ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരത്തിന് മലയാളത്തിന്റെ അഭിമാനം മോഹൻലാലിനെ തിരഞ്ഞെടുത്തു.
2023 ലെ പുരസ്കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം. 2004 ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിക്കുന്നത്.
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരത്തിന് അര്‍ഹനായതിലെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. ഇത് തനിക്ക് മാത്രമുള്ള പുരസ്കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്കിയ പ്രത്യേക പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. ഒരുപാട് സന്തോഷം… സ്വപ്നത്തിനും അവാര്‍ഡിനും അപ്പുറം രാജ്യം നല്കുന്ന വലിയ ബഹുമതിയാണിത്. ഞാനൊരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഈ അവാര്‍ഡിലേക്ക് എന്നെ പരിഗണിച്ച ജൂറിയോടും ഇന്ത്യന്‍ ഗവണ്മെന്റിനോടും നന്ദി പറയുന്നു.
മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുറിച്ച മമ്മൂട്ടി അദ്ദേഹം സത്യസന്ധനായ കലാകാരനാണെന്നും എഴുതി. ‘ഒരു സഹപ്രവര്ത്തകന് എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്.
നടന് എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,’ മമ്മൂട്ടി കുറിച്ചു.
മോഹൻലാലിന് ലഭിച്ച ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിൽ സന്തോഷം പങ്കുവെച്ച് നടി ഉർവശി. ഈ വർഷം കേട്ടതിൽ ഏറ്റവും സന്തോഷമുള്ള വാർത്തയാണിതെന്നും ഒത്തിരി സന്തോഷമുണ്ടെന്നും ഉർവശി പറഞ്ഞു.