പുസ്തകം / ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്
താജ്മഹലും ചൈനയിലെ വന്മതിലും പോലുള്ള ലോകാദ്ഭുതങ്ങള്‍ നമുക്കു സുപരിചിതങ്ങളാണ്. പക്ഷേ അവയെക്കാളൊക്കെ ലോകത്തെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു അദ്ഭുതമുണ്ട്. പേപ്പസി എന്ന സ്ഥാപനവും (Institution) അതിന്റെ ചരിത്രവുമാണ് ആ മഹാദ്ഭുതം.
സഭയില്‍ ദൈവപരിപാലനയുടെ നടത്തിപ്പുണ്ടെന്ന വിശ്വാസത്തിന് അടിവരയിടുന്നു ഓരോ കോണ്‍ക്ലേവും. ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭാനൗകയുടെ 267-ാമത് അമരക്കാരനെ തിരഞ്ഞെടുത്തുകൊണ്ട് ഇക്കഴിഞ്ഞ (2025) മെയ് എട്ടിനു സിസ്റ്റൈന്‍ ചാപ്പലില്‍ സമാപിച്ച കോണ്‍ക്ലേവ് സംശയ പരിഛേദിയായി പ്രോജ്ജ്വലിപ്പിച്ച സത്യവും മറ്റൊന്നല്ല! ”വത്തിക്കാനിസ്റ്റി”കളുടെ കണക്കുകൂട്ടലുകളും ലോകമാധ്യമങ്ങളുടെ പ്രവചനങ്ങളും ഇവ്വിധം അമ്പേ തെറ്റിച്ച ഒരു കോണ്‍ക്ലേവ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ, ജറമിയ പ്രവാചകനിലൂടെ ഉദ്ഘോഷിക്കപ്പെട്ട (ജറമിയ 3:15) ദൈവവചനത്തെയാണ് ഈ കോണ്‍ക്ലേവ് അനുസ്മരിപ്പിക്കുന്നതെന്ന സത്യം അവിതര്ക്കിതവുമത്രേ. ”എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കുതരും. അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടി നിങ്ങളെ പാലിക്കും.”
അവിച്ഛിന്നവും അവിരാമവുമായ ഒരു ദിവ്യാനുസ്യൂതിയാണു പേപ്പസി. രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കം. ലോകചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥിതിയില്ല. ജപ്പാനിലെ ചക്രവര്ത്തികുടുംബത്തിനു പേപ്പസിയേക്കാള് പ്രായമുണ്ടെന്നതു മറക്കുന്നില്ല. പക്ഷേ ആ ചക്രവര്‍ത്തികുടുംബം ജാപ്പനീസ് ജനതയിലേക്കു മാത്രമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാലത്ത് ആ പദവിക്ക് ഫലത്തില്‍ ആലങ്കാരികപ്രസക്തിയേ ഉള്ളൂ എന്നതും വിസ്മരിച്ചുകൂടാ. അതല്ലല്ലോ പേപ്പസിയുടെ കഥ. അതുകൊണ്ടുതന്നെ, പരിശുദ്ധ പിതാക്കന്മാരുടെ ജീവചരിത്രം രചിക്കുന്നവര്‍ ചരിത്രം രേഖപ്പെടുത്തുന്നവരായി മാത്രമല്ല; ചരിത്രത്തിന്റെ ഭാഗമായും ഭവിക്കും.

വലിയ മുക്കുവന്റെ 266-ാമതു പിന്‍ഗാമിയായ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്റെ ജീവചരിത്രം രചിക്കുകവഴി ആ ബഹുമതിയിലേക്കാണ് ശ്രീ. രതീഷ് ഭജനമഠം ഉയര്‍ന്നിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടാന്‍ അനല്‍പ്പമായ സന്തോഷമുണ്ടെനിക്ക്. രതീഷ് എന്നെ ”ഗുരുസ്ഥാനത്തു കാണുന്നു” എന്നതാണ് സവിശേഷമായ ആ സന്തോഷത്തിന്റെ പ്രഥമ നിദാനം. രതീഷുമായി എനിക്കു കുറഞ്ഞതു രണ്ടു പതിറ്റാണ്ടിന്റെയെങ്കിലും പരിചയമുണ്ട്. ചരിത്രപരമായ കാര്യങ്ങളില്‍ സംശയനിവൃത്തി വരുത്താനും കൗതുകത്തോടെ ഓരോന്നു ചോദിച്ചറിയാനും ആലപ്പുഴയിലെ വീട്ടില്‍നിന്നും തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്നും പലതവണ അദ്ദേഹം എറണാകുളത്ത് എന്റെ ഭവനത്തില്‍ വന്നിട്ടുണ്ട്. ഇടയ്ക്കിടയ്ക്കു ഫോണില്‍ ബന്ധപ്പെടാറുമുണ്ട്.
അതുകൊണ്ടൊക്കെത്തന്നെ ഒരു എഴുത്തുകാരന് എന്നനിലയില്‍ അദ്ദേഹം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ താണ്ടുന്നത് വലിയ അഭിമാനത്തോടെയും ആനന്ദത്തോടെയുമാണ് ഞാന്‍ നോക്കിക്കണ്ടുപോരുന്നത്. പുതിയ പരിശുദ്ധ പിതാവിനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി മൂന്നു ഗ്രന്ഥങ്ങള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഫാ. സജിത്ത് സിറിയക്, ടി. ദേവപ്രസാദ്, വിനായക് നിര്‍മ്മല്‍ എിവരാണ് അവയുടെ രചയിതാക്കള്‍. ഈ പരമ്പരയിലെ നാലാമനാണു രതീഷ്. ഇംഗ്ലീഷിലാണ് സൊസൈറ്റി ഓഫ് സെന്റ്പോള്‍ സഭാംഗമായ സജിത്ത് അച്ചന്റെ രചന. ഈ നാലുപേരും എന്റെ അടുപ്പക്കാരാണെന്നത് കൗതുകകരമായ മറ്റൊരു വസ്തുത.
