വത്തിക്കാൻ സിറ്റി: സെപ്റ്റംബർ മാസം നാലാം തീയതി വ്യാഴാഴ്ച, ഇസ്രായേൽ രാഷ്ട്രപതി ഇസാക്ക് ഹെർസോഗിനെ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ സ്വീകരിക്കുകയും, തുടർന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ ഗാല്ലഘറുമായും കൂടിക്കാഴ്ച്ച നടത്തി. ഇത് സംബന്ധിച്ച വിവരങ്ങൾ, വത്തിക്കാൻ വാർത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
തികച്ചും സൗഹൃദപരമായ സംഭാഷണത്തിൽ, നിരവധി സംഘർഷങ്ങൾ നിലനിൽക്കുന്ന മധ്യ പൂർവ്വേഷ്യയിലെ, പ്രത്യേകമായും ഗാസയിലെ ദാരുണമായ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങൾ ചർച്ച ചെയ്തു.
സന്നദ്ധതയോടും, ധീരമായ തീരുമാനങ്ങളോടും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ എല്ലാ ബന്ദികളുടെയും മോചനം സാധ്യമാക്കുവാനും, സ്ഥിരമായ ഒരു വെടിനിർത്തൽ അടിയന്തിരമായി കൈവരിക്കാനും, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുവാനും, ഇരു ജനതയുടെയും നിയമാനുസൃതമായ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുവാനും കഴിയുന്ന തരത്തിൽ, ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കുമെന്ന് സംഭാഷണത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
പലസ്തീൻ ജനതയുടെ ഭാവി എങ്ങനെ സുരക്ഷിതമായി ഉറപ്പാക്കാമെന്നും, മേഖലയിൽ സമാധാനവും സ്ഥിരതയും വീണ്ടും എപ്രകാരം കൈവരിക്കാമെന്നും ചർച്ചയിൽ പ്രത്യേകം അടിവരയിട്ടു. നിലവിലുള്ള യുദ്ധത്തിൽ നിന്നുള്ള ഏക പോംവഴിയായി ദ്വിരാഷ്ട്ര പരിഹാരത്തെ പരിശുദ്ധ സിംഹാസനം വീണ്ടും എടുത്തു പറഞ്ഞു.
പരിശുദ്ധ സിംഹാസനവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ മൂല്യം എടുത്തുപറയുകയും, ഭരണാധികാരികളും പ്രാദേശിക സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിരവധി വിഷയങ്ങളും, ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചയിൽ അഭിസംബോധന ചെയ്തു.
മധ്യ പൂർവ്വേഷ്യയിൽ, വിദ്യാഭ്യാസം, സാമൂഹിക ഐക്യം, മാനുഷികവും സാമൂഹികവുമായ ഉന്നമനത്തിനു കത്തോലിക്കാ സഭ നൽകുന്ന സേവനങ്ങളും, ചർച്ചയിൽ സംസാരിച്ചു