എഡിറ്റോറിയൽ / ജെക്കോബി
അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍, 22 വര്‍ഷത്തിനുശേഷം വോട്ടര്‍പട്ടിക ‘ശുദ്ധീകരിച്ചിരിക്കുന്നു’ എന്ന് രാജ്യത്തെ ചീഫ് ഇലക് ഷന് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംതൃപ്തിയടയുമ്പോഴും, യാതൊരു മുന്നറിയിപ്പുമില്ലാതെ, പേമാരിക്കും പ്രളയത്തിനുമിടയില്‍, ഒരൊറ്റ മാസംകൊണ്ട് സംസ്ഥാനത്തെ 7.89 കോടി വോട്ടര്‍മാരുടെ ഫോട്ടോയും ‘വംശാവലിയും’ പൗരത്വരേഖയും സഹിതം എന്യുമറേഷന് ഫോം പൂരിപ്പിക്കാനുള്ള കല്പനയിറക്കി നടപ്പാക്കിയ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) എന്ന വോട്ടര്‍പട്ടികയുടെ അസാധാരണമായ സമഗ്ര, തീവ്ര പരിഷ്കരണത്തിന്റെ രാഷ്
ട്രീയ ആഘാതത്തെക്കുറിച്ചുള്ള വേവലാതിയിലാണ് അതിനു പിന്നിലെ ‘വോട്ടുകൊള്ള’ സാധ്യതകള്‍ വിശകലനം ചെയ്യുന്നവര്‍.
തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ കോടതി ഏതെങ്കിലും തരത്തില്‍ ഇടപെടുന്നത് ഭരണഘടനയുടെ 329-ാം അനുച്ഛേദത്തിന് എതിരാകയാല്‍ എസ്ഐആര്‍ നടപടിയുടെ നിയമസാധുതയിന്മേല് ഇനി സുപ്രീം കോടതിയുടെ വൈകിയെത്തുന്ന തീര്‍പ്പിന് എന്തെങ്കിലും പ്രസക്തിയുണ്ടാവുക ഒരുപക്ഷെ ബിഹാറിലാവില്ല, കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇലക് ഷന് കമ്മിഷന് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള
എസ്ഐആര്‍ പ്രക്രിയയുടെ കാര്യത്തിലാകും.
ദേശീയ പൗരത്വ രജിസ്റ്റര്‍ വളഞ്ഞവഴിയിലൂടെ നടപ്പാക്കാനും, ന്യൂനപക്ഷ സമുദായങ്ങളെയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെയും സ്ത്രീകളെയും ദരിദ്രരെയും വോട്ടവകാശത്തില്‍ നിന്നു പുറന്തള്ളാനും ജനവിധി അട്ടിമറിക്കാനുമായി തിടുക്കത്തില്‍ കൊണ്ടുവരുന്ന’ എസ്ഐആറിനെതിരെ രാജ്യത്ത് ആദ്യമായി കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി. ബിഹാര്‍ മോഡല്‍ എസ്ഐആര്‍ എന്തായാലും കേരളത്തിനു സ്വീകാര്യമല്ല.
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ, ബിഹാറില്‍ അടിയന്തരമായി വോട്ടര്‍പട്ടിക ‘ശുദ്ധീകരിക്കാന്‍’ ഒരുമ്പെട്ട രാജ്യത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും ബിജെപി ഭരണനേതൃത്വവും ലക്ഷ്യമിട്ടത്രയും തീവ്രമായ ഒരു ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ അവിടെ നടക്കാതെപോയെന്ന ഒരു പ്രാഥമിക വിലയിരുത്തലുണ്ട്. അതിനു പ്രധാന കാരണം സുപ്രീം കോടതിയുടെഇടപെടലുകള് തന്നെയാണ്. എസ്ഐആര്‍ പ്രക്രിയ തുടങ്ങിയ 2025 ജൂണ്‍ 24 വരെ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടികയില്‍ നിന്നുള്ള 65 ലക്ഷം പേര്, ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച എസ്ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കമ്മിഷന് വിസമ്മതിച്ചു.
