വത്തിക്കാൻ :നന്മതിന്മകൾ തിരിച്ചറിയുന്നതിനും, സമൂർത്തമായ യാഥാർത്ഥ്യങ്ങളിലൂടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനും തത്വശാശാസ്ത്രചിന്തകൾ സഹായകരമാകുമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
“സംസ്കാരങ്ങൾക്കുള്ള സംഭാവനകൾ: തത്വശാസ്ത്രവും ക്രൈസ്തവികതയും തെക്കേ അമേരിക്കയും” എന്ന പേരിൽ പാരാഗ്വായിലെ അസുൻസിയോണിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്രസമ്മേളനത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ്, സഭയ്ക്കും ലോകത്തിനും തത്വശാസ്ത്രചിന്തകൾ നൽകുന്ന സംഭവനകളെക്കുറിച്ച് പാപ്പാ ഇങ്ങനെ എഴുതിയത്.
മതപരമായ ലോകത്തുനിന്ന് വ്യത്യസ്തമായി ഉയർന്നുവന്നത് എന്ന ചിന്തയിൽ തത്വശാസ്ത്രചിന്തയെ സംശയപരമായ കാഴ്ചപ്പാടോടെ നോക്കിക്കാണുന്ന ഒരു പ്രവണതയെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിവിധ തത്വശാസ്ത്രചിന്തകളുമായി സംവാദത്തിലേർപ്പെടുന്നതിൽനിന്ന് വിശ്വാസികൾ അകന്നുനിൽക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു. വിശ്വാസിയായ ഒരു തത്വശാസ്ത്രജ്ഞന് തന്റെ ജീവിതസാക്ഷ്യം കൊണ്ട് ഏറെ വലിയ നന്മകൾ ചെയ്യാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മനുഷ്യന്റെ അന്തസ്സ് വെളിപ്പെടുത്തുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ ഏറെ ഉപകാരപ്രദമാണെന്ന് പ്രസ്താവിച്ച പാപ്പാ എന്നാൽ സത്യത്തിലെത്താൻ യുക്തിയും ഇച്ഛാശക്തിയും മാത്രം മതിയെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. വിശ്വാസത്തിന്റെ പ്രകാശത്തിനുനേരെ കണ്ണടച്ചുകൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന യുക്തിചിന്താഗതിയെ പാപ്പാ കുറ്റപ്പെടുത്തി.
രക്ഷയുടെ സന്ദേശം കൂടുതൽ മനസ്സിലാകുന്ന വിധത്തിൽ ഏവരിലേക്കുമെത്തിക്കാൻ തത്വശാസ്ത്രസംഭവനകൾക്കാകുമെന്ന് വിശുദ്ധ അഗസ്റ്റിന്റെ ഉദ്ബോധനകളെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. തങ്ങളുടെ സംസ്കാരങ്ങൾക്കപ്പുറത്തേക്ക് കടന്നുചെല്ലാനും, ഓരോ ജനതകളിലുമുള്ള നല്ല മൂല്യങ്ങളും അവരിലെ കുറവുകളും വിശകലനം ചെയ്യാനുമുള്ള മാർഗ്ഗമായി തത്വശാസ്ത്രചിന്തകളെ ഉപയോഗിച്ചുകൊണ്ടുവേണം ഇത് സാധ്യമാക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ( കടപ്പാട് -വത്തിക്കാൻ ന്യൂസ് )