കൊച്ചി: മതപരമായ ചിഹ്നം യൂണിഫോമിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട്, ഒരു കൂട്ടം വർഗീയവാദികളുടെ നേതൃത്വത്തിൽ ഒരുപറ്റം ആളുകൾ സ്കൂൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മാനിച്ചുകൊണ്ട് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ഭരണഘടനാപരമായ അവകാശം നിലവിലുണ്ട്.
യൂണിഫോം സംബന്ധിച്ച കാര്യങ്ങളിൽ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായ നിലപാടെടുക്കാൻ കഴിയുമെന്ന് ഹൈക്കോടതി വിധികൾ നിലനിൽക്കെ, അതിനെ ചോദ്യം ചെയ്തുകൊണ്ട് പുറത്തുനിന്നുള്ള രാഷ്ട്രീയ അജണ്ടകൾ സ്കൂൾ അങ്കണത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഒരു സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും പാലിക്കുന്ന അച്ചടക്കവും യൂണിഫോം നിയമങ്ങളും ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രം ലംഘിക്കാൻ ശ്രമിക്കുന്നത് മറ്റ് കുട്ടികളുടെ പഠനാന്തരീക്ഷത്തെക്കൂടി ദോഷകരമായി ബാധിക്കും.
സ്കൂളിനകത്ത് അതിക്രമം നടത്താൻ ശ്രമിച്ചവർക്കെതിരെയും അതിന് നേതൃത്വം നൽകിയവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറാകണം.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാവകയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ പ്രതിജ്ഞാബദ്ധരായിരിക്കുകയും വേണം.
സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കെ.സി.വൈ.എം. ലാറ്റിൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
കെ.സി.വൈ.എം. ലാറ്റിൻ
സംസ്ഥാന സമിതി

