കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന് എ. ജോസഫ്
നെഞ്ചുവേദന കാരണമാണ് 30 വയസ്സോളം പ്രായമുള്ള ആ യുവാവ് ആദ്യമായി ഒപിയില്‍ വരുന്നത്. അറ്റാക്കാകുമോ എന്ന ഭയം നിമിത്തം നന്നേ വിറച്ചിരുന്നു. എന്നാല്‍ ഇസിജിയില്‍ അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഇഞ്ചക്ഷന് എടുത്തപ്പോള്‍ തന്നെ ബുദ്ധിമുട്ട് നന്നായി കുറഞ്ഞു. മരുന്നുകള്‍ കുറിക്കുന്നേരം കുറേ സംശയങ്ങള്‍ അയാള്‍ ചോദിച്ചു. ഉത്തരം കൊടുത്തിട്ടും സംശയങ്ങള്‍ തീരുന്നില്ലായിരുന്നു. അമിതമായ ഉത്കണ്ഠ നിമിത്തം അയാള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കുറച്ചുനാളുകള്‍ക്കു ശേഷം സഹോദരിയുടെ വിട്ടുമാറാത്ത തലവേദന കാണിക്കാനായി അയാള്‍ വീണ്ടും വന്നു. തീവ്രമായ തലവേദനയും ഛര്‍ദിയുമായിരുന്നു സഹോദരിക്ക്. കുറച്ച് മാസങ്ങളായി അലട്ടുന്ന തലവേദനയും ഇടവിട്ടുള്ള തലകറക്കവും. മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമുണ്ടായിരുന്നില്ല. എംആര്‍ഐ സ്കാനെടുക്കാനും ന്യൂറോളജി വിഭാഗത്തില്‍ കാണിക്കാനുമായി നിര്‍ദേശം കൊടുത്തുവിട്ടു.
സ്കാന്‍ റിപ്പോര്‍ട്ട് വിശദീകരിക്കാമോ എന്നു ചോദിച്ചുകൊണ്ട് അവര്‍ വീണ്ടും വന്നു. റിപ്പോര്‍ട്ടില്‍ ട്യൂമറായിരുന്നു. തലച്ചോറില്‍ നിന്ന് സാമാന്യം വലുപ്പത്തില്‍ വളര്‍ന്നൊരു മുഴയായിരുന്നു. അടിയന്തരമായി ഓപ്പറേഷന് വേണ്ടിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി പറഞ്ഞയച്ചു.
ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ രണ്ടു തവണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാവേണ്ടി വന്നു. ഗൗരവതരമായ അവസ്ഥയായതിനാല്‍ അടുത്താഴ്ച അവരെ ശ്രീചിത്രയിലേക്ക് തുടര്‍ചികിത്സയ്ക്കായി വിടുകയുണ്ടായി. ശ്രീചിത്രയില്‍ ഒരിക്കല്‍ കൂടി ശസ്ത്രക്രിയക്ക് വിധേയയായി. തുടര്‍ന്ന് ആരോഗ്യസ്ഥിതിക്ക് നല്ല മാറ്റം വന്നിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറക്കുമ്പോള്‍ ആ യുവാവ് അതാ കിതച്ചുകൊണ്ട് വെളിയില്‍ നില്ക്കുന്നു. ”എന്തു പറ്റി?” ജിജ്ഞാസപൂര്‍വ്വം ഞാന്‍ തിരക്കി.
”ഡോക്ടറേ, അമ്മ മാനസികരോഗത്തിനായി കഴിഞ്ഞ 10 കൊല്ലമായി മരുന്നു കഴിച്ചുവരികയായിരുന്നു. പെങ്ങളുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മനഃപ്രയാസം കൂടി. മൂന്നു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടിവന്നപ്പോള്‍ ഗുളികകള്‍ പോലും കഴിക്കാതെയായി. ഇന്നലെ മുതല്‍ അമ്മ ചൂടാവാനും ഇറങ്ങിപോകാനും ബഹളം വയ്ക്കാനും തുടങ്ങി. കത്തി കയ്യില്‍ നിന്നു താഴെവയ്ക്കുന്നില്ല. ആരു പറഞ്ഞിട്ടും അനുസരിക്കുന്നുമില്ല. ഒരു ഇഞ്ചക്ഷന് കൊടുക്കാന്‍ കഴിയുമോ ഡോക്ടറേ? ഒരു തുള്ളി ഉറങ്ങിയിട്ടില്ല. എന്താ ചെയ്യേണ്ടത്? പെങ്ങളെയും നോക്കണം, ആരും സഹായിക്കാന്‍ ഇല്ല!” വളരെ വ്യസനത്തോടെ അയാള്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ മുമ്പുണ്ടായിരുന്ന ഒരു മാനസികരോഗ വിദഗ്ധനെ ഞാന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചു. ഒരഭിപ്രായം അറിയാന്‍ വേണ്ടി വിളിച്ചതായിരുന്നു. എത്രയും വേഗം അഡ്മിറ്റ് ആക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ഇക്കാര്യം ഞാന്‍ അയാളെ അറിയിച്ചു. ആംബുലന്‍സില്‍ അമ്മയെ കൊണ്ടുപോകാന്‍ സഹായം വേണ്ടിയിരുന്നു. ”ആശാ പ്രവര്‍ത്തകരില്‍ ആരെയെങ്കിലും സഹായത്തിനായി കിട്ടുമോ?” ശങ്കയോടെ അയാള്‍ ചോദിച്ചു. മുന്‍ പഞ്ചായത്ത് മെംബറും ആശാ പ്രവര്‍ത്തകയുമായ ഒരു ചേച്ചിയെ ഞാന്‍ ഫോണില്‍ വിളിച്ചു. ആ ചേച്ചി അടുത്തുള്ള ആളുകളെയും കൂട്ടി അവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു.
