ന്യൂഡൽഹി: വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും. വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനുള്ള ചർച്ചകൾക്കായാണ് സന്ദർശനമെന്ന് വാണിജ്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
2025 സെപ്റ്റംബർ 16 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള വ്യാപാര പ്രതിനിധി സംഘവുമായി നിർദിഷ്ട വ്യാപാര കരാറിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു .ഈ ചർച്ചകളുടെ തുടർച്ചയായാണ് ഇന്ത്യൻ പ്രതിനിധി സംഘം യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത് .
ഇതിനിടെ യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. കൂടാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം വർധിപ്പിച്ചു. ഇതിനിടയിലാണ് വ്യാപാര കരാർ ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചത്. വഷളായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.