഓഫ് സെന്റ് പീറ്റര്‍ അച്ചനെയും ഈ മണ്ണില്‍ പ്രവര്‍ത്തിച്ച എല്ലാ വിദേശമിഷണറിമാരെയും നന്ദിയോടെ രൂപതാമക്കള്‍ സ്മരിക്കുകയാണ്.
തദ്ദേശീയ വൈദികരായ മോണ്‍. മാനുവല്‍ അന്‍പുടയാന്‍ തുടങ്ങി നിരവധി വൈദികശ്രേഷ്ഠരുടെ കരുതലിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ നെയ്യാറ്റിന്‍കര രൂപത എന്ന കാര്യവും അവിസ്മരണീയമാണ്. സുവിശേഷവത്കരണം ത്വരിതപ്പെടുത്തുവാനുള്ള ദൗത്യനിര്‍വഹണ പാന്ഥാവില് രൂപത ആദ്യം ചിന്തിച്ചത് ഒരു വൈദിക പരിശീലനകേന്ദ്രത്തെക്കുറിച്ച് തന്നെയായിരുന്നു.
1997-ല്‍ പേയാട് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെമിനാരി ആരംഭിക്കാനായി. തുടര്‍ന്ന് 2007-ല്‍ പോങ്ങുമൂട് സെന്റ് വിന്‍സന്റ് സെമിനാരിയും ആരംഭിച്ചു. രൂപത ആരംഭിക്കുമ്പോള്‍ 49 തദ്ദേശീയ വൈദികരും 18 വൈദികവിദ്യാര്ത്ഥികളുമാണ് രൂപതയിലുണ്ടായിരുന്നത്. ഇന്നത് 98 വൈദികരും 69 വൈദികവിദ്യാര്‍ത്ഥികളുമായി ഉയര്‍ന്നിട്ടുണ്ട്.
രൂപതാംഗങ്ങളായ വൈദികരില്‍ 79 പേര് രൂപതയിലും 19 പേര് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മിഷനുകളിലും സേവനമനുഷ്ഠിക്കുന്നു.സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതില്‍ സന്ന്യസ്തര്‍ക്കുള്ള പങ്ക് ആദ്യമേതന്നെ തിരിച്ചറിയുവാന്‍ രൂപതയ്ക്ക് സാധിച്ചു.
അതുകൊണ്ടുതന്നെ സന്ന്യസ്ത സമൂഹങ്ങളെ ഹൃദയപൂര്‍വ്വം രൂപത സ്വാഗതം ചെയ്തു. രൂപത സ്ഥാപന സമയത്ത് 22 കോണ്‍വെന്റുകളും 174 സിസ്റ്റര്‍മാരും ആണ് ഉണ്ടായിരുന്നത്. ഇടവകകളില്‍ സേവനം ചെയ്യാന്‍ ഒന്‍പത് സന്ന്യസ്ത വൈദികര്‍ ഉണ്ടായിരുന്നുവെങ്കിലും സന്ന്യസ്ത വൈദിക ഭവനങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
ഇന്ന് രൂപതയില്‍ 67 കോണ്‍വെന്റുകളും 11 വൈദിക സന്ന്യസ്ത ഭവനങ്ങളും ഉണ്ട്. 325 സിസ്റ്റര്‍മാരും 63 സന്ന്യസ്ത വൈദികരും പ്രേഷിത തീക്ഷ്ണതയോടെ സേവനം അനുഷ്ഠിക്കുന്നു. സന്ന്യസ്ത ഭവനങ്ങളോടൊപ്പം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോയ്സ്-ഗേള്‍സ് ഹോമുകളും വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും രൂപതയില്‍ ആരംഭിച്ചിട്ടുണ്ട്.