ആശുപത്രിയില്‍ അഡ്മിറ്റായതിനു ശേഷം അയാള്‍ ഫോണില്‍ വിവരം അറിയിച്ചു. അമ്മ തലേന്ന് ഉറങ്ങാതെ കത്തിയുമായി നടന്നതിനാല്‍ അയാള്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്തെങ്കിലും ഉറക്ക ഗുളിക പറഞ്ഞുതരാമോ എന്നും അയാള്‍ ചോദിച്ചു. അമിതമായ സമ്മര്‍ദ്ദവും അലച്ചിലും ആ മനുഷ്യനെ അത്രയ്ക്കും ഞെരുക്കിയിരുന്നു. എങ്കിലും അയാള്‍ പിടിച്ചുനിന്നു.
ഇത്തരം അവസ്ഥയില്‍ സമചിത്തതയോടെ പെരുമാറാനും പ്രവര്‍ത്തിക്കാനും കഴിയുന്നതുതന്നെ എത്ര വലിയ കാര്യമാണ്! വിഷമങ്ങള്‍ തുറന്നുപറയാന്‍ പോലും അയാള്‍ക്കാരും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തെല്ലും പരിഭവമില്ല. ഈ ഓട്ടപ്പാച്ചിലില്‍ സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും പെങ്ങളെയും അമ്മയെയും പൊന്നുപോലെ നോക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. ഈ കാലത്ത് പലര്‍ക്കും കഴിയാത്ത കാര്യമാണ് അയാള്‍ നന്നായി ചെയ്യുന്നത്. കടമകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും പ്രസക്തി ഇല്ലാത്ത ആധുനിക ലോകത്ത് ഇത്തരം മനുഷ്യര്‍ ശരിക്കും ജീവിക്കുന്ന വിശുദ്ധര്‍ തന്നെയല്ലേ?
പിന്കുറിപ്പ്
നാം എന്തിനു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്? എന്താണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം? വിശുദ്ധഗ്രന്ഥം നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: ”തന്റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന് ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടന്ന് നമ്മെ അവനിില് തിരഞ്ഞെടുത്തു” – എഫേസോസ് 1 : 4.
പരിശുദ്ധമായ സ്നേഹത്തിലേക്ക് ക്രിസ്തു വഴിയായി നാം നയിക്കപ്പെടുന്നു. തന്മൂലം നിഷ്കളങ്കമായ മനസ്സോടെ ജീവിക്കാനും നമുക്ക് സാധ്യമാകുന്നു. ‘അടിച്ചുപൊളിച്ചു ജീവിക്കുക’ എന്ന ആശയം പലപ്പോഴും നമ്മുടെ ദിശ തെറ്റിക്കാനും നഷ്ടബോധ്യത്തിലേക്ക് പിന്നീട് നമ്മെ നയിക്കാനും സാധ്യതയുണ്ട്. നന്നായി ജീവിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ആശയം. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും നാം തയ്യാറായിരിക്കണം.
എല്ലാ കാര്യങ്ങളിലും നാം ക്രിസ്തുവിനെയല്ലേ മാതൃകയാക്കേണ്ടത്? അടിസ്ഥാനം ഇല്ലാതെ പണിയപ്പെടുന്ന വിശ്വാസജീവിതം നല്ലൊരു പരീക്ഷണത്തില്‍ തകര്‍ന്നടിഞ്ഞേക്കാം. വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്താകാനല്ല, മുപ്പതും അറുപതും നൂറുമേനിയും ഫലം ക്രിസ്തുവില്‍ പുറപ്പെടുവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. നമ്മില്‍ നിക്ഷിപ്തമായ കടമകളെ സ്നേഹത്തോടും സന്തോഷത്തോടും കൂടി നിര്‍വ്വഹിക്കാനും എപ്പോഴും ക്രിസ്തുവിലേക്ക് നോക്കാനും നമുക്ക് സാധിക്കട്ടെ