ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. വഖഫ് ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത നടപടി ഭരണഘടനാ മൂല്യങ്ങളുടെ വിജയം എന്നാണ് വിധിയെ കോൺഗ്രസ് വിശേഷിപ്പിച്ചത്.
നിയമം ലക്ഷ്യമിട്ട ദുഷ്ട ഉദ്ദേശ്യങ്ങളെ മറികടക്കാൻ സുപ്രീം കോടതിയിടെ ഇടക്കാല വിധി കരുത്ത് നൽകുമെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ജയറാം രമേശ് പ്രതികരിച്ചു.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സമത്വം, സാഹോദര്യം എന്നിവ ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി.
സുപ്രീം കോടതിയുടെ ഇടപെടലോടെ നിയമ നിർമാണത്തെ പാർലമെന്റിൽ എതിർത്ത പാർട്ടികൾ കൂടിയാണ് വിജയിക്കുന്നത്. ഇപ്പോൾ കോടതി ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ നിയമം പരിഗണിച്ച പാർലമെന്ററി കമ്മിറ്റിയിലെ അംഗങ്ങൾ എഴുതി നൽകിയിട്ടുള്ളതാണ്.