രൂപത രൂപീകരണ സമയത്ത് അഞ്ചു ഫൊറോനകളിലായി 50 ഇടവകകളും 156 ഉപഇടവകകളുമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് മൂന്നു റീജിയനുകളും 11 ഫൊറോനകളുമായി മാറുകയും 89 ഇടവകകളും 161 ഉപഇടവകകളും ആയിരിക്കുന്നു. സുവിശേഷം കൂടുതല്‍ നന്നായി പ്രഘോഷിക്കുവാന്‍ ഇതു സഹായകമായിട്ടുണ്ട്.
മുന്‍പ് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്ന ധാരാളം ഇടവക സമൂഹങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. അവിടെയെല്ലാം ഇന്ന് എല്ലാ ആഴ്ചകളിലും ദിവ്യബലി അര്‍പ്പിക്കുവാന്‍ കഴിയുന്നുവെന്നതും എല്ലാ കൂദാശകളുടെ പരികര്‍മ്മങ്ങളും സമയബന്ധിതമായി നടക്കുന്നുവെന്നതും നൊവേന, കുരിശടി പ്രാര്‍ത്ഥന പോലുള്ള ഭക്താഭ്യാസങ്ങള്‍ സര്‍വ്വസാധാരണമായി എന്നതും വിശ്വാസപരിപോഷണ മേഖലയിലെ വളര്‍ച്ചയും വികാസവുമായി തന്നെ കാണണം.
രൂപത സ്ഥാപനത്തിനുശേഷം ധാരാളം ദേവാലയങ്ങള്‍ പുതുക്കിപണിയുകയും പുതുതായി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇവ കൂടാതെ ധാരാളം കുരിശടികളും ഗ്രോട്ടോകളും കൊടിമരങ്ങളും വൈദികഭവനങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ ആവശ്യമായ ധനം രൂപതാ കാര്യാലയത്തില്‍ നിന്നോ വിദേശ സഹായങ്ങള്‍ വഴിയോ ലഭിച്ചതല്ല, മറിച്ച് വിശ്വാസ സമൂഹം തന്നെ കണ്ടെത്തുകയായിരുന്നു.
രൂപതാമക്കളുടെ പരിശീലനം ഒരു പ്രധാന അജന്‍ഡയായി കണ്ട് 2003ല്‍ ലോഗോസ് പാസ്റ്ററല്‍ സെന്ററും 2006-ല്‍ നെടുമങ്ങാട് ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററും ആശീര്‍വദിച്ചു. രൂപതയിലെ വൈദികരുടെ വിശ്രമജീവിതം ലക്ഷ്യംവച്ച് 2001-ല്‍ ഒരു പ്രീസ്റ്റ് ഹോം ഉദ്ഘാടനം ചെയ്തു.
ഇത് പിന്നീട് ബിഷപ്സ് ഹൗസായും ഇപ്പോള്‍ ഓഫീസ് കോംപ്ലക്സായും പ്രവര്‍ത്തിക്കുന്നു. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ഒരു പ്രീസ്റ്റ്ഹോമും കാട്ടാക്കട കേന്ദ്രീകരിച്ച് ഒരു ആനിമേഷന്‍ സെന്ററും രൂപതയുടെ ജൂബിലി പദ്ധതികളില്‍ ഉള്‍പ്പെടുന്നു. 2016-ല്‍ മെത്രാസനമന്ദിരം ആശീര്‍വദിക്കാന്‍ കഴിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഹൈവേയുടെ സമീപം എല്ലാവര്ക്കും പ്രാപ്യമായ ഒരു മെത്രാസനമന്ദിരം ഏവരുടെയും ആഗ്രഹത്തിന്റെയും സ്വപ്നത്തിന്റെയും സാക്ഷാത്കാരമായിരുന്നു.
ആധ്യാത്മിക മണ്ഡലത്തില്‍ മറ്റൊരു കാര്യം തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ വളര്‍ച്ചയാണ്. പ്രാദേശിക തീര്‍ത്ഥാടനത്തെ പിതാവ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. വെള്ളറട കുരിശുമല രൂപത രൂപീകരണ സമയത്തുതന്നെ ധാരാളം തീര്‍ത്ഥാടകരാല്‍ സമ്പന്നമായിരുന്നു. ഇന്ന് അത് വളര്‍ന്നു വികസിച്ച് തെക്കന്‍ കേരളത്തിലെ ഒരു പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.
