കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന മെസിയുൾപ്പെടുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരത്തിന് സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
സുരക്ഷയ്ക്കായുള്ള ആക്ഷൻ പ്ലാൻ തയ്യാറായി വരികയാണന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു . നവംബർ പതിനേഴിന് നടക്കുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
സ്റ്റേഡിയത്തിൽ കമ്മീഷണർ പരിശോധന നടത്തി.ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരോ വകുപ്പുകളും ചെയ്യേണ്ട ജോലികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്പതിനായിരം കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി ഉൾപ്പടെ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ആളുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമെടുക്കുക.