ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ഇന്ന് സ്വീകരിക്കും .ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് . 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം കേരളമണ്ണിലെത്തുന്നത്. വൈകിട്ട് 4 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറും.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവും ഇന്ന് നടക്കും . അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയ്ക്കുള്ളത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നടൻ വിജയരാഘവൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങും. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ഇതേ സിനിമയിലെ എഡിറ്റർ മിഥുൻ മുരളിയും ഏറ്റുവാങ്ങും. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവൊരുക്കുന്ന അത്താഴ വിരുന്നിലും പുരസ്കാര ജേതാക്കൾ പങ്കെടുക്കും.
ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഉർവശിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കിയിരുന്നു. പാർക്കിങ്ങാണ് മികച്ച തമിഴ് സിനിമ. പിയൂഷ് ഠാക്കൂറിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കും ലഭിച്ചു.