ബോണക്കാട് കുരിശുമലയെ 2015-ല്‍ രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. 2018-ല്‍ ഉണ്ടായ ദുഃഖകരമായ സംഭവങ്ങള്‍ ഏറെ വേദന നല്കുന്നവയായിരുന്നു. നിലവില്‍ മലയിലേക്കുള്ള പ്രവേശനത്തിന് ചില തടസങ്ങള്‍ ഉണ്ട് എങ്കിലും പ്രാര്‍ത്ഥനയോടെ വിശ്വാസസമൂഹം കാത്തിരിക്കുകയാണ്. ഒരു പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി വ്ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയവും വിശുദ്ധ അന്തോണിയൂസ് തീര്‍ത്ഥാടന കേന്ദ്രമായി കമുകിന്‍കോട് കൊച്ചുപള്ളിയും മാറിയിട്ടുണ്ട്.
തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയവും ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയവും തീര്‍ത്ഥാടക ശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളായി വളര്‍ന്നുവരുന്നുണ്ട്. വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ മദര്‍ തെരേസ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നിവരുടെ നാമധേയത്തിലുള്ള ലോകത്തിലെ തന്നെ പ്രഥമ ദേവാലയങ്ങള്‍ രൂപതയില്‍ സ്ഥിതിചെയ്യുന്നു. ഇതില്‍ മേലാരിയോടുള്ള വിശുദ്ധ മദര്‍ തെരേസ ദേവാലയവും ചാവല്ലൂര്പൊറ്റയിലുള്ള വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ ദേവാലയവും രൂപതാ സ്ഥാപനത്തിനുശേഷം സ്ഥാപിക്കപ്പെട്ടവയാണ്.
വിശുദ്ധ മദര്‍ തെരേസയുടെ സന്ദര്‍ശനം കൊണ്ട് അനുഗ്രഹിക്കപ്പെട്ട അരുവിക്കര സെന്റ് അഗസ്റ്റ്യന്‍ ദേവാലയവും രൂപതയിലുണ്ട്. നിരവധി വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വിവിധ ഇടവകകളിലായി പ്രതിഷ്ഠിക്കുകയും വണക്കത്തിനായി തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു രൂപതകളില്‍ നിന്നു നെയ്യാറ്റിന്‍കര രൂപതയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ സജീവമായ പങ്കാളിത്ത സഭാസംവിധാനങ്ങളും അല്മായ നേതൃത്വവുമാണ്. രൂപത സ്ഥാപനത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം പൂര്‍ണ്ണമായും ആവാഹിച്ചുകൊണ്ട് ദൈവജനത്തെ പ്രതി ഉത്സുകനാകുന്ന ഇടയനെയാണ് എല്ലാവരും കണ്ടത്. രൂപതയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ദിശാബോധവും നിശ്ചയിക്കപ്പെടുന്ന പ്രക്രിയയില്‍ അല്മായരുടെ പൂര്‍ണ്ണപങ്കാളിത്തം ഉണ്ടാകണമെന്ന പിതാവിന്റെ ആഗ്രഹത്തോട് വൈദിക സമൂഹം പൂര്‍ണ്ണമായും യോജിച്ചു.
