പക്ഷം / ലൂയിസ് തണ്ണിക്കോട്ട്
രാജ്യത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതില്‍ അധ്യാപകരുടെ കര്‍മ്മവും കര്‍ത്തവ്യവും ഓര്‍മ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണ്, ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ച്. ഈ ദിനത്തിന് കാരണഭൂതനായ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണന് അധ്യാപകരെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു. ‘ഒരു രാഷ്ട്രത്തിലെ ഏറ്റവും മികച്ച മനസ്സുള്ളവരാണ് അധ്യാപകരാകേണ്ടത്. കാരണം, ഒരു രാഷ്ട്രത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ് ‘. ഗാന്ധിജി പറഞ്ഞത,് ‘ഒരു വിദ്യാര്‍ഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം, മികച്ച ഒരു അധ്യാപകനാണ്. ‘
ഈ ലക്കം പക്ഷത്തിന്റെ പേജില്‍ അധ്യാപകരെ കുറിച്ച് പറയുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ട്. ഈ സെപ്റ്റംബറില്‍ തന്നെയാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടന്‍ റോഡിലെ ഒരു വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരനായ ഒരു വിദ്യാര്‍ഥിയെ തലകീഴായി ജനലില്‍ കെട്ടി തൂക്കിയിട്ട വാര്‍ത്ത മനോരമ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹപാഠം എന്ന ഹോം വര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയെ ജനലില്‍ കെട്ടിയിടാന്‍ പ്രിന്‍സിപ്പല്‍ ഡ്രൈവറെ ചുമതലപ്പെടുത്തിയത്രെ!.അത്പക്ഷേ, ജനലില്‍ തലകീഴായി കെട്ടിത്തൂക്കി എന്നുമാത്രം.
ചോദ്യം ചെയ്യലില്‍ അധ്യാപികയായ പ്രിന്‍സിപ്പലിന്റെ ഭാഷ്യം, കുട്ടിയുടെ വികൃതിക്ക് കെട്ടിയിടാനേ പറഞ്ഞുള്ളൂ, കെട്ടിത്തൂക്കാന്‍ പറഞ്ഞില്ല. തീര്‍ന്നില്ല, ഈ ക്രൂരവിനോദം ഡ്രൈവര്‍ തന്നെ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതില്‍ നിന്നുള്ള കാഴ്ചയാണ് പുറംലോകം അറിയാന്‍ നിമിത്തമായതും പ്രശ്നത്തില്‍ നടപടിക്ക് സാധ്യത ഉണ്ടായതും.
മറ്റു രണ്ടു കുട്ടികളെ കൂടി മര്‍ദ്ദിക്കുന്ന രംഗങ്ങളും ഉണ്ടുപോലും…..! ‘വാഴുന്നോര്‍ ‘ എന്ന സിനിമയില്‍ സ്കൂളിലേക്ക് ലോറി ഓടിച്ചു വരുന്ന സുരേഷ് ഗോപിയുടെ കഥാപാത്രം ഡ്രൈവര്‍ കുട്ടപ്പായി, ക്ലാസില്‍ പഠിപ്പിക്കുന്നുണ്ട്. അവിടെ ശിക്ഷയല്ല വിദ്യാഭ്യാസമാണ്.
പക്ഷേ ഇവിടെ കൂമ്പു കരിക്കുന്ന ശിക്ഷ …….?
മറ്റൊന്ന്, സെപ്റ്റംബറില്‍ തന്നെ ഒരു ടി.വി ചാനലിലെ അന്തിചര്‍ച്ചയില്‍, ഇന്ത്യയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലൂടെ വെടിയുണ്ട പായുമെന്ന് കൈവിട്ട ആവേശത്തില്‍ മുന്നറിയിപ്പ് നല്കുന്നു ഒരു പാര്‍ട്ടിയുടെ വക്താവ്. അറസ്റ്റില്‍ വരെ എത്തിച്ചേര്‍ന്ന ഈ വിവാദ തീ, രണ്ടു നാല് ദിവസം കേരളത്തില്‍ കത്തിനിന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ വിദ്യാര്‍ഥി സംഘടനാ മുന്‍ സംസ്ഥാന പ്രസിഡണ്ടും, ഇപ്പോള്‍ ടീച്ചേഴ്സ് സെല്‍ സംസ്ഥാന കണ്‍വീനറും ആണ് ഇദ്ദേഹം.
