കൊടുങ്ങല്ലൂർ : കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ കിഡ്സിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണതിന്റെ ഭാഗമായി ലീഡേഴ്സ് ട്രെയ്നിങ്ങ് കോഴ്സ് “സത്ബോധന” ന്റെ ഉദ്ഘാടനം പറവൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ ബെന്‍സി നിര്‍വ്വഹിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍, അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍, സിനി ആര്‍ട്ടിസ്റ്റ് അബീഷ് ആന്റണി, കിഡ്സ് കോഡിനേറ്റര്‍ ഗ്രേയ്സി ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗ്രാമപഞ്ചായത്തുകളിലായി സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ സുസ്ഥിര വികസനം സാധ്യമാകുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് “സത്ബോധന” (ഏകവത്സര നേതൃത്വ പരിശീലന പരിപാടി). സുസ്ഥിര വികസനത്തിന് കുടുംബശ്രീകളുടെ പങ്ക്, വ്യക്തിത്വ വികസനം, ആശയവിനിമയം, പ്രസംഗ പരിശീലനം, നേതൃത്വവും സാമൂഹ്യ പ്രതിബദ്ധതയും, പങ്കാളിത്ത്വധിഷ്ഠിത ഗ്രാമ അവലോകന പരിപാടി, പ്രൊജക്റ്റ് തയ്യാറാക്കല്‍, മാനസികാരോഗ്യം, സാമൂഹ്യ വിശകലനം, ഫീല്‍ഡ് വിസിറ്റ്, തുടങ്ങിയവയാണ് കോഴ്സിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ നല്കി വരുന്നത്.
വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സുരക്ഷ ഉറപ്പുവരുത്തുന്ന വ്യക്തികളായി സ്ത്രീകളെ മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ കൃഷി, സംരംഭത്തിലൂടെ വരുമാനം എന്നി ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവരായി ഇവര്‍ മാറ്റപ്പെടുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയ 45 ലീഡേഴ്സിന്, സര്‍ട്ടിഫിക്കറ്റ് വിതരണവും മികവു തെളിച്ചവര്ക്കുള്ള അംഗീകാര സമര്‍പ്പണവും നടന്നു. എസ്എച്ച്ജിയില് നിന്നുള്ള 100 -ളംസ്ത്രീകള് പരിപാടിയില്‍ പങ്കെടുത്തു.