അങ്ങനെ 1997-ല്‍ കൊട്ടിയം ക്രിസ്തുജ്യോതി സെന്ററിലും 2007ല്‍ ശ്രീകാര്യം മരിയറാണി സെന്ററിലും നടന്ന ഒത്തുവാസങ്ങള് രൂപതയുടെ ചരിത്രത്തില്‍ സുവര്ണ്ണലിപികളില് ആലേഖനം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ രണ്ട് ഒത്തുവാസങ്ങളും വൈദിക-സന്ന്യസ്ത-അല്മായ ഒത്തുവാസങ്ങളായിരുന്നു. സഭയുടെ അവിഭാജ്യ ഘടകങ്ങളായ അല്മായരും വൈദികരും സന്ന്യസ്തരും ഒരേസ്ഥലത്തു വസിക്കുകയും സമ്മേളിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു എന്നതും രൂപതയെക്കുറിച്ച് നല്ല സ്വപ്നങ്ങളും വിലയിരുത്തലുകളും ഉണ്ടായി എന്നതും എടുത്തുപറയേണ്ട സംഗതികളാണ്.
ഈ ഒത്തുവാസ തീരുമാനങ്ങളില്‍ സുപ്രധാനമായിരുന്നു അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ശക്തിപ്പെടുത്തലും അതിലൂടെ രൂപീകൃതമാകുന്ന പങ്കാളിത്ത സഭാസംവിധാനങ്ങളും. രൂപത രൂപീകരണ സമയത്ത് രൂപതയില്‍ 1,151 ബിസിസികളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 1,578 ആയി ഉയര്‍ന്നിട്ടുണ്ട്. ഉപഇടവകകള് ഉള്‍പ്പെടെ എല്ലാ ഇടവകകളിലും ഇടവക അജപാലന സമിതികള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രധാന ഇടവകകളിലും സാധ്യമായ ഉപഇടവകകളിലും ധനകാര്യസമിതികള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ അജപാലനം, വിദ്യാഭ്യാസം, സാമൂഹ്യം, കുടുംബപ്രേഷിതത്വം, അല്മായ, യുവജനം തുടങ്ങിയ ശുശ്രൂഷകളുമായി ബന്ധപ്പെട്ടുള്ള സമിതികളും ഇടവകകളില്‍ പ്രവര്‍ത്തിക്കുന്നു.
ഫൊറോന, റീജിയന്, രൂപത അജപാലന സമിതികളും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. രൂപത ധനകാര്യസമിതി അല്മായ പ്രാതിനിധ്യത്തോടെ സംഘടിപ്പിക്കുവാനും രൂപത അജപാലന സമിതിയുടെ സെക്രട്ടറി ഒരു അല്മായനായിരിക്കണമെന്നു നിശ്ചയിക്കുവാനും രൂപതയ്ക്കു കഴിഞ്ഞിരിക്കുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കി രൂപതയെ സഹായിക്കുന്ന അല്മായ സഹോദരങ്ങളാല്‍ ധന്യമാണ് നെയ്യാറ്റിന്‍കര രൂപത.
അല്മായ പ്രസ്ഥാനങ്ങള്‍ ഇവിടെ വളരെ സജീവമാണ്. 1996-ല്‍ തന്നെ ഡി.സി.എം.എസ്. പ്രവര്‍ത്തിച്ചു തുടങ്ങി. 2008-ല്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും 2015-ല്‍ കേരള ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷനും രൂപതയില്‍ സജീവമായി. ഈ സംഘടനകള്‍ വഴി ധാരാളം അല്മായ സഹോദരങ്ങള്‍ സഭാ-സമുദായ പ്രവര്‍ത്തനങ്ങളുടെ മുന്നണിപോരാളികളായി മാറിയിട്ടുണ്ട്. സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോളിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ 1997 മുതല്‍ കര്‍മ്മനിരതമാണ്.
ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം 2003-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് സജീവ നേതൃത്വം നല്കി വിന്‍സന്റ് ഡി പോള്‍ സംഘവും മാതാവിനോടുള്ള ഭക്തി പ്രോജ്വലിപ്പിച്ച് ലീജിയന് ഓഫ് മേരിയും രൂപതയോടൊപ്പം ചരിക്കുന്നുണ്ട്. ഒരു ഇടയനും അജഗണവും എന്നാണ് വിമര്‍ശകര്‍ പോലും രൂപതയ്ക്കു നല്‍കിയിരുന്ന വിശേഷണം. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ആഘോഷങ്ങളിലുമെല്ലാം ഒന്നിച്ചുവരുന്ന വൈദിക-സന്ന്യസ്ത-അല്മായ കൂട്ടായ്മ ഏവര്‍ക്കും, അസൂയക്കു വകനല്‍കുന്നതുതന്നെയാണ്.
