കൊച്ചി, സെപ്റ്റംബർ 19, 2025: 350 ഗ്രാം മാത്രം തൂക്കത്തിൽ ഗുരുതരാവസ്ഥയിൽ ജനിച്ച കുഞ്ഞ് നോവയുടെ ആദ്യ പിറന്നാൾ, എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദയസ്പർശിയായ ആഘോഷമായി മാറി. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശുവായി കണക്കാക്കപ്പെടുന്ന നോവയുടെ അതിജീവനകഥ, വൈദ്യശാസ്ത്രത്തിന്റെ അത്ഭുതം മാത്രമല്ല, കരുതലിന്റെ ഉജ്ജ്വല ഉദാഹരണവുമാണ്.
23 ആഴ്ച മാത്രം ഗർഭകാലം പൂർത്തിയാക്കി ജനിച്ച നോവയ്ക്ക്, ജനന സമയത്ത് തന്നെ ഗുരുതര വെല്ലുവിളികൾ നേരിടേണ്ടിവന്നു. വളർച്ചയുടെ അപാകത, ഭാരക്കുറവ് , അമ്മയ്ക്ക് ഉണ്ടായിരുന്ന അണുബാധ, ശ്വാസകോശം അടക്കമുള്ള അവയവങ്ങളുടെ അപൂർണ്ണത എന്നിവ. എന്നാൽ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ലൂർദ് ആശുപത്രി നിയോനേറ്റൽ വിഭാഗത്തിന്, 100 ദിവസത്തിലധികം നീണ്ട അതിസങ്കീർണ്ണമായ ചികിത്സയിലൂടെ കുഞ്ഞിന് പുതുജീവൻ നൽകാൻ കഴിഞ്ഞു.
വെന്റിലേറ്റർ സഹായം, ടോട്ടൽ പാരന്റൽ ന്യൂട്രീഷൻ, കൃത്രിമ ശ്വാസം, ഹൃദയമിടിപ്പിനുള്ള മരുന്നുകൾ, കണ്ണിന്റെ വളർച്ചയുടെ നിരീക്ഷണം തുടങ്ങി എല്ലാ മേഖലകളിലും ലൂർദ് ആശുപത്രി അത്യാധുനിക സംവിധാനങ്ങളും വിദഗ്ധ സേവനങ്ങളും ഒരുക്കി.
ഇപ്പോൾ, നോവ പൂർണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞാണ്. മാതാപിതാക്കളായ ശ്രീ കെവിൻ ഡുറോയും ശ്രീമതി സുജിഷയും ലൂർദ് ആശുപത്രിയോടും ഡോക്ടർമാരോടും നഴ്സുമാരോടും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
നോവയുടെ ജീവിതം ഒരു അത്ഭുതമാണെന്നും. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ സമഗ്ര സേവനവും, സമയബന്ധിതമായ ഇടപെടലുകളും, കുടുംബത്തിന്റെ വിശ്വാസവും ചേർന്നപ്പോൾ അതിജീവനം സാധ്യമായതായി ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര പറഞ്ഞു.
ശിശുരോഗ വിഭാഗം സീനിയർ കൺസൾട്ടന്റും നിയോനേറ്റോളജിസ്റ്റുമായ ഡോ. റോജോ ജോയ് നോവയുടെ അതിജീവനത്തെ കുറിച്ച് സംസാരിച്ചു.
ആഘോഷത്തിൽ ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, മെഡിക്കൽ സുപ്രണ്ട് ഡോ സന്തോഷ് ജോൺ എബ്രഹം, ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായാ ഡോ. പ്രവീണ എലിസബത്ത്, നിയോനേറ്റൽ ICU ഹെഡ് നഴ്സ് ശ്രീമതി സ്മിതാദേവി കെ. തുടങ്ങിയവർ സംസാരിച്ചു.
ഡോക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ ലൂർദ് ആശുപത്രിയിൽ സേവനം ചെയ്യുന്ന വൈദികർ, സിസ്റ്റേഴ്സ്, ജീവനക്കാർ എന്നിവർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
ഫാ. ജോർജ്ജ് സെക്വീര
ഡയറക്ടർ