കൊച്ചി : ചരക്ക്-സേവന നികുതി (ജിഎസ്ടി) ഭേദഗതി പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ പായ്ക്കു ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി പല ഉത്പന്നങ്ങൾക്കും വില കുറയും .
തിങ്കളാഴ്ച മുതൽ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും രേഖപ്പെടുത്തും . ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട് . നേരത്തേ വിൽപ്പനയ്ക്കെത്തിയ ഉത്പന്നങ്ങളിൽ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുൻനിർത്തി ഇതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക്സ്, കൺസ്യൂമർ ഉത്പന്നങ്ങളുടെയും വിലയിൽ വലിയ അന്തരമുണ്ടാകും. ഉയർന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ലഭിക്കുന്നത് . ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും ഗുണം ചെയ്യും . കാർ നിർമാണ കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയാറായിട്ടുണ്ട് .
നികുതി നിരക്കുകൾക്കനുസരിച്ച് വ്യാപാരികൾ ബില്ലിംഗ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തേണ്ടിവരും .