എഡിറ്റോറിയൽ / ജെക്കോബി
പ്രധാനമന്ത്രി മോദിയുടെ സാന്ത്വനമന്ത്രത്തിനായി കാത്തിരിക്കുകയായിരുന്നു, ഭയാനകമായ സംഘര്‍ഷങ്ങളില്‍ മുറിവേറ്റ മണിപ്പുരി ജനത. രണ്ടു വര്‍ഷവും നാലു മാസവും പത്തു ദിവസവും നീണ്ട കാത്തിരിപ്പിനൊടുവില്‍, ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രത്യാശയുടെ പുത്തന്‍ പുലരി വാഗ്ദാനം ചെയ്ത്, 8,500 കോടി രൂപയുടെ 31 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മണിപ്പുരിലൂടെ നാലു മണിക്കൂറുകൊണ്ട് മോദി കടന്നുപോയി.
2023 മേയില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെയും വംശഹത്യയുടെയും കൊടുംഭീകരതയ്ക്ക് അറുതിവരുത്തുന്നതിന് ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ഡിവിഷനുകളുടെയും അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, മണിപ്പുര്‍ പൊലീസ് ബറ്റാലിയനുകളുടെയും ബൂട്ടുകളെക്കാള് പ്രധാനമന്ത്രിയുടെ ഉറച്ചശബ്ദമൊന്നുമാത്രം മതി എന്നു വിശ്വസിച്ചിരുന്ന ജനങ്ങളോട്, ”ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; ഭാരത സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് വിളിച്ചുപറയാന്‍ 864 ദിവസം വൈകിയതെന്തിന് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെയും കുട്ടികളെയും, പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ട് 280 ദുരിതാശ്വാസ ക്യാമ്പുകളിലായി നരകിക്കുന്ന 60,000 ആഭ്യന്തര അഭയാര്‍ഥികളെയും ഓര്‍ത്തുകൊണ്ട് സഹാനുഭൂതിയുടെ, മനസ്താപത്തിന്റെ ഒരു വാക്കു പോലും ഉരുവിട്ടില്ല.
രണ്ടു ശത്രുരാജ്യങ്ങളെ പോലെ ബഫര്‍ സോണുകളാല്‍ വിഭജിക്കപ്പെട്ട ഇംഫാല്‍ താഴ് വാരത്തെ മെയ്തെയ് ഭൂരിപക്ഷ സമൂഹത്തെയും, ചുറ്റുമുള്ള മലമ്പ്രദേശത്തെ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ കുക്കി-സോ ന്യൂനപക്ഷ വിഭാഗത്തെയും ഒരിടത്ത് ഒരുമിച്ച് വിളിച്ചുകൂട്ടാന്‍ പ്രധാനമന്ത്രിക്കു പോലും കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്ര ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുകയായിരുന്നു, കുക്കി-സോ കേന്ദ്രമായ ചുരാചാന്ദ്പുരിലും (ലംകാ), അവിടെ നിന്ന് 61 കിലോമീറ്റര്‍ അകലെ, മെയ്തെയ് കേന്ദ്രമായ ഇംഫാലിലെ കാംഗ് ല ഫോര്ട്ടിലുമായി മോദിയുടെ പൊതുസമ്മേളനം സംഘടിപ്പിച്ചതിലൂടെ. അസം-മിസോറം അതിര്‍ത്തിയിലെ ബൈരാബിയില്‍ നിന്ന് സായിരാങ്ങിലേക്കുള്ള റെയില്‍പാത ഉദ്ഘാടനം ചെയ്ത്, ഐസോളില്‍ നിന്ന് ചുരാചാന്ദ്പുറിലേക്ക് മോദി ഹെലികോപ്റ്ററില്‍ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയില്‍ ഇംഫാലില്‍ നിന്ന് ദേശീയപാത രണ്ടിലൂടെ ബിഷ്ണുപുരിനും ചുരാചാന്ദ്പുരിനും ഇടയ്ക്കുള്ള ബഫര്‍ സോണ്‍ അതിരുകള്‍ താണ്ടിയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുക്കി മേഖലയിലെത്തിച്ചേര്ന്നത്.
