പക്ഷം / ലൂയിസ് തണ്ണിക്കോട്ട്
സിപിഎം ഒഴിച്ചുള്ള കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും, ആഭ്യന്തരവകുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അത് അനിഷ്ടത്തിന്റെ അടയാള ശബ്ദം ആണ്. അനിഷ്ടങ്ങള്‍ ഇനിയുമുണ്ട് പലതും. ഒപ്പമുള്ളവരില്‍ ആരും തന്നെ പച്ചയ്ക്ക് തുറന്നു പറയുന്നില്ല എന്നു മാത്രം. അത്തരം അനിഷ്ടങ്ങളുടെ അടയാളമായിരുന്നല്ലോ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്. ഇപ്പോഴും അനിഷ്ടങ്ങള്‍ക്ക് കുറവൊന്നുമില്ല. ഓര്‍ക്കണം, കുത്തഴിഞ്ഞ പൊലീസ് ശൈലിയുടെ പേരില്‍ ഒരു മുഖ്യമന്ത്രി രാജിവച്ച സംസ്ഥാനമാണ് കേരളം.
ഓണം സമത്വസുന്ദര നാളുകളുടെ ഓര്‍മ്മയാണ്. കള്ളവും ചതിവുമില്ലാത്ത ഒരു അസുര ചക്രവര്‍ത്തി കേരളം ഭരിച്ച നാളുകള്‍ സ്വപ്നത്തിലെന്നോണം താലോലിക്കുന്ന ദിനങ്ങള്‍. പ്രജാക്ഷേമ തല്പരനായ ഭരണകര്‍ത്താവ് മഹാബലിയുടെ ഓര്‍മ്മകളെ, ഇന്ന് കേരളീയര്‍, കുടുംബാംഗങ്ങളുടെ കൂടിവരവായും, തൂശനിലയിലെ തിരുവോണ സദ്യയായും, ഓണോത്സവങ്ങളുടെ ആഘോഷമായും കൊണ്ടാടുന്ന നാളുകള്‍. കേരളീയരായ നമ്മള് മഹാബലി എന്ന ഭരണാധികാരിയുടെ ഭരണം ഇപ്പോഴും വെറുതെ മോഹിക്കുന്നുമുണ്ട് എന്നതും, ഓണം പറയാതെ പറയുന്ന യാഥാര്‍ഥ്യം.
ഈ ഓണനാളുകളില്‍ തന്നെയാണ്, 2023 ഏപ്രില്‍ അഞ്ചിന് തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരു പീഡന കഥ കേരളം കണ്ടതും കേട്ടതും. പൊതുസ്ഥലത്ത് ചിലര്‍ മദ്യപിക്കുന്നു എന്ന വിവരാടിസ്ഥാനത്തില്‍, അയല്‍ക്കാരായ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുകയും, പൊലീസുമായുള്ള വാക്കു തര്‍ക്കവുമാണ് കണ്ണില്‍ ചോരയില്ലാത്ത മര്‍ദ്ദനത്തിനും കള്ള കേസിനും സുജിത്ത് എന്ന് ചെറുപ്പക്കാരന് വിധേയനാകാന്‍ കാരണമത്രേ.!
ഓര്‍ക്കേണ്ടത്, 2006-ലെ പ്രകാശ് സിംഗ് കേസിനോടനുബന്ധിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പൊലീസ് കംപ്ലൈന്റ് അതോറിറ്റി രൂപീകരിച്ചപ്പോള്‍, കേരളത്തിലും ഈ സംവിധാനം ഉള്ളപ്പോഴാണ്, പീഡനത്തിന് ഇരയായ യുവാവ് നീതിക്കായി രണ്ടു വര്‍ഷത്തിലേറെ അലഞ്ഞു എന്നതും നിഷേധിക്കപ്പെടുന്ന നീതിയുടെ ബാക്കിപത്രം.
