വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ, വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ നാളെ ലെയോ പതിനാലാമൻ പാപ്പ ദിവ്യബലി അർപ്പിക്കും. നാളെ സെപ്റ്റംബർ 21 ഞായറാഴ്ച പ്രാദേശിക സമയം പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, വിശുദ്ധ കുർബാന നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
അതിപുരാതനമായ വിശുദ്ധ അന്നയുടെ ദേവാലയത്തിൻറെ ചുമതല ലെയോ പാപ്പ അംഗമായ അഗസ്റ്റീനിയൻ സമൂഹത്തിനാണ്. 1583-ൽ ആശീർവ്വദിക്കപ്പെട്ടതെങ്കിലും 1775-ലാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂർത്തിയാകുന്നത്. 1929-ലാണ് ഈ ദേവാലയം അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്പിക്കപ്പെട്ടത്.
കർദ്ദിനാൾ പ്രെവോസ്റ്റ്, (ഇന്ന് ലെയോ പാപ്പ) മാര്‍പാപ്പയാകുന്നതിനു മുമ്പ്, കഴിഞ്ഞ വര്‍ഷം ജൂലൈ 26-ന്, വിശുദ്ധരായ ജോവാക്കിമിൻറെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ച്, ഈ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിട്ടുണ്ട്.
1929 മെയ് 30നു പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ദേവാലയം ഒരു ഇടവകയാക്കുകയും അഗസ്റ്റീനിയൻ സമൂഹത്തിന് ഭരമേല്‍പ്പിക്കുകയും ചെയ്തത്. പതിനൊന്നാം പീയൂസ് പാപ്പായ്ക്കു ശേഷം ജോണ്‍ ഇരുപത്തിമൂന്നാമൻ, വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് പാപ്പ എന്നീ മാര്‍പാപ്പന്മാരും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.