2001-ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസും 2008-ലെയും 2019-ലെയും ലത്തീന്‍ കത്തോലിക്ക സംഗമങ്ങളുമെല്ലാംതന്നെ ഈ കൂട്ടായ്മ പ്രകടമാക്കിയ നല്ല മുഹൂര്‍ത്തങ്ങളായിരുന്നു. ബിഷപ്സ് ഹൗസ് ആക്രമണം, ബോണക്കാട് കുരിശുമല പ്രശ്നം തുടങ്ങിയ വേദനാജനകമായ പ്രശ്നങ്ങളിലും ഈ കൂട്ടായ്മ പ്രകടമായിരുന്നു.
2000-ലെ മഹാജൂബിലിയും അഭിവന്ദ്യ പിതാവിന്റെ പൗരോഹിത്യ രജതജൂബിലിയും പിതാവിന്റെ ഷഷ്ടിപൂര്ത്തിയുമെല്ലാം ഈ കൂട്ടായ്മ ദൃശ്യമായ ആഘോഷങ്ങളായിരുന്നു. രൂപതയുടെ മതബോധന രംഗത്തെക്കുറിച്ച് അഭിമാനം കൊള്ളാതിരിക്കാന്‍ ആകില്ല. എല്ലാ ദേവാലയങ്ങളിലും കൃത്യമായ മതബോധന ക്ലാസ്സുകള്‍ നടക്കുന്നുവെന്നതും ആയിരക്കണക്കിന് അല്മായ സഹോദരങ്ങള്‍ മതബോധന ശുശ്രൂഷയില്‍ താല്പര്യപൂര്വ്വം പങ്കുചേരുന്നു എന്നതും ആനന്ദകരമായ കാര്യമാണ്. രൂപത ആരംഭം മുതല്‍ തന്നെ ശക്തമായ ഒരു മതബോധന സംവിധാനം ഉണ്ടായിരുന്നു. ഇതു കൂടുതല്‍ ശക്തിപ്പെടുത്താനും ബൈബിള്‍ കലോത്സവം, ലോഗോസ് – ബൈബിള്‍ ക്വിസുകള്‍ തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കാനും കഴിഞ്ഞു.
1998 മുതല്‍ സുസംഘടിതമായ രീതിയില്‍ അവധിക്കാല ബൈബിള്‍ ക്ലാസുകളായ വി.ബി.എസിന് തുടക്കം കുറിക്കാനായി. അന്നുമുതല്‍ ഇന്നുവരെ യാതൊരു തടസവുമില്ലാതെ എല്ലാ ഇടവകകളിലും വി.ബി.എസ് നടക്കുന്നുവെന്നതും ഇതിനാവശ്യമായ പാഠങ്ങളും പഠനോപാധികളും പാട്ടുകളും എല്ലാം തന്നെ രൂപതയിലെ അല്മായ-സന്ന്യസ്ത-വൈദികര്‍ തയ്യാറാക്കുന്നുവെന്നതും അഭിമാനകരമായ സംഗതികളാണ്.നെയ്യാറ്റിന്‍കര രൂപതയെക്കുറിച്ചുള്ള മറ്റൊരു വിശേഷണം ഇത് ഉപദേശിമാര്‍ വളര്‍ത്തിയ രൂപത എന്നതാണ്. ഏവര്‍ക്കും അറിയാവുന്നതുപോലെ നെയ്യാറ്റിന്‍കര രൂപതാ പ്രദേശങ്ങള്‍ ആദ്യകാലത്ത് കൊല്ലം രൂപതയുടെയും പില്ക്കാലത്ത് തിരുവനന്തപുരം രൂപതയുടെയും മിഷന് പ്രദേശങ്ങള്‍ ആയിരുന്നു.
