ദില്ലി: യുഎൻ സമാധാനസേനയുടെ ഭാഗമായുള്ള മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിയുടെ കോൺക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം പതിനാല് മുതൽ രണ്ട് ദിവസമാണ് പരിപാടി നടക്കുക.
ഇന്ത്യൻ കരസേനയുടെ ആഗോളസഹകരണം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി ഇന്ത്യയിൽ നടക്കുന്നതെന്ന് കരസേന ഡെപ്യൂട്ടി ചീഫ് ലഫ് ജനറൽ രാകേഷ് കപൂർ പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രധാനപ്പെട്ട ഉച്ചകോടിയ്ക്കാണ് ഈ മാസം രാജ്യം വേദിയാകുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ പ്രധാനപങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ.
കഴിഞ്ഞ 75 വർഷത്തിനിടെ അൻപത് മിഷനുകളിലായി മൂന്ന് ലക്ഷത്തിനടുത്ത് ഇന്ത്യൻ സൈനികരാണ് സമാധാനസേനയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചത്. വിദേശ മന്ത്രാലയത്തിന്റെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി കൂടിയാണ് ഇന്ത്യ ഉച്ചകോടിക്ക് വേദിയാകുന്നത്.
ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമില്ലാതെ ഉക്രെയ്നിലേക്കും ഗാസയിലേക്കും സൈനിക വിന്യാസം ഉണ്ടാകില്ലെന്ന് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ലഫ് ജനറൽ രാകേഷ് കപൂർ വ്യക്തമാക്കി.
യുഎൻ സമാധാന പരിപാലനത്തിൽ ഉപയോഗിക്കുന്ന തദ്ദേശീയ പ്രതിരോധ ഉപകരണങ്ങൾ ഉച്ചകോടിയുടെ ഭാഗമായി പ്രദർശിപ്പിക്കും. അൾജീരിയ, അർമേനിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രസീൽ, റുവാണ്ട, സെനഗൽ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, ഉറുഗ്വേ, വിയറ്റ്നാം, ഇറ്റലി ഉൾപ്പെടെ മുപ്പത് രാജ്യങ്ങളാണ് പരിപാടിയുടെ ഭാഗമാകുന്നത്. അതേ സമയം സമാധാനസേനയുടെ ഭാഗമാണെങ്കിലും ചൈനയും, പാക്കിസ്ഥാനെയും പരിപാടിയിലേക്ക് ഇന്ത്യ ക്ഷണിച്ചിട്ടില്ല.