കോട്ടയം: വിജയപുരം രൂപതാ വിശ്വാസ പരിശീലക ജൂബിലി സംഗമം 2025 ഒക്ടോബർ 1 ന് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു. രൂപതയിലെ മുഴുവൻ വിശ്വാസ പരിശീലകരും പങ്കെടുത്ത യോഗം ബിഷപ്പ് ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു.
‘സ്നേഹം കൊടുത്താൽ എല്ലാം ഭംഗിയാവും സ്നേഹത്താൽ നിറഞ്ഞ് ശുശ്രൂഷ നടത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വിശ്വാസ പരിശീലകരും എന്ന് പിതാവ് തൻ്റെ ഉദ്ഘാടന സന്ദേശത്തിലൂടെ ഉത്ബോധിപ്പിക്കുകയുണ്ടായി. ഡോ.ജോയ് പൈനാടത്ത്, ബ്രദർ വർഗീസ് എന്നിവർ മലയാളം, തമിഴ് ഭാഷകളിൽ ക്ലാസുകൾ നയിച്ചു.
വചനം ഹൃദയത്തിൽ സംഗ്രഹിച്ച് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവരുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നവരാണ് വിശ്വാസ പരിശീലകർ എന്ന് ജോയ് അച്ചൻ തൻ്റെ ക്ലാസിലൂടെ വിശ്വാസപരിശീലകരെ ബോധ്യപ്പെടുത്തി.
32 വൈദികർ സഹകാർമികർ ആയിരുന്ന ദിവ്യബലിയിൽ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെചേരിൽ മുഖ്യകാർമികനായിരുന്നു. ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ പിതാവ് വിശ്വാസ പരിശീലന രംഗത്ത് 25, 50 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും, മികച്ച വിശ്വാസ പരിശീലകരെയും പൊന്നാട അണിയിച്ചും, മെമെന്റോ നൽകിയും ആദരിച്ചു.
മികച്ച മേഖലയായി തിരഞ്ഞെടുക്കപ്പെട്ടത് പട്ടിത്താനം മേഖല ആണ്. വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ റവ.ഫാ.വർഗീസ് കോട്ടക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ. ആൽബർട്ട് കുമ്പളോലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.