വൈദികരുടെ സേവനം നന്നേ കുറവായിരുന്ന ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന വൈദികരോടൊപ്പം സുവിശേഷവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന ഉപദേശിമാരുടെ സേവനം ഇനിയും രേഖപ്പെടുത്താത്ത ചരിത്രമാണ്. അന്നു തുടങ്ങി ഇന്നുവരെയും വൈദികരുടെ ഉറ്റമിത്രങ്ങളായി സേവനം ചെയ്യുന്ന നിരവധി ഉപദേശിമാര്‍ രൂപതയിലുണ്ട്.
കരിസ്മാറ്റിക് ശുശ്രൂഷയുടെ നല്ല ഫലങ്ങളും രൂപതയ്ക്ക് അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. 2004-ലാണ് നെയ്യാറ്റിന്‍കര സോണ്‍ നിലവില്‍വന്നത്. 1998-ല്‍ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ രൂപതയില്‍ ആരംഭിച്ചു. ഇന്ന് ധാരാളം ഇടവകകളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
രൂപതാതലത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിക്കണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി 2007-ല്‍ നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷനും 2008-ല്‍ നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷനും ആരംഭിച്ചു. രണ്ടു കണ്‍വെന്‍ഷനുകളെയും പൊതുസമൂഹം വലിയ അനുഗ്രഹമായാണ് സ്വീകരിച്ചത്. അകത്തോലിക്കരും അക്രൈസ്തവരുമായ നിരവധി സഹോദരങ്ങള്‍ക്ക് യേശുവിനെ വെളിപ്പെടുത്താനും ദൈവകൃപ അനുഭവിക്കാനും ഈ കണ്‍വെന്‍ഷനുകള്‍ സഹായകമായിട്ടുണ്ട്. കണ്‍വെന്‍ഷനുകളുടെ സുഗമമായ നടത്തിപ്പുകൂടി ലക്ഷ്യം വച്ച് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ജൂബിലി സ്മാരകമായി ഒരു കണ്വെന്ഷന് സെന്ററും ആരംഭിക്കുന്നുണ്ട്.
ഉത്തരവാദിത്വമുള്ള സഭാത്മക യുവത്വത്തെ പരിശീലിപ്പിക്കാനായി ആരംഭിച്ച ഡയോസിഷന്‍ യൂത്ത് ലീഡര്ഷിപ് ട്രെയിനിംഗ് (ഡിവൈഎല്റ്റി) ഏറെ ഫലദായകമായ സംരംഭമായിരുന്നു. 1997-ലാണ് കെ.സി.വൈ.എമ്മിന്റെ പ്രഥമ സമിതി നിലവില്‍ വന്നത്. അന്നു തുടങ്ങി ഇന്നുവരെയും രൂപതയോടു വിധേയത്വം പുലര്‍ത്തി സജീവരാകുന്ന യുവത ഏവര്‍ക്കും അഭിമാനകരമാണ്. ഗ്ലോറിയ 2000 എന്ന പേരില്‍ നടത്തിയ രൂപത യുവജനസംഗമം തുടങ്ങി നിരവധി യുവജനസംഗമങ്ങള്‍, സംസ്ഥാന ദേശീയ അന്തര്‍ദേശീയ പരിപാടികളിലെ പങ്കാളിത്തം, ആതിഥേയത്വം അങ്ങനെ വര്‍ണ്ണനാതീതമായ പ്രവര്‍ത്തനങ്ങളാണ് യുവജനശുശ്രൂഷയിലൂടെ സാക്ഷാത്കരിച്ചത്.
സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ നേതൃത്വത്തിലേക്കു വരെ രൂപതയിലെ യുവജന നേതാക്കള്‍ എത്തി എന്നതും ശ്രദ്ധേയമാണ്.കുടുംബങ്ങളുടെ ശക്തിപ്പെടുത്തല്‍ രൂപതയുടെ ഒരു പ്രധാന പ്രേഷിതരംഗമായിരുന്നു. 2004-ല്‍ വിവാഹ ഒരുക്ക ക്ലാസ്സുകള്‍ ആരംഭിച്ചു. 2015-ല്‍ യുവതീയുവാക്കളുടെ വിവാഹത്തിന് അകന്ന ഒരുക്കം എന്ന നിലയില്‍ ടീനേജ് പരിശീലന പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
കെആര്‍എല്‍സിസി നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക രൂപതകളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗ സാന്നിധ്യമുള്ള രൂപത നെയ്യാറ്റിന്‍കര രൂപതയാണ് എന്നു കണ്ടെത്തുകയുണ്ടായി. 1998 മുതല്‍ തന്നെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍ രൂപത ആരംഭിച്ചിട്ടുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് പദ്ധതിയായ ബിഷപ് പെരേര ജൂബിലി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം 1997-ല്‍ തന്നെ ആരംഭിച്ചു. 1998 മുതല്‍ എസ്എസ്എല്‍സി ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹനം നല്കി തുടങ്ങി. 1997 മുതല്‍ തന്നെ വിദ്യാഭ്യാസ-സാമൂഹ്യ ശുശ്രൂഷകളുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ്, പിഎസ് സി കോച്ചിംഗ്, സപ്ലിമെന്ററി എഡ്യൂക്കേഷന്‍ എന്നീ പരിപാടികള്‍ ആരംഭിച്ചിരുന്നു.
2003-ല്‍ പ്രതിഭാപോഷണം എന്ന ശ്രദ്ധേയമായ പദ്ധതിയും ട്രെയിനിംഗ് പാര് എക്സലന്‍സും ആരംഭിച്ചു. ഇവയെല്ലാം തന്നെയാകണം രൂപതയുടെ മനുഷ്യവിഭവശേഷിയെ ശക്തിപ്പെടുത്തിയത്. ഇന്നും നിരവധിയായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കെആര്‍എല്‍സിസി നിര്‍ദ്ദേശിച്ച ബിസിസി അധിഷ്ഠിത ബദല്‍ വിദ്യാഭ്യാസ പദ്ധതി ഏറെ ശക്തമായി നടപ്പിലാക്കിയ രൂപതകളിലൊന്നാണ് നെയ്യാറ്റിന്‍കര. 2017-ല്‍ ആരംഭിച്ച NET (Neyyattinkara Educational Trust) എന്ന പദ്ധതി ഏറെ പ്രതീക്ഷയ്ക്കു വകനല്കുന്നു.
നോളജ്ക്ലബ്, സ്കില്ടൈം തുടങ്ങിയ പദ്ധതികളും ഏറെ ശ്രദ്ധേയമാണ്.രൂപത ആരംഭിക്കുമ്പോള്‍ 38 പ്രൈമറി സ്കൂളുകളും നാല് ഹൈസ്കൂളുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ രണ്ട് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളും രണ്ട് അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളും കൂടി സ്വന്തമായിട്ടുണ്ട്. ഇതു കൂടാതെ നെടുമങ്ങാട് മേഖലയുടെ വികസനം ലാക്കാക്കി ആരംഭിച്ച ക്രിസ്തുജ്യോതി ഹയര്‍ സെക്കന്‍ഡറി സ്കൂളും നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു. സന്ന്യസ്ത സഹോദരങ്ങള്‍ നടത്തുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളുടെ ഭൗതികസാഹചര്യവികസനം വലിയ കടമ്പകള്‍ ആയിരുന്നു.