വിഷവാക്കുകളാല് എതിര്‍ചേരിയില്‍ നില്ക്കുന്ന പ്രതിപക്ഷ നേതാവിന് നേരെ കലാപ ആഹ്വാനം നടത്തിയ അദ്ദേഹവും അധ്യാപകനാണ്….!
ലഡാക്കിലെ പ്രക്ഷോഭമാണ് വാദഗതിക്കായി ഇദ്ദേഹം ടിവി ചര്‍ച്ചയില്‍ ഉന്നയിക്കുന്നതെങ്കിലും, സത്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി ‘ യാണ് ബിജെപി വക്താവില്‍ നിന്നും തികട്ടി വന്നതെന്ന് സ്പഷ്ടം. ഇദ്ദേഹത്തെ ബിജെപി പ്രസിഡന്റ് തന്നെ, തള്ളിപ്പറഞ്ഞത് ആശ്വാസമായി.
ചിന്തനീയമായ മറ്റൊന്ന് ‘വോട്ട് ചോരി ‘ വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൗനം ഈയവസരത്തില്‍, രു അവിശുദ്ധ കൂട്ടുകെട്ടാണോ എന്ന ചോദ്യചിഹ്നം കൂടിയാകുന്നു.
പറഞ്ഞു വന്നത്, അധ്യാപന സമയത്ത് അധ്യാപകന്റെ വ്യക്തിത്വം കൂടി ശിഷ്യരിലേക്ക് സംക്രമിക്കുന്ന യഥാര്‍ഥ വിദ്യാഭ്യാസ പ്രക്രിയ, കാരൂരിന്റെ ‘പൊതിച്ചോറി’ലെ അധ്യാപകനില്‍ നിന്ന്, കേവലം തൊഴിലിനും സമ്പത്ത് സമ്പാദനത്തിലേക്കുമായി, ഇന്നത്തെ വിദ്യാഭ്യാസ മേഖല തരംതാണിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളല്ലേ മേല്‍ സംഭവങ്ങള്‍ ?
ചുരുക്കത്തില്‍ മുഴുവന്‍ അധ്യാപകരും ഇത്തരക്കാരാണ് എന്നതല്ല. കാതലും കഴമ്പുമുള്ള അധ്യാപകര്‍ നിരവധിയുണ്ട്…ബഹുഭൂരിപക്ഷവും. പക്ഷേ ഒരു വെളുത്ത വസ്ത്രത്തില്‍ വീഴുന്ന കറുത്ത മഷിത്തുള്ളി എളുപ്പം കാഴ്ചയില്‍ പെടും. ആ കാഴ്ചയാണ് നമ്മുടെയും കാഴ്ച.
വിദ്യാഭ്യാസത്തെക്കുറിച്ച് ആദ്യമായി പഠിച്ച കോത്താരി കമ്മീഷന് പറഞ്ഞു വെക്കുന്നത്, ‘നാളത്തെ ഇന്ത്യയുടെ ഭാവി രൂപം കൊള്ളുന്നത് ഇന്നത്തെ ക്ലാസ് മുറികളിലാണ്. അക്രമ മാര്‍ഗ്ഗത്തിലൂടെയുള്ള വിപ്ലവം കൂടാതെ വന്‍തോതില്‍ സാമൂഹിക പരിവര്‍ത്തനം വരുത്താന്‍ ഒരു ഉപാധിയേ ഉള്ളൂ വിദ്യാഭ്യാസം’. അവിടെയാണ് പുതിയ സമൂഹനിര്‍മ്മിതിക്കും പരിവര്‍ത്തനത്തിനും നേതൃത്വം കൊടുക്കേണ്ട അധ്യാപകരില്‍ ചിലര്‍, പിഞ്ചു വിദ്യാര്‍ഥികളെ ജനലില്‍ തലകീഴായി കെട്ടി തൂക്കിക്കുന്നതും, ചാനലുകളില്‍ പരസ്യമായി കൊലവിളി നടത്തുന്നതും. ഇത് കാണുന്ന, കേള്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഏതുതരം പൗരന്മാരായിട്ടായിരിക്കും, ഇത്തരം അധ്യാപകരാല്‍ രൂപം കൊള്ളുക ? നാളത്തെ കുടുംബ – സമൂഹ സൃഷ്ടാക്കളാവുക ?
