ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ICPA) വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പുരസ്കാര സമര്പ്പമവും 19 മുതല്‍ 21 വരെ പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ നടക്കും.
മാധ്യമങ്ങള്‍ക്കായുള്ള ,CBCI കമ്മീഷന്റെ മേധാവിയും ബെല്ലാറി രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ. ഹെന്റി ഡിസൂസ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിക്കും.സീനിയര്‍ മാധ്യമപ്രവര്‍ത്തകയും പരിശീലകയുമായ കാരള്‍ അന്ഡ്രാദെയാണ് മുഖ്യപ്രഭാഷക.
ജ്ഞാനദീപ പ്രസിഡന്റ് റവ. ഡോ. ഡോളിച്ചന്‍ കൊളാറത്ത് എസ്.ജെ, ചിന്തകനും എഴുത്തുകാരനുമായ റവ. ഡോ. ഫ്രാന്‍സിസ് ഗൊണ്‍സാല്‍വസ് എസ്.ജെ. എന്നിവര്‍ ആശംസ നേരും.”അച്ചടിമാധ്യമങ്ങളുടെ പ്രസക്തിയും അതിജീവന സാധ്യതകളും” എന്നതാണ് 20നു നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ വിചിന്തന വിഷയം.
റവ. ഡോ. സുരേഷ് മാത്യു (ഇന്ത്യന്‍ കറന്റ്സ് മുന്‍ എഡിറ്റര്‍) വിഷയാവതരണം നടത്തും. റവ. ഡോ. സജിത്ത് സിറിയക്ക്, ഡയാനാ മാര്ട്ടിന് (ആമസോണ്‍ ഇന്ത്യ), റവ. ഡോ. ബിജു ആലപ്പാട്ട്, ഫാ. ആന്തണി പങ്ക്റാസ് (എഡിറ്റര്‍, ദ് ന്യൂ ലീഡര്‍), രഞ്ജിത്ത് ലീന്‍ (ഇന്ത്യന്‍ എക്സ്പ്രസ്) തുടങ്ങിയവര്‍ അനുബന്ധ വിഷയങ്ങള്‍ അവതരിപ്പിക്കും.
സൊസൈറ്റി ഓഫ് സെന്റ് പോള്‍ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി മാത്യു മോഡറേറ്റ് ചെയ്യും.ഈ അവതരണങ്ങളും, വിഷയവുമായി ബന്ധപ്പെട്ടുള്ള അംഗങ്ങളുടെ രചനകളും ഉള്‍പ്പെടുന്ന ”വിഷയഗ്രന്ഥ”ത്തിന്റെ പ്രകാശനം കണ്‍വന്‍ഷന്റെ സമാപനത്തില്ത്തന്നെ നടത്തുമെന്ന് ആതിഥേയ സംഘം അധ്യക്ഷനും പാവ്ളൈന് സന്യാസിയുമായ ഫാ. ജോ. എറുപ്പക്കാട്ട് അറിയിച്ചു.
സീറോ ഡെഡ്ലൈനില്‍ ഒരു ഗ്രന്ഥം ഇറക്കുക അത്യപൂര്‍വം. കണ്‍വെന്‍ഷനെ തുടര്‍ന്നാണ് പുരസ്കാര സമര്‍പ്പണ സമ്മേളനം. പ്രസിദ്ധീകരണത്തിന്റെ 175-ാം വര്‍ഷം ആഘോഷിക്കുന്ന ദി എക്സാമിനര്‍ (മുംബൈ), ശതാബ്ദി പിന്നിടുന്ന ചെറുപുഷ്പം മാസിക (മഞ്ഞുമ്മല്‍ കര്‍മലീത്ത സഭാ പ്രസിദ്ധീകരണം), സുവര്‍ണജൂബിലി കൊണ്ടാടിയ നാം വാഴ്വൂ (ചെന്നൈ) എന്നീ പ്രസിദ്ധീകരണങ്ങളെയും ഇന്ത്യയില്‍ തങ്ങളുടെ മാധ്യമശുശ്രൂഷയുടെ 90-ാം വാര്‍ഷികം കൊണ്ടാടുന്ന സൊസൈറ്റി ഓഫ് സെന്റ് പോളിനെയുമാണ് ആദ്യം ആദരിക്കുക.
അമരാവതി രൂപതയുടെ ബിഷപ്പ് ഡോ. മാല്‍ക്കം സെക്വീരയാണ് മുഖ്യാതിഥി. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷനാകും.തുടര്‍ന്ന്, അച്ചടി മാധ്യമരംഗത്തെ മികവിനുള്ള ”ലൂയിസ് കരേനോ അവാര്‍ഡ്” മൂന്നു പതിറ്റാണ്ടിലേറെ ദി എക്സാമിനര്‍ മാസികയുടെ എഡിറ്ററായിരുന്ന ഫാ. ആന്റണി ചാരങ്ങാട്ടിനും, ഹിന്ദി സാഹിത്യത്തിനു നല്കിയ സംഭാവനയ്ക്കുള്ള ”സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ്” ഫാ. കെറൂബിം ടിര്ക്കെയ്ക്കും, ഗ്രന്ഥരചനാ മേഖലയിലെ മികവിനും ധീരതയ്ക്കുമുള്ള ”ജെ. മാവ്രൂസ് അവാര്‍ഡ്” റെഷേല്‍ ബ്രട്ട്നി ഫെര്‍ണാണ്ടസിനും, ദൃശ്യമാധ്യമരംഗത്തെ സമര്‍പ്പണത്തിനും മികവിനുമുള്ള ”ബ്ലസഡ് ജയിംസ് അല്ബേരിയോനെ അവാര്‍ഡ്” ക്യാമറാ കന്യാസ്ത്രീ എന്ന് അറിയപ്പെടുന്ന സിസ്റ്റര്‍ ലിസ്മി സിഎംസിക്കും സമ്മാനിക്കും.
ICPA യുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യ അല്മായനായ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് സ്ഥാനമൊഴിയുന്നു എന്ന സവിശേഷതയും ഇത്തവണത്തെ ജനറല്‍ അസംബ്ലിക്കുണ്ട്.