കേരള പൊലീസ് സേനയുടെ മഹത്വം തിരിച്ചറിയുന്ന, പൊതുസമൂഹത്തിലും സേനാംഗങ്ങളിലും, ഈ സംഭവം കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ടെന്നത് നിശ്ചയം. ‘ആയിരം പറ പരിപ്പു കൊണ്ട് പായസം വെച്ച്, അതില്‍ അര തവി മണ്ണെണ്ണ വീഴ്ത്തിയാല്‍ ‘ എന്നതുപോലെയായി ബഹുഭൂരിപക്ഷം സത്യസന്ധരും നിഷ്പക്ഷമതികളും ആയ പൊലീസ് സേനയെ പൊതുസമൂഹം ഇത്തരം സംഭവങ്ങളില്‍ രുചിച്ചറിയുന്നത്. മാത്രവുമല്ല, ഒന്നിനു പിറകെ ഒന്നായി ദിനംപ്രതി പുറത്തുവരുന്ന കസ്റ്റഡി പീഡന കഥകള്‍ ആ രുചിയുടെ മടുപ്പ് കൂട്ടുകയും ചെയ്യുന്നു.
കേരള പൊലീസില്‍ ഒരു ചെറിയ ന്യൂനപക്ഷത്തിന് മനുഷ്യാവകാശ ബോധം വേരറ്റുപോയി എന്ന് തെളിയിക്കുന്നതാണ് കുന്നംകുളം സംഭവം. ഉയര്‍ന്ന സാക്ഷരതയുടെയും മനുഷ്യാവകാശ ബോധത്തിന്റെയും പേരില്‍ അഭിമാനിക്കുന്ന കേരളത്തിലാണ് ഇത്ര ക്രൂരതയോടെ ഒരു പൗരനോട് നീതി പാലകരില്‍ ചിലര്‍ പെരുമാറിയതെന്നത് ഏറെ ചിന്തനീയം തന്നെ. കുറ്റവാസനയുള്ള ചിലരെങ്കിലും സേനയില്‍ ഉണ്ടായാല്‍ പൊലീസുമായി ബന്ധപ്പെടുന്ന സാധാരണക്കാരന് മനസ്സമാധാനം നഷ്ടപ്പെടും തീര്‍ച്ച. കസ്റ്റഡി മരണങ്ങള് അടക്കമുള്ള സംഭവങ്ങള്‍ പൊലീസുമായുള്ള ഇടപെടലില്‍ മനസമാധാനം മാത്രമല്ല സാധാരണ പൗരന്റെ ഉറക്കവും നഷ്ടപ്പെടുത്തും. അവിടെ ‘ജനമൈത്രി ‘ എന്നത് കേവലം ഒരു പേരു മാത്രമായി അവശേഷിക്കും.
ഇത്തരം കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റങ്ങളോട് അധികാര രാഷ്ട്രീയത്തോടുള്ള വിധേയത്വം ആണ് കാരണമെങ്കില്‍, അത് നന്നായി അനുഭവിച്ചിട്ടുള്ള ഭരണാധികാരിയാണ് ഇന്ന് കേരളം ഭരിക്കുന്ന, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്.
1977 മാര്‍ച്ച് 30ലെ ബജറ്റ് ചര്‍ച്ച പ്രസംഗത്തില്‍ തനിക്കേറ്റ പീഡനമാണ് ബജറ്റ് വിഷയത്തേക്കാള്‍ കൂടുതലായി നിയമസഭയില്‍ അദ്ദേഹം വിവരിച്ചത്. നിയമസഭാ രേഖകളില്‍ ആ പീഡന കഥ ഉണ്ടുതാനും. ‘………അവസാനം എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയായപ്പോള്‍ അവരെല്ലാം മാറിമാറി പുറത്ത് ചവിട്ടി …… ചവിട്ടു തുടര്‍ന്നു……. പിറ്റേദിവസം അങ്ങനെതന്നെ കിടന്നു. അതിനിടയില്‍ ട്രൗസര്‍ ഒഴിച്ച് മറ്റെല്ലാം പോയി…….. അതാണ് ലോക്കപ്പില്‍ വെച്ച് എനിക്കുണ്ടായത്. പിറ്റേന്ന് കണ്ണൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ എടുത്താണ് ജീപ്പില്‍ കയറ്റിയത്. അര്‍ദ്ധരാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി വാര്ഡന് ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുത്തിട്ടും രേഖപ്പെടുത്തിയില്ല…….. ജയിലില്‍ ഉണ്ടായിരുന്ന മറ്റ് എംഎല്‍എമാര്‍ എടുത്താണ് കൊണ്ടുപോയത്………. ആറാഴ്ചക്കാലം കാലില്‍ പ്ലാസ്റ്ററുമായി കഴിഞ്ഞു………’ ഇങ്ങനെ പോകുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ 1977ലെ നിയമസഭയിലെ വാക്കുകള്‍.
