ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തും. ശബരിമല, ശിവഗിരി സന്ദർശനവും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെൻ്റ തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
ഈ മാസം 21-ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനിൽ വിശ്രമിക്കും. 22-ന് രാവിലെ ഒൻപത് മണിയോടെ പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തുന്ന വിധത്തിലാണ് ഷെഡ്യൂൾ തയാറാക്കിയിരിക്കുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ദേവസ്വം ബോർഡിന്റെ ഗൂർഖ ജീപ്പിലായിരിക്കും യാത്ര.
പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്റ്ററിൽ നിലയ്ക്കലിലെത്തും. അവിടെനിന്ന് കാർ മാർഗം പമ്പയിലെത്തിയ ശേഷം മരാമത്ത് കോംപ്ലക്സിൽ അല്പസമയം വിശ്രമം. തുടർന്ന് പമ്പാ സ്നാനം നടത്തുന്നതിനുള്ള ആലോചനയും ഷെഡ്യൂളിലുണ്ട്. രാഷ്ട്രപതി മലകയറുന്നതിന് മുൻപ് പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കും. തുടർന്ന് രാവിലെ 11.15-ഓടെ സന്നിധാനത്തേക്ക്. ദേവസ്വം ബോർഡിന്റെ ഗൂർഖ ജീപ്പിലായിരിക്കും യാത്ര. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുന്നത്.