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയം തന്നെ. എനിക്ക് ജന്മം തന്നത് മാതാപിതാക്കള്‍ ആണ്. എന്നാല്‍ എനിക്ക് ജീവിതം തന്നത് ഗുരുനാഥന്മാരാണ്. മഹാനായ അലക്സാണ്ടറിന്റെ ഗുരു ശ്രേണിയില്‍ ആണ് അരിസ്റ്റോട്ടില്‍. അരിസ്റ്റോട്ടിലിന്റെ ഗുരു പ്ലേറ്റോ, പ്ലേറ്റോയുടെ ഗുരു സാക്ഷാല്‍ സോക്രട്ടീസ്. ഓര്‍ക്കണം ഓരോ അധ്യാപകനും ഓരോ വിദ്യാര്‍ഥിയുടെയും ജീവിത വഴിയിലെ കൈവിളക്കുകളാകണം,അന്ധകാരമകറ്റുന്ന ഗുരുക്കന്മാരാകണം. ഇവരെപ്പോലെ പേരും പെരുമയും അര്‍പ്പണ ബോധ്യമുള്ള അധ്യാപകരാല്‍ സമ്പന്നമായിരുന്നു ഭാരതവും കേരളവും. രവീന്ദ്രനാഥ ടാഗോറിലൂടെ തുടര്‍ന്ന്……. പ്രൊഫ:സുകുമാര്‍ അഴീക്കോടും, പ്രൊഫ: എം.എന്‍ വിജയന് മാഷും, സാനു മാഷും, ലീലാവതി ടീച്ചറും എല്ലാം ആ കണ്ണികളില്‍ ചിലര്‍ മാത്രം.
പറഞ്ഞവസാനിപ്പിക്കുന്നത്, പ്രകാശമാനമായ മനസ്സും വ്യക്തിപ്രഭാവത്തിന്റെ വര്‍ദ്ധിത ചൈതന്യവും കൈവരിക്കാന്‍ നിമിത്തമാകേണ്ട വിദ്യാഭ്യാസ മേഖല ഇന്ന് വേലിയും കയറും പോയി ദ്രവിച്ചു തുടങ്ങിയ അതിര്‍ത്തി അടയാളം പോലെ, മാറ്റപ്പെട്ടിട്ടില്ലേ? ഉണ്ടെങ്കില്‍, ഇന്നത്തെ പൊതുസമൂഹത്തിനും, പ്രത്യേകമായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ ജീര്ണ്ണിക്കലില് നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല നിശ്ചയം. ഒപ്പം കേരളത്തിലെ മത-സമുദായങ്ങള്‍ക്കും ഇതില്‍ നിന്നും കൈ കഴുകാന്‍ ആകുമോ……..?
മറുമൊഴി
പീലാത്തോസിന്റെ കച്ചേരി പറമ്പിലെ പ്രതികൂട്ടില്‍ ക്രിസ്തു നില്ക്കുന്നു. ‘ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല. ‘ (ലൂക്ക :23 /4) ജനക്കൂട്ടത്തോട് പീലാത്തോസിന്റെ ന്യായവാദം. പക്ഷേ കൂടി നിന്ന അവരാകട്ടെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു, ‘ഇവന് ഗലീലിയ മുതല്‍ ഇവിടം വരെയും, യഹൂദായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു. ‘ (ലുക്ക:23/5)
നമ്മുടെ കൊച്ചു കേരളത്തില്‍ അനീതിയും വിദ്വേഷവും, ബന്ധിതര്‍ക്ക് വിമോചനത്തിനായുള്ള ദരിദ്രരോദനവും……. ഒക്കെ ഉയരുന്നുണ്ട്……ഒരു വിമോചകനു വേണ്ടി. എന്നാല്‍, നമ്മുടെ ഞായറാഴ്ച സ്കൂളുകളെ ചൂണ്ടി (മതപഠനം) ക്രിസ്തുവിനു നേരെ ഉയര്‍ന്ന ആരോപണം ഉയരുന്നുണ്ടോ..?
‘അവന് പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കി വിട്ടു ‘എന്ന്. ഇല്ലെങ്കില്‍ ശ്രദ്ധവേണം, നമ്മുടെ പഠിപ്പിക്കലിന് എന്തോ ഒരു ആഴക്കുറവുണ്ട്……!
ഒന്നുകില്‍ അധ്യാപകരുടെ മുന്പില് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്രിസ്തുവിന്റെ ഭാഷ മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ നമ്മള് പഠിപ്പിക്കുന്നത് ക്രിസ്തുവിന്റെ ഭാഷയില്‍ അല്ല. കാരണം, ക്രിസ്തു പഠിപ്പിച്ചാല്‍ ജനം ഇളകുമല്ലോ ..