അന്ന് ആ കസേരയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി കെ. കരുണാകരന് മൂന്നാഴ്ചയ്ക്കുശേഷം ഏപ്രില്‍ 27 ന് രാജന് കേസിന്റെ പേരില്‍ രാജിവച്ചു. അന്നത്തെ കരുണാകരന്റെ ഇരിപ്പിടത്തില്‍ മുഖ്യമന്ത്രിയായി ഇന്ന് പിണറായി വിജയന്, അന്നത്തെ പൊലീസില്‍ നിന്ന് അഞ്ചര പതിറ്റാണ്ട് കഴിഞ്ഞ്, കരുണാകരനില്‍ നിന്ന് പിണറായിയില്‍ എത്തിയിട്ടും ഇന്നത്തെ പൊലീസിന് എന്ത് മാറ്റമുണ്ട് ? പ്രത്യേകിച്ച് ലോക്കപ്പ് പീഡനത്തിന്റെ കഠിനവേദന സ്വന്തം ശരീരത്തില്‍ അറിഞ്ഞിട്ടുള്ള ഒരു സഖാവ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ ?
മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനങ്ങളും ന്യായീകരിക്കാന്‍ ആവില്ല എന്ന് പലതവണ മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹം മറന്നു പോകാന്‍ പാടില്ലാത്തത് 1975 നിന്ന് 2025 എത്തുമ്പോള്‍ കാലവും കേരളവും ഒത്തിരി മാറിയിരിക്കുന്നു എന്നതല്ലേ?
റേഡിയോയില്‍ നിന്ന് ടിവിയും മൊബൈല്‍ ഫോണും കടന്ന് ലോകം എഐ യില്‍ എത്തിയിരിക്കുന്നു….! സമയത്തെ കീഴ്പ്പെടുത്താന്‍ വേഗതയ്ക്കായി ദേശീയപാത 66, തീരദേശ ഹൈവേ തുടങ്ങി…… വിഴിഞ്ഞം ഉള്‍പ്പെടെ വികസനത്തിന്റെ മടിത്തട്ടില്‍ കേരളം എത്തിയെന്ന് അവകാശപ്പെടുമ്പോഴും, നമ്മുടെ നീതിപാലക സേനയിലെ ചിലര്‍ എന്താ ഇങ്ങനെ ?
അധികാര രാഷ്ട്രീയത്തോടുള്ള വിധേയത്വമായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് പീഡനങ്ങള്‍ എന്ന് നമ്മള് വിശ്വസിക്കുമ്പോഴും, അതിപ്പോഴും അതേപടി തുടരുന്നു എങ്കില്‍ അത് കൂടുതല്‍ ഗൗരവതരം തന്നെ. മറക്കണ്ട കേരളത്തിലെ എല്‍ഡിഎഫിലെ പ്രധാന കക്ഷി സിപിഎം ഒഴിച്ചുള്ള കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും, ആഭ്യന്തരവകുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അത് അനിഷ്ടത്തിന്റെ അടയാള ശബ്ദം ആണ്. അനിഷ്ടങ്ങള്‍ ഇനിയുമുണ്ട് പലതും. ഒപ്പമുള്ളവരില്‍ ആരും തന്നെ പച്ചയ്ക്ക് തുറന്നു പറയുന്നില്ല എന്നു മാത്രം. അത്തരം അനിഷ്ടങ്ങളുടെ അടയാളമായിരുന്നല്ലോ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്. ഇപ്പോഴും അനിഷ്ടങ്ങള്‍ക്ക് കുറവൊന്നുമില്ല. ഓര്‍ക്കണം, കുത്തഴിഞ്ഞ പൊലീസ് ശൈലിയുടെ പേരില്‍ ഒരു മുഖ്യമന്ത്രി രാജിവച്ച സംസ്ഥാനമാണ് കേരളം.