പ്രധാനമന്ത്രി മോദി ആദ്യം ചുരാചാന്ദ്പുര്‍ സന്ദര്‍ശിക്കുന്നതിനെ ഗോത്രവര്‍ഗക്കാരുടെ കുക്കി-സോ കൗണ്‍സില്‍ സ്വാഗതം ചെയ്തത്, 1971-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചുരാചാന്ദ്പുര്‍ സന്ദര്‍ശിച്ചത് അനുസ്മരിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യണം, ഈ സന്ദര്‍ശനം കുക്കി-സോ ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും നീതി ഉറപ്പാക്കാനും സഹായകമാകണം എന്ന് കുക്കി സമൂഹത്തിന്റെ ഉന്നതതല സമിതിയായ കുക്കി ഇന്‍പി മണിപ്പുര്‍ ആഹ്വാനം ചെയ്തിരുന്നു. കുക്കി ഗോത്രവര്‍ഗ മേഖലയെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239എ പ്രകാരം നിയമസഭയോടു കൂടിയ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച് മെയ്തെയ് ആധിപത്യത്തില്‍ നിന്നു സ്വതന്ത്രമായ പ്രത്യേക ഭരണസംവിധാനം അനുവദിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.
കുക്കികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിവന്ന രഹസ്യ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, കുക്കി വിഘടനവാദി ഗ്രൂപ്പുകളുമായി 2008 മുതല്‍ നിലവിലുണ്ടായിരുന്ന സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ് (എസ്ഒഒ) ഉടമ്പടി ഒരു വര്‍ഷത്തേക്കു കൂടി പുതുക്കാന്‍ തീരുമാനിച്ചിരുന്നു. കുക്കികള്‍ മ്യാന്മറില് നിന്ന് നുഴഞ്ഞുകയറിയ അനധികൃത കുടിയേറ്റക്കാരാണെന്നും, അവര്‍ വനഭൂമി കൈയേറി പോപ്പി കൃഷി നടത്തി ലഹരിമരുന്ന് കടത്തുന്ന ഭീകരവാദികളാണെന്നും ആരോപിച്ച് ബിരേന്‍ സിങ് സര്‍ക്കാര്‍ 2024 ഫെബ്രുവരിയില്‍ ഏകപക്ഷീയമായി എസ്ഒഒ ത്രികക്ഷി ഉടമ്പടിയില്‍ നിന്നു പിന്മാറിയതാണ്. ഉടമ്പടി അനുസരിച്ച് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട്, 25 വിമത ഗ്രൂപ്പുകളുടെ ഏകോപന സമിതിയായ കുക്കി നാഷണല്‍ ഓര്ഗനൈസേഷന് എന്നിവയുമായി ബന്ധപ്പെട്ട 2,200 കാഡര്‍ പോരാളികള്‍ ആയുധങ്ങള്‍ സര്‍ക്കാരിനു കൈമാറി മലയോരത്തെ 14 ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് പ്രതിമാസം 6,000 രൂപ വീതം സ്റ്റൈപ്പന്‍ഡ് ലഭിച്ചിരുന്നത് കലാപം തുടങ്ങിയതിനു ശേഷം മുടങ്ങിയിരിക്കയാണ്. മണിപ്പുരിന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കും എന്ന വ്യവസ്ഥയിലാണ് എസ്ഒഒ കരാര്‍ പുതുക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുകയുണ്ടായി.
അതേസമയം, യൂണിയന് ടെറിട്ടറി എന്ന ആവശ്യം ഉപേക്ഷിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കുക്കി വിമത ഗ്രൂപ്പുകള്‍.
ചുരാചാന്ദ്പുറിലെ പീസ് ഗ്രൗണ്ടില്‍ കുക്കി-സോ പ്രക്ഷോഭത്തിന്റെ പ്രതീകമായ ഓര്‍മയുടെ മതിലിലെ ഡമ്മി ശവപ്പെട്ടികള്‍ പോലും മറച്ചുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള കമാനങ്ങളും അലങ്കാരങ്ങളും ഒരുക്കിയത്. അതേസമയം, കണ്ണുനീരോടെ തങ്ങള്‍ക്ക് നൃത്തം ചെയ്യാനാവില്ലെന്നാണ് കുക്കി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും ഇംഫാല്‍ ഹമര്‍ ഡിസ്പ്ലെയ്സ്ഡ് കമ്മിറ്റിയും പറഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ റേഷന്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് കോരിച്ചൊരിയുന്ന മഴയത്ത് ക്യാമ്പുകളില്‍ നിന്നുള്ള സ്ത്രീകളെയും മറ്റും എസ്ഒഒ ഗ്രൂപ്പുകാര്‍ സ്വീകരണത്തിനായി കൊണ്ടുവന്നതെന്ന് സൂചനയുണ്ട്.
