കൊച്ചി: കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്.
ഡോക്ടര്‍ എന്നതിലുപരി മനുഷ്യന് എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്ന് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം എന്നും ജോ ജോസഫ് കുറിച്ചു.
റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന് ഏലിയാസിന് നല്‍കുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി.
33 കാരനായ ഐസക് ജോര്‍ജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തില്‍ പരിക്കേറ്റത്. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്.
29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയില്‍ നടന്നത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന് ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.