നാട്ടില്‍ അരിക്ഷിതാവസ്ഥയും നിയമലംഘനങ്ങളും ഉണ്ടാകുമ്പോള്‍, ഭരണകൂടത്തിന്റെ നിലപാടുകള്‍ തിരുത്താന്‍ പക്ഷം ചേരേണ്ടവരാണ് പ്രതിപക്ഷം. കുന്നംകുളത്തെ സുജിത്തിന്റെ കാര്യത്തില്‍ സ്വന്തം പാര്ട്ടിക്കാരന് ആയിരുന്നിട്ടു കൂടി ആ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ അവര്‍ക്ക് കഴിഞ്ഞുവോ? കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ചത് സാധാരണ വാര്‍ത്ത മാത്രമായി. അന്നത്തെ നേതാക്കള്‍ സുജിത്ത് വിഷയത്തില്‍ അര്‍ഹിക്കുന്ന പരിഗണന കൊടുക്കുകയോ സമരമുഖം തുറക്കുകയോ ചെയ്തുവോ? സുജിത്തിന്റെ നിശ്ചയദാര്ഢ്യത്തിലുറച്ച നിയമ പോരാട്ടങ്ങളിലൂടെ മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് സംഘഗാനം മുഴക്കിയേനെ ഭരണകൂട വാഴ്ത്തിപ്പാട്ടുകാര്.
പീഢന ദൃശ്യങ്ങള്‍ പൊതുസമൂഹം കണ്ടപ്പോള്‍ മാത്രമല്ലേ സ്വന്തം പാര്ട്ടിക്കാര് പോലും കേരളം അറിയുന്ന തരത്തില്‍ പ്രതിഷേധ കൊടി ഉയര്‍ത്തിയത്. പ്രതിപക്ഷപാര്‍ട്ടി കുന്നംകുളം പ്രശ്നം കേരളത്തിലെ പൊതുസമൂഹത്തില്‍ അന്നേ ഉയര്‍ത്തേണ്ടത് ആയിരുന്നില്ലേ?
കോണ്‍ഗ്രസിലെ ഒരു യുവ നേതാവ് അതിക്രൂരമായ മര്ദ്ദനത്തിനിരയായിട്ട് അതിനെതിരെ ശക്തമായ സമരം നടത്താന്‍ സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസിന് രണ്ടര വര്‍ഷം വേണ്ടിവന്നു എന്നത് നമ്മുടെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിശകലനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട്.
സര്‍ക്കാര്‍ വഴിതെറ്റിയാല്‍, മനുഷ്യരുടെ പ്രശ്നം ഏറ്റെടുത്ത് ശക്തമായ സമരം നയിച്ചു സര്‍ക്കാരിനെ തിരുത്തേണ്ടത് പ്രതിപക്ഷമാണ്. ഞങ്ങള്‍ തിരുത്താന്‍ ശക്തരാണെന്നും, മുന്നിലുണ്ടെന്നും പ്രതിപക്ഷം ജനങ്ങളോട് പറയണം. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, സമരങ്ങളിലൂടെ ആ കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. പൊതുജനത്തിന് ഉണ്ടാകുന്ന ഈ ബോധ്യമാണ് പ്രതിപക്ഷത്ത് നിന്നും ഭരണത്തിലേക്കുള്ള ചവിട്ടുപടി.പ്രായത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്ത, കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായ വി.എസ്.അച്യുതാനന്ദനെ ഇത്തരത്തില്‍ സ്മരിക്കട്ടെ.