ഇംഫാല്‍ താഴ് വരയിലെ മെയ്തെയ്കളുടെ ആറു സായുധ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായ കോര്‍കോം, മോദിയുടെ സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. ആശാ വര്‍ക്കര്‍ തൊട്ട് കോളജ് അധ്യാപകര്‍ വരെ ഇംഫാലില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരെല്ലാം കാംഗ് ല ഫോര്‍ട്ടിലെ മോദിയുടെ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് നിര്ദേശമുണ്ടായിരുന്നത്രെ. കുക്കികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടമ്പടിയുണ്ടാക്കുന്നതിനെ മെയ്തെയ് സിവില്‍ സംഘടനയായ കൊക്കോമി എതിര്‍ക്കുന്നുണ്ട്. വിദേശ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.
ചുരാചാന്ദ്പുറിലും ഇംഫാലിലും പ്രധാനമന്ത്രിയും സംസ്ഥാനത്ത് രാഷ് ട്രപതി ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഗവര്‍ണര്‍ അജയ് കുമര്‍ ഭല്ലയും മാത്രമാണ് സ്റ്റേജിലുണ്ടായിരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ള പ്രതിനിധികളെയും കുട്ടികളെയും പ്രധാനമന്ത്രിയുമായി സംവദിക്കാനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഏതെങ്കിലും ക്യാമ്പിന്റെ അവസ്ഥ കാണാന്‍ പ്രധാനമന്ത്രിക്ക് സമയം ലഭിച്ചില്ല. അയല്‍രാജ്യത്തുനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ഭൂമി കൈയേറാനും അവര്‍ക്ക് ഇവിടെ വാസമുറപ്പിക്കാനുമുള്ള സൗകര്യം അനുവദിച്ചുകൊടുക്കാനാവില്ലെന്ന് ഗവര്‍ണര്‍ ഭല്ല പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നയം വ്യക്തമാക്കി. മണിപ്പുരിലെ പ്രസംഗത്തില്‍ മോദി ഇക്കാര്യത്തില്‍ തികഞ്ഞ സംയമനം പാലിച്ചെങ്കിലും, പിന്നീട് അസമിലെ ദരംഗിലെ മംഗള്‍ദോയിയില്‍ നുഴഞ്ഞുകയറ്റക്കാരില്‍ നിന്നു ഭൂമി വീണ്ടെടുക്കുന്നതിനെ കുറിച്ചും ജനസംഖ്യാ അനുപാതത്തില്‍ മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ നടത്തുന്ന അട്ടിമറിയെക്കുറിച്ചും അദ്ദേഹം വാചാലനായി.
സ്വയംഭരണാവകാശമുള്ള ടെറിട്ടോറിയല്‍ കൗണ്‍സില്‍ വേണമെന്നാണ് കുക്കി സായുധ സംഘങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371സി, ആറാം ഷെഡ്യൂളിന് തുല്യമായ അധികാരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഹില്‍ കൗണ്‍സിലിനു ലഭിക്കണമെന്നായിരുന്നു നിര്‍ദേശം. ഇംഫാല്‍ താഴ് വരയിലെ കുക്കി ക്രൈസ്തവ ഗോത്രവര്‍ഗക്കാരുടെയും മെയ്തെയ് വിഭാഗത്തില്‍ നിന്നുള്ള ക്രൈസ്തവരുടെയും പാര്‍പ്പിടങ്ങളും കടകളും ബിസിനസ് കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും കലാപത്തിന്റെ ആദ്യനാളുകളില്‍ തിരഞ്ഞുപിടിച്ച് അരംബായ് തെംഗോല്‍, മെയ്തെയ് ലീപുന്‍ തീവ്രവാദി സായുധ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ ആയുധപ്പുരകളില്‍ നിന്ന് ശേഖരിച്ച മിലിറ്ററി-ഗ്രേഡ് ആയുധങ്ങളുമായി ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും തീവച്ചുനശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുക്കികള്‍ക്ക് ഇംഫാലില്‍ കാലുകുത്താന്‍ കഴിയാത്ത നിലയായി. ഇംഫാലിലെ വിമാനത്താവളത്തിലോ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലോ അവര്‍ക്കു പ്രവേശിക്കാനാവില്ല.