അപ്പസ്തോലപ്രമുഖനായ വിശുദ്ധ പത്രോസിന്റെ പരമാചാര്യപീഠത്തിലേക്ക് കര്‍ദിനാള്‍ റോബര്‍ട്ട’് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമന്‍ എന്ന് അദ്ദേഹം പേരു സ്വീകരിക്കുകയും ചെയ്തിട്ട് 2025 ആഗസ്റ്റ് 16-നു നൂറുദിനങ്ങള്‍ തികഞ്ഞു. ക്രൈസ്തവര്‍ കേവലം രണ്ടുശതമാനം മാത്രമുള്ള ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നാലു ജീവചരിത്രങ്ങള്‍ ഇതിനകം ഇറങ്ങി എന്നത് എടുത്തുപറയേണ്ട കാര്യംതന്നെ. പേപ്പസിയുടെ പ്രസക്തിയും പ്രാധാന്യവും ദൗത്യവും അടയാളപ്പെടുത്തുന്ന ഒരു സൂചകഘടകം തെന്നയാണ് അതെന്നു നിരീക്ഷിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായിട്ടില്ല.
സുഹൃത്തും ശിഷ്യനുമായ രതീഷിന്റെ ഗ്രന്ഥത്തെ അനുവാചകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുതിനുമുമ്പ് അതിന്റെ ചില സവിശേഷതകള്‍ ചൂണ്ടിക്കാട്ടുന്നത് അസ്ഥാനത്താവില്ല എന്നു കരുതുന്നു. 12 അധ്യായങ്ങള്‍ ഉണ്ടെങ്കിലും ബൃഹത്തായ ഒരു രചനയല്ല എന്നതാണ് ആദ്യം ശ്രദ്ധയില്‍ പെടുന്ന കാര്യം. അതേസമയം സമഗ്രതയ്ക്കു കോട്ടം തട്ടിയിട്ടുമില്ല ഒട്ടും.
അനുപേക്ഷണീയമായ ഒരു കൈപ്പുസ്തകത്തിന്റെ സ്വഭാവമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ആയത് നല്ല ലളിതമായ ശൈലിയിലാണു രചന. സാധാരണക്കാരായ വായനക്കാര്‍ക്കിടയില്‍ സ്വീകാര്യത വളര്‍ത്താന്‍ ഈ സവിശേഷതകള്‍ ഉപകരിക്കുമെന്നുറപ്പ്. അതുതന്നെയാവാം ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യവും! വചനാധിഷ്ഠിതമായി ചരിത്രം പറയുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. അക്കാദമികമായ വ്യാഖ്യാന, വിശകലന വ്യഗ്രതയുടെ അഭ്യാസപ്രകടനങ്ങളില്ല എന്നതും ശ്രദ്ധേയം.
പേപ്പല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വാര്‍ത്തകളും വിശകലനങ്ങളും (ഈ ലേഖകന്റേത് ഉള്‍പ്പെടെ) ഗ്രന്ഥകര്‍ത്താവു പരിശോധിച്ചിട്ടുണ്ടെന്ന് ഉള്ളടക്കം വിളംബരം ചെയ്യുന്നുണ്ട്. അങ്ങനെ പലകാര്യങ്ങളും ഉള്‍ച്ചേര്‍ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ. എന്നിട്ടും ”പെറുവിലെ മിഷണറിജീവിതം” പോലുള്ള ചില അധ്യായങ്ങള്‍ ശുഷ്ക്കമായിപ്പോയി എന്ന പരിഭവം ഉയര്േന്നക്കാം. അഗസ്റ്റീനിയന്‍ സഭയുടെ ഇന്ത്യാബന്ധം പരിശോധിക്കുന്ന അധ്യായത്തില്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചാലകശക്തിയായ ഉദയംപേരൂര്‍ സൂനഹദോസിനു വേണ്ടത്ര പൊലിമയും പരിഗണനയും ലഭിച്ചില്ല എന്ന പരാതിക്കും പഴുതുണ്ട്. അതൊന്നും പക്ഷേ ഈ ഗ്രന്ഥത്തിന്റെ ശോഭ കെടുത്തുന്നില്ല എന്നു നിരീക്ഷിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവിനും കൃതിക്കും എന്റെ മംഗളാശംസകള്‍. വിപുലവും പൂര്‍ണവുമായ ഒരു പതിപ്പ് അനതിവിദൂരഭാവിയില്‍ ഇറക്കാന്‍ രതീഷ് ഭജനമഠത്തിനും പ്രസാധകരായ ആത്മ ബുക്സിനും അവസരം ലഭിക്കട്ടെ എന്ന പ്രാര്‍ഥനയോടെ വായനക്കാര്‍ക്കു മുന്നില്‍ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. പാപ്പായുടെ നിര്‍ദ്ദിഷ്ട ഇന്ത്യാസന്ദര്‍ശനം ഉള്‍പ്പെടെ എത്രയോ സാധ്യതകളാണ് അതിനുള്ളത്!