പരിമിതമായ സാഹചര്യത്തിലും അവയെല്ലാം ഒരു പരിധിവരെ നന്നായി ക്രമീകരിക്കാന്‍ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. പുതുതായി ആരംഭിച്ച ഹയര്‍ സെക്കന്ഡറികള്ക്കുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി പുതിയ മന്ദിരങ്ങള്‍ ഇതിനകം പണികഴിപ്പിച്ചിട്ടുണ്ട്. കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്, കെസിഎസ്എല്‍ എന്നീ പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു.ഉന്നത വിദ്യാഭ്യാസ രംഗത്ത് രൂപത സ്ഥാപന സമയത്ത് ഉണ്ടായിരുന്നത് മൂന്നു ഡിഗ്രി ബാച്ചുകള്‍ മാത്രമുള്ള വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് ആയിരുന്നു. ഇന്ന് അതു വളര്‍ന്നു വികസിച്ച് വലിയൊരു വിദ്യാനികേതനുമായിരിക്കുന്നു. നിലവില്‍ 13 ഡിഗ്രി ബാച്ചുകളും അഞ്ചു പി.ജി. കോഴ്സുകളും ഉണ്ട്. ഇതു കൂടാതെ 2005-ല്‍ ഇമ്മാനുവേല്‍ കോളജ് ഓഫ് ബി.എഡ്. ഈ കാമ്പസില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുമുണ്ട്.
നെയ്യാറ്റിന്‍കര രൂപത പ്രദേശത്ത് ലത്തീന്‍ കത്തോലിക്കര്‍ കേവലം 10 ശതമാനം മാത്രമാണ്. നല്ലൊരു ശതമാനം അകത്തോലിക്കരും അക്രൈസ്തവരും ഇവിടെ ഉണ്ട്. ഇവരുടെ ഇടയില്‍ ക്രൈസ്തവസാക്ഷ്യം പകരുക എന്ന വലിയ വെല്ലുവിളി രൂപതയ്ക്കും ഇടയനും ഉണ്ട്. രൂപതയുടെ സാമൂഹ്യസേവന ശുശ്രൂഷ വിഭാഗമായ നിഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ഈ പന്ഥാവില്‍ മുന്നേറാന്‍ സഹായകമായിട്ടുണ്ട്.
മെത്രാനായി ചുമതലയേറ്റശേഷമുള്ള ഡോ. വിന്‍സെന്റ് സാമുവലിന്റെ ആദ്യ പൊതുപരിപാടി തന്നെ മദ്യവിരുദ്ധ സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു. പന്നിമല വിമോചന സമരത്തിലെ രക്തസാക്ഷിയായ രാജേന്ദ്രനെ അനുസ്മരിച്ച് വെള്ളറട നടന്ന സമ്മേളനം പിതാവാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് രൂപത നേതൃത്വം കൊടുത്ത മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹ്യ ഇടപെടലുകളും പൊതുസമൂഹത്തില്‍ നല്ല അടയാളപ്പെടുത്തലുകളുമായി മാറിയിട്ടുണ്ട്.
1,253 എസ്എച്ച്ജികളിലൂടെ നിഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ജാതിമതഭേദമെന്യേ എല്ലാവരുടെയും സഹായത്തിന് ക്രിസ്തുവിന്റെ കരങ്ങള്‍ എത്തിക്കുവാന്‍ രൂപതയ്ക്കു കഴിയുന്നുണ്ട്.
ആകാശവാണി ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതും ഹൗസിംഗ് ബോര്‍ഡ്, പിന്നോക്ക വിഭാഗ കമ്മിഷന്, വികലാംഗ ബോര്‍ഡ് തുടങ്ങി ഒട്ടനവധി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകാരികളാകാന്‍ കഴിഞ്ഞതും അഭിമാനകരമായ കാര്യങ്ങളാണ്. ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച പുല്‍ക്കൂട് ഭവന പദ്ധതി, ഉണ്ണാതെ ഉറങ്ങാത്ത ഗ്രാമം, സമരിറ്റന്‍ ടാസ്ക്ക് ഫോഴ്സ് എന്നിവയെല്ലാം പ്രചോദനാത്മകമായ പദ്ധതികള്‍ തന്നെയാണ്. ———————