മോറെ അതിര്ത്തിപട്ടണത്തിലും കാംഗ്പോക്പി, ചുരാചാന്ദ്പുര്‍ തുടങ്ങിയ മലമേഖലകളിലും താമസമുറപ്പിച്ചിരുന്ന മെയ്തെയ് കുടുംബങ്ങളും ആക്രമിക്കപ്പെട്ടു. ബഫര്‍ സോണുകള്‍ ഉള്ളതിനാല്‍ മെയ്തെയ്കള്ക്ക് താഴ് വാരത്തു നിന്നു പുറത്തുകടക്കാനോ ദേശീയപാതയില്‍ പ്രവേശിക്കാനോ കഴിയുന്നില്ല. അവശ്യസാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കും, എന്നാല്‍ മെയ്തെയ്കള്‍ ബഫര്‍ സോണ്‍ താണ്ടാന്‍ അനുവദിക്കില്ലെന്നാണ് കുക്കികളുടെ നിലപാട്.
നാഗാലാന്‍ഡിലെ ദീമാപുര് വഴി അസമില്‍ നിന്ന് മണിപ്പുരിലെ കാങ്പോക്പിയിലെത്തി ഇംഫാല്‍ താഴ് വരയിലേക്കു കടക്കുന്ന ദേശീയപാത രണ്ടില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ലെവിയും പിന്‍വലിക്കുന്നതിന് കുക്കി-സോ കൗണ്‍സില്‍ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. അവശ്യസാധനങ്ങള്‍ ഇംഫാലിലേക്കു കൊണ്ടുപോകുന്നതിന് തടസമില്ലെങ്കിലും ബഫര്‍സോണുകള്‍ കടന്ന് മെയ്തെയ്കള്‍ ദേശീയപാതയില്‍ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കുക്കി സംഘങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഇതിനിടെ, ഇംഫാല്‍-ജിറിബാം എന്‍എച്ച് 37-ല്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാര ഉപരോധം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി താത്കാലികമായി പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ താമസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ ഇരുഭാഗത്തുമായി 16 കിലോമീറ്റര്‍ സഞ്ചരിക്കാനും രണ്ടാഴ്ച വീതം തങ്ങാനും അവകാശം നല്കുന്ന ഫ്രീ മൂവ്മെന്റ് റെഷിം റദ്ദാക്കാനും അതിര്‍ത്തി വേലികെട്ടിതിരിക്കാനുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉഖ്റുള്‍ ഉള്‍പ്പെടെ ആറ് നാഗാ ഭൂരിപക്ഷ ജില്ലകളില്‍ ദേശീയപാതയില്‍ ബ്ലോക്കേഡ് ഏര്‍പ്പെടുത്തിയിരുന്നത്.
കലാപത്തിന്റെ ആദ്യനാളുകളില്‍ പൊലീസ് ആര്‍മറികളില്‍ നിന്ന് സായുധസംഘങ്ങള്‍ ചെറുത്തുനില്പൊന്നും നേരിടാതെ എടുത്തുകൊണ്ടുപോയ 6,000 മുന്തിയ ആയുധങ്ങളില്‍ നല്ലൊരു പങ്കും ഇപ്പോഴും താഴ് വരയിലെയും മലയോരത്തെയും സായുധസംഘങ്ങളുടെ കൈകളിലാണ്. ബഫര്‍ സോണ്‍ അതിരുകളില്‍ സൈനിക സന്നാഹങ്ങളോടെ പ്രതിരോധം തീര്‍ക്കുന്ന വൊളന്റിയര്‍ സേനാംഗങ്ങളെ നിയന്ത്രിക്കാന്‍ സുരക്ഷാസേനയ്ക്കു കഴിയാത്തത് ചില രാഷ് ട്രീയ നിയന്ത്രണങ്ങള്‍ കൊണ്ടാണ്.