എന്തുകൊണ്ടാണ് പട്ടികയില്‍ നിന്ന് പേരു വെട്ടുന്നതെന്ന് അറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും സുതാര്യതയ്ക്കു വേണ്ടി അവരുടെ പേരുവിവരപട്ടിക പ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമാണെന്നും അപ്പീല്‍ സമര്‍പ്പിക്കാന്‍ ഓരോരുത്തര്‍ക്കും അവസരം നല്കേണ്ടതുണ്ടെന്നുംകോടതി വ്യക്തമാക്കി.
മരണം, കുടിയേറ്റം, ഒന്നിലേറെയിടങ്ങളില്‍ രജിസ്ട്രേഷന് തുടങ്ങി എന്തു കാരണത്താലാണ് പേരു റദ്ദാക്കുന്നതെന്ന്കാണിച്ച് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫിസറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ഔദ്യോഗിക വെബ്സൈറ്റിലും, ഇതിന്റെ ബൂത്ത്തല പട്ടിക പ്രദേശത്തെ പഞ്ചായത്ത്, ബ്ലോക്ക് വികസന കാര്യാലയത്തിലും പ്രദര്‍ശിപ്പിക്കുകയും
പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
നിരക്ഷരരും പരമദരിദ്രരും അതിപിന്നാക്കക്കാരുമടക്കം മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണജനതയുടെ കൈവശം ഉണ്ടാകാനിടയില്ലാത്ത 11 രേഖകളാണ് നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനായ ഇന്ത്യന്‍ പൗരനെന്നു സ്ഥാപിക്കാന്‍
തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചിരുന്നത്. സംസ്ഥാനത്ത് 90 ശതമാനം സാധാരണക്കാരുടെയും പക്കലുള്ള ആധാര്‍ കാര്‍ഡിന്റെ കാര്യം പലവട്ടം കോടതി സൂചിപ്പിച്ചു. അതു പൗരത്വത്തിനു തെളിവല്ലെന്നായിരുന്നു കമ്മിഷന്റെ വാദം.
പാസ്പോര്‍ട്ടും ജനനസര്‍ട്ടിഫിക്കറ്റും ഒഴികെ കമ്മിഷന് പറയുന്ന ഒന്പതുരേഖകളും പൗരത്വത്തിനു തെളിവല്ലാത്തതിനാല്, തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിനെ കണക്കാക്കാമെന്നായി കോടതി. അങ്ങനെ, എസ്ഐആര്‍ നടപടികള്‍
തുടങ്ങി 77 ദിവസം കഴിഞ്ഞാണ് ആധാര്‍ 12-ാമത്തെ രേഖയായി സ്വീകരിക്കാമെന്ന് ബിഹാര്‍ സിഇഒക്ക് കമ്മിഷന് ഉത്തരവ് നല്‍കിയത്.
കരട് പട്ടികയില്‍ നീക്കം ചെയ്യപ്പെട്ട 65 ലക്ഷം വോട്ടര്‍മാര്‍ക്കു പുറമെ, എസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടികയില്‍ 3.66 ലക്ഷം പേര് കൂടി അപ്രത്യക്ഷരാകുന്നുണ്ട്. ഇവരുടെ വിശദവിവരങ്ങളും, പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള കാരണവും പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചു. കരടുപട്ടികയില്‍ ഒഴിവാക്കപ്പെട്ടവരില്‍ 22 ലക്ഷം പേര്
മരിച്ചവരും, 36 ലക്ഷം പേര് സ്ഥിരമായി കുടിയേറിപ്പോയവരും, ഏഴുലക്ഷം പേര് ഒന്നിലേറെയിടങ്ങളില്‍ പേരുള്ളവരുമായിരുന്നു.
