വത്തിക്കാൻ: മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടും, മധ്യപൂർവേഷ്യയിൽ നടക്കുന്ന യുദ്ധ ഭീകരത അവസാനിപ്പിക്കുവാനും, മനുഷ്യർക്ക് നീതി നടപ്പിലാക്കികൊടുക്കുന്നതിനും കൈക്കൊണ്ടിരിക്കുന്ന സമാധാന ചർച്ചകളിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ടും, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു.
കുടിയേറ്റക്കാരുടെയും, പ്രേഷിത പ്രവർത്തകരുടെയും ജൂബിലിയോടനുബന്ധിച്ചു ഒക്ടോബർ മാസം അഞ്ചാം തീയതി വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപാണ് പാപ്പാ, പ്രത്യാശയുടെ ഈ വാക്കുകൾ വിശ്വാസികളുമായി പങ്കുവച്ചത്.ഗാസയിലും, പലസ്തീനിലും, സാധാരണ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ താൻ ഏറെ ദുഖിതനാണെന്നു പാപ്പാ എടുത്തു പറഞ്ഞു.
സമാധാന ചർച്ചകളിൽ, ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നതായും, ഈ പാതയിൽ സ്വയം പ്രതിജ്ഞാബദ്ധരായി, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരുവാനും, ബന്ദികളെ മോചിപ്പിക്കാനും ഉത്തരവാദിത്വപ്പെട്ടവരോട് പാപ്പാ അഭ്യർത്ഥിച്ചു. ഇതിനായി പ്രാർത്ഥനകൾ ഇനിയും തുടരുവാനും ആഹ്വാനം ചെയ്തു.
ഈ ശ്രമങ്ങൾ, യുദ്ധം അവസാനിപ്പിക്കുകയും, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുമെന്നുള്ള ശുഭപ്രതീക്ഷയും പാപ്പാ പങ്കുവച്ചു. ജപമാല മാസമായ ഒക്ടോബറിൽ, ഇറ്റലിയിലെ പോംപെ തീർത്ഥാടനകേന്ദ്രത്തിൽ ജപമാല പ്രാർത്ഥനയ്ക്കുവേണ്ടി എത്തുന്ന എല്ലാ തീർത്ഥാടകരെയും അഭിവാദ്യം ചെയ്ത പാപ്പാ, യുദ്ധം അവസാനിപ്പിക്കുവാനുള്ള നിയോഗത്തിൽ ജപമാല അർപ്പിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.