ദോഹ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ചേരുന്നു . ഈമാസം 14-15 തീയതികളിലാണ് ഉച്ചകോടി. ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അറബ്-ഇസ്ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി അറിയിച്ചു .
ആക്രമണത്തിനെതിരെ ഈ മേഖലയിൽനിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . തുടർനടപടികൾ മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചന നടത്തിയാണ് തീരുമാനിക്കും . ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.