കൊച്ചി: ഭൂമിയില്‍ താമസിക്കുന്നവര്‍, ഭൂമി വാങ്ങിയവര്‍ തുടങ്ങിയവരുടെ അടിസ്ഥാന അവകാശങ്ങളെ വഖഫ് ബോര്‍ഡ് ധിക്കാരപൂര്‍വം അവഗണിച്ചുവെന്ന് ഇന്നലത്തെ മുനമ്പം ഉത്തരവിൽ കോടതി വിമര്‍ശിച്ചു. 1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല.
അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ കടുത്ത വിമര്ശനങ്ങലാണുള്ളത് . വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്കിയാല്, ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്നാണ് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്‍പ്പിക അധികാരപ്രയോഗം അനുവദിക്കാനാകില്ല. ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട് – ഡിവിഷന് ബഞ്ച് വ്യക്തമാക്കി.