പറഞ്ഞുവന്നത് ആഭ്യന്തരവകുപ്പിനെ കുറിച്ചും പൊലീസിനെ കുറിച്ചും ആണല്ലോ? കുറ്റാന്വേഷണം വിദഗ്ധമായി തെളിയിക്കുന്നതില്‍ കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്ത് തന്നെയാണ്, സംശയമില്ല. അപ്പോഴും ‘വിമര്‍ശനങ്ങള്‍ ‘ പൊലീസിന്റെ ആത്മവീര്യം കെടുത്തുന്ന ശ്രമമാണെന്ന് കരുതി ഭരണകൂടവും പാര്‍ട്ടികളും വിമര്‍ശനങ്ങളെ തള്ളിക്കളയരുത്. അത്തരം നിലപാട് കുന്നംകുളം, പീച്ചി തുടങ്ങിയ സംഭവങ്ങളുടെ മൗനാനുവാദമാകും. ജനാധിപത്യ പരിഷ്കൃത സമൂഹത്തിലെ പൊലീസ് ജനങ്ങളുടെ സേവകരും സംരക്ഷകരും ആണ് എന്ന ബോധ്യം സേനാംഗങ്ങളില്‍ ഉണ്ടാവണം. അതില്‍ നിന്ന് വ്യതിചലിക്കുന്നവരെ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ക്ക് വിധേയരാക്കുകയും മനുഷ്യത്വവല്‍ക്കരിക്കുകയും വേണം. തെറ്റുകളെ ന്യായീകരിക്കുകയല്ല, തിരുത്തി മുന്നോട്ടു പോകുകയാണ് കരണീയം. ഇനിയും ആ വഴി നടന്നില്ലെങ്കില്‍ കേള്‍ക്കണം ആ വാക്കുകള്‍.
.’…….. പക്ഷേ ലോകത്തോട് ഒരു ചോദ്യം ഞാന്‍ ഇപ്പോഴും ബാക്കിയാക്കുന്നു. ………..എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങള്‍ എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് ?’ ഒരച്ഛന്റെ ഉള്ളുലയ്ക്കുന്ന ചോദ്യം, വര്‍ഷങ്ങള്‍ക്കിപ്പുറവും കേരളത്തിന്റെ നോവാണ്. പ്രൊഫസര്‍ ഈച്ചരവാര്യര്‍ എന്ന അച്ഛന്റെ മകന് രാജനെക്കുറിച്ചുള്ള നോവു കനിയുന്ന ഓര്‍മ്മ. ”പൊലീസല്ലെങ്കില് പിന്നെ എന്റെ മകനെ കൊന്നത് ആരാണ് ”….? എന്ന വൃദ്ധയായ ഒരു അമ്മയുടെ നെഞ്ചുപൊട്ടുന്ന ചോദ്യവും ഈ ഓണ നാളുകളില്‍ മനുഷ്യ മനസ്സുകളില്‍ തേങ്ങുന്നുണ്ട്. അതെ, ഉരുട്ടി കൊലചെയ്യപ്പെട്ടു എന്ന് കരുതുന്ന ഉദയകുമാറിന്റെ അമ്മയുടെ കണ്ണീരോര്‍മ്മ.
‘മൃദുഭാവേ ……. ദൃഢകൃത്യേ……. ‘ എന്നതാണ് കേരള പൊലീസിന്റെ ആപ്തവാക്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് അര്‍ത്ഥവും ഉത്തരവാദിത്വവും.
കക്ഷി രാഷ്ട്രീയത്തിനും മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കും അതീതമായി, കേരള പൊലീസ് ‘യഥാര്‍ത്ഥ ജനമൈത്രി ‘ ആവണം…….ചെറുന്യൂനപക്ഷത്തിന്റെ പേരില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സല്‍പ്പേര് പൊലീസ് സേന തീര്‍ച്ചയായും വീണ്ടെടുക്കണം. വീണ്ടെടുത്തേ മതിയാകൂ…….! കാരണം, സാധാരണക്കാരന്റെ ആദ്യ കോടതിയാണ് പൊലീസ്…….!
ആ മാറ്റത്തിനായി ഭരണാധികാരികള്‍ മൗനം വെടിഞ്ഞ് നിലപാട് പറയണം. തിരുത്തലിന്, തീര്‍ച്ചയുള്ള പദ്ധതികള്‍ ഉണ്ടാവണം. അതുവഴി കേരള പൊലീസ് സേനയില്‍ നിന്നും ……. ‘നീതി ജലം പോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലു പോലെയും ..’ (ആമോസ് : 5/ 24)