അന്തിമപട്ടികയില്‍ രണ്ടുലക്ഷം കുടിയേറ്റക്കാരും, മരിച്ചവരായി 60,000 പേരും ഡൂപ്ലിക്കേഷന്റെ പേരില്‍ 80,000 പേരും പുറത്തായി. അന്തിമ പട്ടികയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 21.53 ലക്ഷം വോട്ടര്‍മാരില്‍ ഫോം 6 വഴി പേരു ചേര്‍ക്കപ്പെട്ട കന്നിവോട്ടര്‍മാര്‍ എത്ര, കരട് പട്ടികയില്‍ നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അപ്പീലിലൂടെ തിരിച്ചെത്തിയവര്‍ എത്ര, ആരൊക്കെ എന്നീ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജയമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് ഇലക് ഷന് കമ്മിഷനോട്നിര്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാലും, എസ്ഐആര്‍ നടപടിയില്‍ നിയമവിരുദ്ധമായതെന്തെങ്കിലും കണ്ടാല്‍ കോടതി ഇടപെട്ടിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഹര്‍ജിക്കാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും, ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ അതിവിദഗ്ധമായി വോട്ടര്‍പട്ടികയില്‍ കള്ളവോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തും പ്രതിപക്ഷം ജയിക്കേണ്ടിടത്തെ യഥാര്‍ഥ വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കം ചെയ്തും കേന്ദ്ര ഇലക് ഷന് കമ്മിഷന് ബിജെപിയുമായി ചേര്‍ന്ന് ‘ഗുജറാത്ത് മോഡല്‍ വോട്ടുകൊള്ള’ നടത്തി ജനവിധി അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ‘ഭരണഘടനയെയും ജനാധിപത്യത്തെയും കാത്തുരക്ഷിക്കുന്നതിന്’ പുതിയൊരു ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് ബിഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം നയിച്ച ‘വോട്ടര്‍ അധികാര്‍ യാത്ര’ ബിഹാറിനെ ഇളക്കിമറിച്ചത് എസ്ഐആര്‍ ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിലാണ്. പ്രതിപക്ഷത്തെ മഹാഗഢ്ബന്ധന് സഖ്യകക്ഷികളുടെ മണ്ഡലങ്ങളില്‍ എസ്ഐആറിന്റെ മറവില്‍ ‘വോട്ട്ചോരി’ കുതന്ത്രങ്ങള്‍ നടത്താനുള്ള ഗൂഢശ്രമങ്ങള്ക്കു കനത്ത തിരിച്ചടിയുണ്ടാകും എന്ന താക്കീതായിരുന്നു ആ യാത്ര.
ജനസംഖ്യാ പ്രവചനത്തിനു വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടെക്നിക്കല്‍ ഗ്രൂപ്പിന്റെ കണക്കുപ്രകാരം 2025 സെപ്റ്റംബറില്‍ ബിഹാറില്‍ പ്രായപൂര്‍ത്തിയായവരുടെ സംഖ്യ 8.22 കോടിയാകണം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആര്‍ പൂര്‍ത്തിയായപ്പോള്‍ അന്തിമ വോട്ടര്‍പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരേയുള്ളൂ. സംസ്ഥാനത്തെ 80 ലക്ഷം വോട്ടര്‍മാര്‍ (മൊത്തം
വോട്ടര്‍മാരില്‍ 10% പേര്) അപ്രത്യക്ഷരായിരിക്കുന്നു. ബിഹാറില്‍ 1000 പുരുഷന്മാര്ക്ക് 914 സ്ത്രീകള്‍ എന്ന അനുപാതമാണ് നിലവിലുള്ളത്. എന്നാല്‍ എസ്ഐആര്‍ സ്ത്രീവോട്ടര്‍മാരുടെ കാര്യത്തില്‍ അത് 892 ആയി ചുരുങ്ങി. സ്ത്രീജനസംഖ്യയും സ്ത്രീവോട്ടര്‍മാരുടെ എണ്ണവും തമ്മിലുള്ള അന്തരം കഴിഞ്ഞ ജനുവരിയില്‍ ഏഴു ലക്ഷമായിരുന്നത് എസ്ഐആര്‍ പൂര്‍ത്തിയയപ്പോള്‍ 16 ലക്ഷമായി. സംസ്ഥാനത്ത് 3.5 കോടി വനിതാ വോട്ടര്‍മാരുള്ളതില്‍ 22.7 ലക്ഷം പേരെ (6.1%) വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഗോപാല്‍ഗഞ്ചില്‍ സ്ത്രീവോട്ടര്‍മാരുടെ സംഖ്യ 10.3 ലക്ഷത്തില്‍ നിന്ന് 8.3 ലക്ഷമായി കുറഞ്ഞു: 15.1% ഇടിവ്. മധുബനിയില്‍ 1.3 ലക്ഷം സ്ത്രീകളുടെയും കിഴക്കന്‍ ചംപാരണില് 1.1 ലക്ഷം പേരുടെയും കുറവുണ്ടായി. സ്ത്രീവോട്ടര്‍മാരുടെ എണ്ണം നിര്‍ണായകമാണ്. പ്രധാനമന്ത്രി മോദി ഈയിടെയാണ് ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോജ്ഗാര്‍ യോജനയില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം സ്വയം തൊഴില്പദ്ധതികള്ക്കായി പ്രഖ്യാപിച്ചത്.
ഇസിഐ പട്ടികയില്‍ മുസ് ലിം എന്ന പ്രത്യേക വിഭാഗത്തെ കാണുകയില്ല. എന്നാല്‍ പേരുകള്‍ തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ വച്ചുകൊണ്ടുള്ള പരിശോധനയില്‍, കരടുപട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരില്‍ 24.7% മുസ് ലിംകളാണെന്നു മനസിലാക്കാം. അന്തിമപട്ടികയില്‍ നീക്കം ചെയ്യപ്പെട്ട 3.66 ലക്ഷത്തില്‍ 33% മുസ് ലിം പേരുകാരാണ്. ഏതാണ്ട് ആറു ലക്ഷം മുസ് ലിം വോട്ടര്‍മാര്‍ എസ്ഐആറില്‍ ഒഴിവാക്കപ്പെട്ടുവെന്നാണ് അനുമാനിക്കേണ്ടത്.
കിഴക്കന്‍ ചംപാരണിലെ ഡാക്കാ നിയമസഭാമണ്ഡലത്തില്‍ 80,000 മുസ് ലിം വോട്ടര്‍മാര്‍ (മൊത്തം വോട്ടര്‍മാരില്‍ 40%) വിദേശ പൗരന്മാരാണെന്ന് ആരോപിച്ച് പട്ടികയില്‍ നിന്നു നീക്കം ചെയ്യാന്‍ ഗൂഢശ്രമം നടന്നതായി റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവ് പറയുന്നു. ഡാക്കായിലെ ബിജെപി എംഎല്‍എയുടെ പേഴ്സണല്‍ അസിസ്റ്റന്റ്, ബിജെപിയുടെ പട്നയിലുള്ള സംസ്ഥാന കാര്യാലയത്തിലെ ലെറ്റര്‍ഹെഡില്‍, ഇത്രയും വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കുന്നതിന് ചീഫ് ഇലക് ഷന് കമ്മിഷന്, സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍, ജില്ലാ ഇലക് ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്കി.
നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ജില്ലകളിലും മുസ് ലിം ജനസംഖ്യകൂടുതലുള്ള മേഖലകളിലും വോട്ടര്‍മാരുടെ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. ബംഗാളിനോടു ചേര്‍ന്ന സീമാഞ്ചല്‍ മേഖലയില്‍, സംസ്ഥാനത്തെ ഏക മുസ് ലിം ഭൂരിപക്ഷ (67.98%) ജില്ലയായ കിഷന്‍ഗഞ്ചിലെ ഇടിവ് 9.69 ശതമാനമാണ്. ഗോപാല്‍ഗഞ്ചില്‍ 12.13% ഇടിവുണ്ടായി, ജനസംഖ്യയില്‍ 38.46% മുസ് ലികളുള്ള പൂര്‍ണിയയില്‍ 8.41 ശതമാനവും. സീമാഞ്ചലിലെ കത്തിഹാറില്‍ മുസ് ലിം ജനസംഖ്യ 44.47 ശതമാനവും, അരാരിയായില്‍ 42.95 ശതമാനവുമാണ്; രണ്ടിടത്തും വോട്ടറുകളുടെ എണ്ണത്തില്‍ യഥാക്രമം 7.12%, 5.55% ഇടിവുണ്ടായി.കിഷന്‍ഗഞ്ചും അരാരിയായും നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്നു. മധുബനി, ഇസ്റ്റ് ചംപാരണ്‍, സീതാമാരി, സുപൗല്‍, വെസ്റ്റ് ചംപാരണ്‍ എന്നിവയും നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ജില്ലകളാണ്. ഇവയിലെല്ലാം 5%
ഇടിവുണ്ട്.
ബിഹാറിലെ അന്തിമ വോട്ടര്‍പട്ടിക ആകെ കുത്തഴിഞ്ഞ് കുഴഞ്ഞുമറിഞ്ഞ രേഖയാണെന്നാണ് റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവിന്റെയും യോഗേന്ദ്രയാദവിന്റെയും മറ്റും വിലയിരുത്തല്‍. 243 നിയമസഭാമണ്ഡലങ്ങളിലായി 14.35 ലക്ഷം ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരുണ്ട്. വ്യത്യസ്ത ജാതി, മത വിഭാഗങ്ങളില്‍പെട്ടവര്‍ ഒരുമിച്ച് താമസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള വ്യാജവിലാസങ്ങളില്‍ 1.32 കോടി വോട്ടര്‍മാരും. ഒരു അഡ്രസില്‍ 20 പേരിലധികം കാണുന്നത് സംശയാസ്പദമാണെന്നാണ് ഇസിഐതന്നെ പറയുന്നത്. ബാരാചട്ടിയിലെ ആറാം നമ്പര്‍ വീട്ടില്‍ 877 വോട്ടര്‍മാരെയും, പിപ്ര മണ്ഡലത്തിലെ ഗൗലിംപുരില് ഒരൊറ്റ വ്യാജവിലാസത്തില്‍ വ്യത്യസ്ത ജാതിമതക്കാരായ 505 പേരെയും മറ്റൊന്നില്‍ 442 പേരെയും ചേര്‍ത്തിട്ടുണ്ട്. മട്ടിഹാനിയില്‍ ഒരു വ്യാജവിലാസത്തില്‍ 855 വോട്ടര്‍മാരും, പര്‍സയില്‍ 23-ാം നമ്പര്‍ എന്ന വ്യാജവിലാസത്തില്‍ 853 വോട്ടര്‍മാരുമുണ്ട്.
കരടുപട്ടികയില്‍ ബിഹാറിലെ വാല്മീകിനഗറില് വോട്ടര്‍പട്ടികയിലുള്ള 5,000 വോട്ടര്‍മാര്‍ തൊട്ടപ്പുറത്തുള്ള ഉത്തര്‍പ്രദേശിലെ അസംബ്ലി മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. പിപ്ര, ബഗഹ, മോതിഹാരി മണ്ഡലങ്ങളില്‍ 80,000 വോട്ടര്‍മാര്‍ വ്യാജവിലാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 142 മണ്ഡലങ്ങളിലായി 5.56 ലക്ഷം ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തതില്‍
1.29 ലക്ഷം പേരുടെ വയസും മറ്റു വിവരങ്ങളും കൃത്യമായി ഇരട്ടിപ്പിക്കപ്പെട്ടിരുന്നു.
അന്തിമ വോട്ടര്‍പട്ടികയില്‍ 24,000 പേരുകള്‍ അസ്പഷ്ടമായ കുത്തിക്കുറിപ്പുകളാണ്. 5.2 ലക്ഷം പേരുകളില്‍ ഇരട്ടിപ്പുണ്ട്, 6,000 പേരുടെ ജെന്‍ഡര്‍ അടയാളപ്പെടുത്തിയതില്‍ തെറ്റുണ്ട്, 51,000 പേരുടെ ബന്ധം സൂചിപ്പിക്കുന്നതിലും. രണ്ടു ലക്ഷം വീടുകള്‍ക്ക് നമ്പറില്ല, അല്ലെങ്കില്‍ അസാധുവായ നമ്പറാണ്.
തീവ്ര വര്‍ഗീയ വിദ്വേഷപ്രചാരണത്തിന്റെ വാഗ്ജാലത്തില് ബിജെപിയുടെ സമുന്നത താരപ്രചാരകര്‍ ബിഹാറിലെ ബംഗ്ലാദേശി, റോഹിംഗ്യ ‘ഗുസ്പൈടിയാ’ വിദേശീയ നുഴഞ്ഞുകയറ്റക്കാരുടെ നിതാന്ത ഭീഷണി മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാറുണ്ട്. എസ്ഐആറിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്ന്, ഇന്ത്യന്‍ പൗരന്മാരല്ലാത്തവരെ കണ്ടെത്തി വോട്ടര്‍പട്ടികയില്‍ നിന്ന്നീക്കം ചെയ്യുക എന്നതാണെന്ന് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രഖ്യാപിച്ചിരുന്നു. വീടുതോറും കയറി അരിച്ചുപെറുക്കി പൗരത്വ രേഖകള്‍ പരിശോധിച്ച് അനധികൃത കുടിയേറ്റക്കാരെ പുകച്ചുചാടിക്കാനായിരുന്നു കല്പന.
എസ്ഐആര്‍ അന്തിമപട്ടികയില്‍ ഈ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഒരു സൂചനയുമില്ല എന്നതാണ് ഏറ്റവും അദ്ഭുതകരം.
ബിഹാറിലെ എസ്ഐആര്‍ ദൗത്യം ഏറ്റവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച 90,000 ബൂത്ത്തല ഓഫിസര്‍മാര്‍ക്ക് എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനായി എന്ന് ഒരിടത്തും രേഖപ്പെടുത്തുന്നില്ല. സംസ്ഥാനത്തെ സിഇഒയുടെ വെബ്സൈറ്റില്‍ കരട് വോട്ടര്‍പട്ടികയിലെ പേരുകളില്‍ 2.4 ലക്ഷം പേര്‍ക്കെതിരെ പരാതി ഉന്നയിക്കപ്പെട്ടതായി ‘വായിച്ചെടുക്കാവുന്ന ഡേറ്റ’യില്‍ 1,087 പേര് ഇന്ത്യന്‍ പൗരരല്ല എന്ന ആക്ഷേപത്തിനു പാത്രമാകുന്നുണ്ട്. വിചിത്രമായ വസ്തുത, ഇതില്‍ 779 പേര് തങ്ങള്‍ വിദേശികളാണെന്ന് സ്വയം ഏറ്റുപറയുന്നതാണ്. ഇതില്‍ മുസ് ലിം പേരുകള്‍ 226 എണ്ണമാണ്. ഇസിഐ പരിഗണിച്ച 390 പരാതികള്‍ തീര്‍പ്പാക്കിയതില്‍ മുസ് ലിംകള്‍ 87 പേരാണ്! ബംഗ്ലാദേശികളും മ്യാന്‍മറീസ് റോഹിംഗ്യകളുമില്ലെങ്കില് ബിഹാര്‍
അതിര്‍ത്തിയില്‍ ഹൈന്ദവരായ നേപ്പാളി വോട്ടര്‍മാര്‍ ഇല്ലാതെവരുമോ?