ചിന്ദ്വാര: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതൽ മരണങ്ങൾ . കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഫ് സിറപ്പ് മെഡിക്കൽ പ്രിസ്ക്രിപ്ഷനിൽ എഴുതിയത് ഡോക്ടർ പ്രവീൺ സോണിയാണ്. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്.
കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് സർക്കാരുകളും കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന വിലക്കിയിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് മരുന്നുകളുടെ വിൽപ്പനയ്ക്കൊപ്പം കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും വിലക്കി . മരുന്നിൽ 48 ശതമാനം വിഷാംശമുള്ള വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു . രാജസ്ഥാനിൽ കോൾഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കൺട്രോളർക്കെതിരെയും നടപടിയെടുത്തിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രിയിൽ നിന്നും നൽകിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടർന്ന് തമിഴ്നാട് കമ്പനിക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൾഡ്രിഫ് കഫ്സിറപ്പിന്റെ വിൽപ്പന കേരളത്തിലും നിർത്തിച്ചു. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാൽ എസ് ആർ 13 ബാച്ച് മരുന്ന് കേരളത്തിൽ വിൽപ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകൾ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുതെന്നും നിർദേശമുണ്ട്. ഡ്രഗ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.
കോൾഡ്രിഫ് ഉപയോഗിക്കരുതെന്ന് തെലങ്കാന ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷനും ഉത്തരവിറക്കിയിട്ടുണ്ട് .
ആറ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്നിൻറെ സാമ്പിൾ കേന്ദ്രം നിയോഗിച്ച ഉന്നതല സമിതി ശേഖരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പരിശോധന. കഫ് സിറപ്പുകളും സമാനമായ മറ്റു മരുന്നുകളും ഉന്നത സംഘം പരിശോധിക്കും.