ബ്രസീൽ: ബ്രസീലിലെ ഉഷ്ണമേഖലാ തീരപ്രദേശമായ കൊറൂറിപ്പിൽ വിമാനം തകർന്നുവീണതിനെ തുടർന്ന് വ്യാജ സ്പേസ് എക്സ് പാക്കേജിംഗിൽ പൊതിഞ്ഞ നിലയിൽ ഏകദേശം 200 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തി. വിമാനം തകർന്നതിനെത്തുടർന്ന് ഓസ്ട്രേലിയക്കാരനായ പൈലറ്റിനെ വിമാനത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.
തിമോത്തി ജെ. ക്ലാർക്ക് എന്ന പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനാവശിഷ്ടങ്ങൾക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമമായ ജി1 ഗ്ലോബോ റിപ്പോർട്ട് ചെയ്തു.. ഏകദേശം ഒമ്പത് ദശലക്ഷം ബ്രസീലിയൻ റിയാൽ (ഏകദേശം 16 മില്യൺ ഡോളർ) മൂല്യം വരുന്ന കൊക്കെയ്നാണ് കണ്ടെത്തിയത്. 187 ലധികം പായ്ക്കറ്റുകളിലായാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ അപകടം നടന്നത്. കരിമ്പിൻ തോട്ടത്തിലാണ് വിമാനം തകർന്നുവീണത്. സാംബിയയിൽ രജിസ്റ്റർ ചെയ്ത വിമാനം രണ്ട് വർഷമായി ബ്രസീലിൽ പ്രവർത്തിച്ചുവരുന്നതായാണ് പൊലീസ് പറയുന്നത്. വിമാനം എവിടെ നിന്നാണ് വന്നതെന്നോ എങ്ങോട്ടേക്ക് പോകുകയായിരുന്നെന്നോ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിൻറെ ഇന്ധന ടാങ്കുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ദീർഘദൂര പറക്കലിനായി സജ്ജീകരിച്ചതായാണെന്നാണ് സൂചനയെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

