വത്തിക്കാൻ : നീതിയുടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിയാചരണം ശനിയാഴ്ച (20/09/25) വത്തിക്കാനിൽ നടന്നു. സമ്മേളനത്തിൽ പങ്കെടുത്തവരെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വച്ച് പാപ്പാ സംബോധന ചെയ്തു.
വാസ്തവത്തിൽ, നീതി എന്നത് ഓരോരുത്തർക്കും അർഹമായത് വിതരണം ചെയ്യുന്ന പുണ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നീതി, മാനവ സഹവർത്തിത്വത്തിൽ ഉന്നതമായ ഒരു ധർമ്മം നിർവ്വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെ നിയമത്തിൻറെ നഗ്നമായ പ്രയോഗത്തിലൊ ന്യായാധിപന്മാരുടെ പ്രവൃത്തികളിലൊ ചുരുക്കാനോ നടപടിക്രമപരമായ വശങ്ങളിൽ മാത്രം ഒതുക്കാനോ കഴിയില്ലയെന്നും പാപ്പാ പറഞ്ഞു.
“നീ നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു” (സങ്കീർത്തനങ്ങൾ 45:8), എന്ന സങ്കീർത്തന വചനം നമ്മെ നന്മ ചെയ്യാനും തിന്മ ഒഴിവാക്കാനും ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
നീതിയെന്ന പുണ്യം നമ്മുടെ പെരുമാറ്റത്തെ യുക്തിക്കും വിശ്വാസത്തിനും അനുസൃതമായി ക്രമീകരിക്കുന്ന ഉറച്ചതും സുസ്ഥിരവുമായ ഒരു മനോഭാവമാണെന്നും സുവിശേഷ നീതി മനുഷിക നീതിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നും എല്ലായ്പ്പോഴും അപ്പുറത്തേക്ക് പോകാൻ പ്രചോദിപ്പിക്കുകയും അനുരഞ്ജനാനന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ജൂബിലിയാചരണത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ അത് നമ്മെയെല്ലാം സഭയിലും സമൂഹത്തിലും, വ്യക്തിബന്ധങ്ങളിലും, അന്താരാഷ്ട്ര ബന്ധങ്ങളിലും, ഓരോ വ്യക്തിയുടെയും അന്തസ്സിൻറെ പരിപോഷണത്തിലും സൃഷ്ടിയോടുള്ള ആദരവിലും ആവശ്യമായ വിശ്വാസം വീണ്ടും കണ്ടെത്താൻ ആഗ്രഹമുള്ള തീർത്ഥാടകരാക്കി മാറ്റുന്നുവെന്ന് പറഞ്ഞു.