സംസ്ഥാനത്ത് വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളായ കുക്കി-സോ സമൂഹങ്ങളിലെ ജനങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ലൈംഗിക അതിക്രമങ്ങളുടെയും കൊള്ളയുടെയും വീഡിയോ തെളിവുകളുണ്ടായിട്ടും പേരുസഹിതം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കുറ്റവാളികളെ പിടികൂടാനും സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയ്ക്കുവന്ന നിരവധി വിഷയങ്ങളില്‍ അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ഗീത മിത്തല്‍ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനായി മെയ്തെയ് സായുധസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതിലും പൊലീസ് കമാന്‍ഡോകളെ നിയോഗിക്കുന്നതിലും താന്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ശബ്ദരേഖ എന്ന പേരിലുള്ള ഓഡിയോ ടേപ്പ് സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ മുമ്പാകെയുണ്ട്.
കലാപബാധിതരുമായി സംഭാഷണം, സായുധസംഘങ്ങളെ പിരിച്ചുവിടല്‍, ഇരകള്‍ക്ക് നഷ്ടപരിഹാരം, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, ഭരണഘടനാപരമായ സംരക്ഷണം, സൗഖ്യദായകമായ നീതി, നിയമപരമായ ഉത്തരവാദിത്തം, സമാധാനസ്ഥാപനത്തിനായുള്ള ആഗോള മാതൃകകള്‍ എന്നിവ നീതിയും സമാധാനവും ഉറപ്പാക്കാനുള്ള നടപടികളില്‍ മുന്‍ഗണന അര്‍ഹിക്കുന്നു.
മണിപ്പുരില്‍ മെയ്തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹജീവനം സാധ്യമാക്കുന്നതിന് അനുരഞ്ജന പ്രക്രിയ ഗൗരവബുദ്ധിയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ടീയ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയുടെ മണിപ്പുര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ ആര്‍ച്ച്ബിഷപ് ലീനസ് നേലി ഫീദെസ് വാര്‍ത്താ ഏജന്‍സിയോടു പറയുന്നുണ്ട്.
സമാധനം, ക്ഷേമം, വികസനം, ഐക്യം തുടങ്ങിയവയെക്കുറിച്ചും സാമ്പത്തിക പാക്കേജിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. എന്നാല്‍ ജനങ്ങളുടെ വേദനാജനകമായ ജീവിതാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ സംഖ്യ അമ്പതിനായിരത്തിലേറെ വരും. അവരുടെ സ്ഥിതി പരിതാപകരമാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ ഇരുഭാഗത്തെയും ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് അറുതിവരുത്തണം. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും അക്രമസംഭവങ്ങള്‍ തടയുന്നതിന് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സുരക്ഷാമേഖല തീര്‍ക്കുന്നത് താത്കാലിക സംവിധാനം മാത്രമാകണം. പ്രാഥമികമായി മുറിവുകള്‍ സൗഖ്യമാക്കേണ്ടതുണ്ട്.
വിഭജനത്തിന്റെ ഉപാധികള്‍ ഒഴിവാക്കി നീതിയുക്തവും നിഷ്പക്ഷവും ന്യായപൂര്‍ണവുമായ സമീപനം ആവശ്യമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ചകളുണ്ടാകണം. കത്തോലിക്കാ സഭ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സൗഖ്യത്തിനും അനുരഞ്ജനത്തിനുമായുള്ള പാലമായാണ് നിലകൊള്ളുന്നത്.
കലാപത്തില്‍ നശിപ്പിക്കപ്പെട്ട മൂന്നു കത്തോലിക്കാ ദേവാലയങ്ങള്‍ പൂര്‍ണമായി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. രണ്ട് ആശ്രമങ്ങള്‍ ഇപ്പോള്‍ സൈന്യത്തിന്റെ അധീനതയിലാണ്. വിശ്വാസി സമൂഹത്തിന് ആവശ്യമായ ശുശ്രൂഷ നല്കാന് ഇവ തിരിച്ചുകിട്ടേണ്ടതുണ്ടെന്നും ആര്‍ച്ച്ബിഷപ് നേലി പറയുന്നു.