തൃശൂര്: ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് നാടൻ താളമേളങ്ങൾ തൃശ്ശൂരിന്റെ തെരുവുകളെ ഇളക്കിമറിക്കും, ഓണാഘോഷത്തിലെ ഏറ്റവും ഉജ്ജ്വലവും ഒഴിവാക്കാനാവാത്തതുമായ കാഴ്ചകളിലൊന്നായ പുലിക്കളിക്ക് ഇനി മണിക്കൂറുകൾ ബാക്കി.
നഗരത്തിന്റെ ഒമ്പത് കോണുകളിൽ നിന്ന്, മഞ്ഞ, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള വർണ്ണങ്ങളണിഞ്ഞ 400-ലധികം പുലികൾ സ്വരാജ് റൗണ്ടിലേക്കെത്തി നൃത്തം ചെയ്യും.
തൃശ്ശൂരിന്റെ തനതായ ഒരു തെരുവ് ഘോഷയാത്രയായ പുലിക്കളി, ഇവിടെ ഓണക്കാലത്തിന്റെ ക്ലൈമാക്സ് ആണ്. കേരളത്തിലെ മറ്റിടങ്ങളിൽ ഓണാഘോഷങ്ങൾ അവസാനിച്ചിട്ടുണ്ടെങ്കിലും, തൃശ്ശൂരിലെ ജനങ്ങൾക്ക്, നാലാം ഓണദിനത്തിലെ പുലിക്കളിയോടെ മാത്രമേ ഉത്സവം അവസാനിക്കൂ.
സ്ഥിരം കലാകാരന്മാർ മാത്രമല്ല ഇത് അവതരിപ്പിക്കുന്നത്. കടുവ സംഘങ്ങൾക്കൊപ്പം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് കാണികൾ നഗരത്തിന്റെ വഴിയോരങ്ങളിൽ തടിച്ചുകൂടി ആർപ്പുവിളിച്ചും, കൈയടിച്ചും, മുഴങ്ങുന്ന ഡ്രം ബീറ്റുകളിൽ ആടിയും അർമ്മാദിക്കും . നാടൻ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തിൽ അരമണികുലുക്കി കുടവയർ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും.
വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകളാണ് പങ്കെടുക്കുന്നത് .
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായി ഫ്ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും.