എഡിറ്റോറിയൽ / ജെക്കോബി
കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെയും സ്ഥിരനിയമനം ലഭിക്കാതെയും ജീവിതം വഴിമുട്ടിയ പതിനാറായിരം അധ്യാപകര്‍ക്ക് നീതി നിഷേധിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍, ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കേരള മോഡല്‍ പൊള്ളത്തരം തന്നെയാണ് വെളിപ്പെടുത്തുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എഴുപതു ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളില്‍ വര്‍ഷങ്ങളായി ദിവസവേതനക്കാരും താത്കാലിക ജീവനക്കാരെന്ന നിലയില്‍ അരക്ഷിതരുമായി കഴിയുന്ന ആയിരകണക്കിന് അധ്യാപകരുടെ ജീവിതത്തിലെ അനിശ്ചിതത്വം, പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപക നിയമനത്തെയും സേവനവ്യവസ്ഥകളെയും അക്കാദമിക നിലവാരത്തെയും വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ട അധ്യയന സൗകര്യങ്ങളെയും താറുമാറാക്കുന്ന ഒരു ദുരന്തവാഴ്ചയുടെ ബാക്കിപത്രമാണ്.
എയ്ഡഡ് സ്കൂള്‍ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംവരണ ക്വാട്ട നിശ്ചിതസമയത്ത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തന്നെ സങ്കീര്‍ണമാക്കിയ പ്രശ്നങ്ങള്‍ക്ക് സുപ്രീം കോടതി പ്രതിവിധി നിര്‍ദേശിച്ചിട്ടും അവിടെയും നായര്‍ സര്‍വീസ് സൊസൈറ്റി മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകള്‍ക്ക് ഒരു നീതിയും ഇതര മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു നീതിയും നടപ്പാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്.
പാര്‍ലമെന്റ് 1995-ല്‍ പാസാക്കിയ ഭിന്നശേഷിക്കാര്‍ (തുല്യ അവസരങ്ങളും അവകാശങ്ങളുടെ സംരക്ഷണവും പൂര്‍ണ പങ്കാളിത്തവും) നിയമം അനുസരിച്ച് ഒഴിവുകളില്‍ മൂന്നു ശതമാനം 1996 ഫെബ്രുവരി ഏഴു മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യേണ്ടതായിരുന്നു.
2016-ല്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം പരിഷ്കരിച്ചു, സംവരണതോത് നാലു ശതമാനമാക്കി. രണ്ടുവര്‍ഷം കഴിഞ്ഞ് 2018 നവംബറിലാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിജ്ഞാപനത്തിലൂടെ സംവരണ ക്വാട്ട നടപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മൂന്നു വര്‍ഷം കഴിഞ്ഞ് 2021 നവംബറിലാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍, സീനിയര്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നീ വിഭാഗങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നില്ലെന്നു കാട്ടി കേരള ഫെഡറേഷന് ഓഫ് ദ് ബ്ലൈന്‍ഡ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോഴായിരുന്നു നടപടി.
1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18 വരെ നടത്തിയ നിയമനങ്ങളില്‍ മൂന്നു ശതമാനവും, 2017 ഏപ്രില്‍ 19 മുതലുള്ള നിയമനങ്ങളില്‍ നാലു ശതമാനവും (ബാക് ലോഗ്) ഭിന്നശേഷി സംവരണം ഉറപ്പാക്കിവേണം 2021 നവംബര്‍ എട്ടു മുതലുള്ള മറ്റ് ഒഴിവുകളില്‍ നിയമനം നടത്താനെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെ നടത്തിയിട്ടുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിന് ഭിന്നശേഷി സംവരണ ക്വാട്ട നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. 2021 നവംബര്‍ എട്ടിനു മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ അവരുടെ നിയമനം സ്ഥിരപ്പെടുത്താനാവില്ലെന്നും കോടതി വിധിച്ചു. 2021 നവംബര്‍ എട്ടിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ദിവസവേതനം മാത്രമേ ലഭിക്കൂ എന്നും കോടതി വ്യക്തമാക്കി. 2022 ജൂണിലാണ് ഭിന്നശേഷി സംവരണ നിയമനത്തിനുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഭിന്നശേഷി സംവരണം പാലിക്കാതെ നടത്തിയ മുന്‍കാല നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ ഉത്തരവിന്റെ പ്രത്യാഘാതം അനുഭവിച്ച അധ്യാപകര്‍ കോടതിയെ സമീപിച്ചപ്പോള്‍, 2022-23 അധ്യയന വര്‍ഷത്തില്‍ 3,000 ഒഴിവുകളുണ്ടാകുമെന്നും ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ അതു ധാരാളമാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 2021 മുതല്‍ ഉണ്ടായിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിര്‍ദേശങ്ങളുടെയും ഫലമായി ഭിന്നശേഷി സംവരണം നടപ്പാക്കാതെ സ്ഥിരനിയമനം അംഗീകരിക്കപ്പെടുന്നില്ല. പ്രതിസന്ധി രൂക്ഷമാക്കുന്നത് ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് യോഗ്യരായ അപേക്ഷകരെ ലഭിക്കുന്നില്ല എന്നതാണ്. എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണ ക്വാട്ടയില്‍ 7,301 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നാണ് കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ആറു വര്‍ഷം ശമ്പളം കിട്ടാതെയും നിയമന അംഗീകാരം ലഭിക്കാതെയും വലഞ്ഞ്, എല്ലാ പ്രത്യാശയും അസ്തമിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 19ന് കോഴിക്കോട് കോടഞ്ചേരിയില്‍ 29 വയസുള്ള എല്‍പി സ്കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്തത്. പത്തനംതിട്ടയില്‍ 13 വര്‍ഷമായി ശമ്പളം കിട്ടാത്ത എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ 46 വയസുള്ള ഭര്‍ത്താവ് മകന്റെ എന്‍ജിനിയറിങ് കോഴ്സ് അഡ്മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മഹത്യ ചെയ്തതായി ഇക്കഴിഞ്ഞ മാസം റിപ്പോര്‍ട്ടുണ്ടായി. അധ്യാപനത്തിനു ശമ്പളം കിട്ടാത്തതിനാല്‍ കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാതെ രാത്രി തട്ടുകടയില്‍ പണിയെടുക്കാന്‍ പോകുന്ന അധ്യാപകന്റെ കഥ നാം കേട്ടു. കഴുത്തില്‍ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പ്രതിഷേധ റാലി നടത്തുന്ന അധ്യാപകരുടെ ദൈന്യചിത്രം എങ്ങനെ മറക്കാനാകും!
ഭിന്നശേഷി സംവരണം നടപ്പാക്കിയാലേ മറ്റുള്ള നിയമനങ്ങള്‍ അംഗീകരിക്കാവൂ എന്ന 2023 ജൂലൈ 12-ലെ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് എന്‍എസ്എസ് മാനേജ്മെന്റിന്റെ അപ്പീലില്‍, ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി നിയമാനുസൃതമായ തസ്തികകള്‍ ഒഴിച്ചിട്ടുകൊണ്ട് മറ്റ് ഒഴിവുകളില്‍ റെഗുലര്‍ ശമ്പള സ്കെയിലില്‍ സ്ഥിരനിയമനം നടത്താനും അപ്രകാരം നിയമിതരായവരുടെ സേവനകാലം വേണ്ടവിധത്തില്‍ ക്രമീകരിക്കാനും കഴിഞ്ഞ മാര്‍ച്ച് നാലിന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഭിന്നശേഷി സംവരണത്തിന് നീക്കിവെക്കേണ്ട തസ്തികകളില്‍ ഒഴികെയുള്ളവയില്‍ നടത്തിയ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും സ്റ്റാന്‍ഡിങ് കോണ്‍സലും കോടതിയെ അറിയിച്ചു. ഭിന്നശേഷിക്കാരുടെ നിയമനത്തിനായി 60 തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന് എന്‍എസ്എസ് കോടതിയെ ബോധ്യപ്പെടുത്തി. സമാന സ്ഥിതിയിലുള്ള എല്ലാ വിഭാഗം മാനേജ്മെന്റുകളുടെയും എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്കും ഈ വിധി ബാധകമാണെന്ന് ഉത്തരവിന്റെ ഏഴാം ഖണ്ഡികയില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, എന്‍എസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ മാത്രം റെഗുലര്‍ ശമ്പള സ്കെയില്‍ അംഗീകരിച്ചു നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് കേരള സര്‍ക്കാര്‍ മാര്‍ച്ച് 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്‍എസ്എസ് സ്കൂളുകളില്‍ സ്ഥിരനിയമനം കാത്തിരുന്ന മുന്നൂറോളം ജീവനക്കാര്‍ക്ക് ഈ ഉത്തരവിന്റെ ഗുണഫലം ലഭിക്കുമെന്നാണ് മാനേജ്മെന്റ് അന്നു പറഞ്ഞത്.
കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ കൗണ്‍സിലിന്റെ വിദ്യാഭ്യാസ കമ്മിഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ കത്തോലിക്കാ മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ക്കും സമാന വ്യവസ്ഥകള്‍ക്ക് അനുകൂലമായ വിധിന്യായം ലഭിച്ചെങ്കിലും സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്, സുപ്രീം കോടതിയുടെ തീര്‍പ്പ് എന്‍എസ്എസിനു മാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകള്‍ പ്രത്യേക ഉത്തരവ് വാങ്ങണമെന്നുമാണ്. ഈ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും സുപ്രീം കോടതിയുടെ നിര്‍ദിഷ്ട വിധി ബാധകമാണെന്ന് കോഴിക്കോട് പുന്നശ്ശേരി കുട്ടമ്പൂര് ഹയര്‍ സെക്കന്‍ഡറി എയ്ഡഡ് സ്കൂളിലെ എച്ച്എസ്ടി (ഫിസിക്കല്‍ സയന്‍സ്) അധ്യാപിക നിയമനം സ്ഥിരപ്പെടുത്താനായി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതിയില്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവില്‍ വ്യക്തമാക്കുകയുണ്ടായി.
ഭിന്നശേഷി നിയമനത്തിന് തങ്ങള്‍ ഒരിക്കലും എതിരല്ലെന്ന് ക്രൈസ്തവ മാനേജ്മെന്റുകളും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഭിന്നശേഷി നിയമനത്തിന് സ്കൂള്‍ മാനേജ്മെന്റ് എത്ര ശ്രമിച്ചാലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ് മിക്ക ജില്ലകളിലും.
എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി സംവരണ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ തല സമിതികള്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമിതികള്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടികയ്ക്കു രൂപം നല്‍കുമെന്ന് പറഞ്ഞിരുന്നു. ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ എന്നിവയെ ഒഴിവുകളുടെ കാര്യത്തില്‍ ഒരൊറ്റ യൂണിറ്റായി പരിഗണിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം കോടതി നിരസിച്ചു. ഒരു കോര്‍പറേറ്റ് മാനേജ്മെന്റ് ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും ഭിന്നശേഷി സംവരണപ്രകാരം അഞ്ചുപേരെ നിയമിച്ചാലും പ്രൈമറി വിഭാഗത്തില്‍ ഒരാളെക്കൂടി നിയമിച്ചാലേ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ബാക് ലോഗ് പൂര്‍ത്തിയാകൂ എന്നു വരും.
സ്പെഷല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള പട്ടികയില്‍ നിന്ന് ഈ ഒഴിവ് നികത്താനാകാതെ വന്നാല്‍ മറ്റ് നിയമനങ്ങളെല്ലാം ദിവസവേതനാടിസ്ഥാനത്തിലാകും. 2021 നവംബര്‍ എട്ടിനു മുന്‍പ് സൃഷ്ടിക്കപ്പെട്ട തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകന് 2025-ലും അടിസ്ഥാന ശമ്പളം ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അതേസമയം 2022-ല്‍ സൃഷ്ടിച്ച തസ്തികയില്‍ അതേവര്‍ഷം ജോലിയില്‍ പ്രവേശിച്ച അധ്യാപകന് കഴിഞ്ഞ മൂന്നു വര്‍ഷമായി ദിവസവേതനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടില്ല എന്നതിനാല്‍ അവര്‍ക്ക് ദിവസവേതനം പോലും അനുവദിക്കുന്നില്ല.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ നല്കിയ അധ്യാപക, അനധ്യാപക സ്ഥിരനിയമന ഉത്തരവുകള്‍ പിന്‍വലിച്ച് ദിവസവേതന നിയമന ഉത്തരവുകളാക്കണമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും, സ്ഥിരനിയമന ഒഴിവുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം 2,200 അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുണ്ട്. പല വിഷയങ്ങള്‍ക്കും സ്ഥിരം അധ്യാപകരില്ല. നിയമന അംഗീകാരം നീളുന്ന സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അടക്കം അധ്യാപകരുടെ പ്രമോഷനും മറ്റും അവതാളത്തിലാകും.
ഭിന്നശേഷി സംവരണം നടപ്പാക്കിയേ തീരൂ എന്ന് സുപ്രീം കോടതി ആവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക വ്യവഹാരങ്ങളുടെ മുഖ്യധാരയില്‍ ഭിന്നശേഷിക്കാരെയും ഉള്‍ച്ചേര്‍ക്കുമ്പോഴും, പൊതുവിദ്യാഭ്യാസ മേഖലയില്‍ അവരുടെ സേവനത്തിന് പരിമിതികളുമുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ചപരിമിതര്‍, കേള്‍വി പരിമിതര്‍-മൂകര്‍ എന്നീ വിഭാഗങ്ങള്‍ക്കു പുറമെ, 2016-ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ സെറിബ്രല്‍ പാള്‍സി, മസ്കുലര്‍ ഡിസ്ട്രോഫി, കുഷ്ഠരോഗവിമുക്തര്‍, ആസിഡ് ആക്രമണവിധേയര്, ഹ്രസ്വകായത്വം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നീ ലോക്കോമോട്ടോര്‍ പരിമിതികളും, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി, പ്രത്യേക പഠനവൈകല്യം, സംസാര-ഭാഷാവൈകല്യം, മനോരോഗം എന്നിവയും, കാഴ്ചപരിമിതിയും കേള്‍വിപരിമിതിയും ഉള്‍പ്പെടെ ബഹുവൈകല്യങ്ങളും (മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്) ഭിന്നശേഷിക്കാരെ നിര്‍ണയിക്കുന്ന നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ ഭിന്നശേഷിക്കാരായ അധ്യാപകരുടെ നിയമനം വലിയ വെല്ലുവിളി ഉയര്‍ത്തിയെന്നുവരും. നാല് ഡിവിഷനുകളുള്ള ഒരു പ്രൈമറി സ്കൂളിലെ നാല് അധ്യാപകരില്‍ ഒരാള്‍ കാഴ്ചപരിമിതനോ കേള്വിപരിമിതനോ ആണെങ്കില്‍ പ്രായോഗികമായി ആ പ്രാഥമിക ക്ലാസുകളുടെ നടത്തിപ്പ് വിഷമകരമാകും. കൊച്ചുകുട്ടികളുടെ ക്ലാസില്‍, ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളെ കാണാതെയും കേള്‍ക്കാതെയും ഒന്നും പറയാതെയും അവരെ പഠിപ്പിക്കാനോ നിയന്ത്രിക്കാനോ അവരുമായി സംവദിക്കാനോ കഴിയുമോ? ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ മാനസിക രോഗമുള്ളവരെ നിയമിക്കാന്‍ കഴിയുമോ? പത്തോ ഇരുപതോ അധ്യാപകര്‍ മാത്രമുള്ള ഒരു സ്കൂളില്‍ നാലു ശതമാനം സംവരണ ക്വാട്ട തികയ്ക്കാന്‍ ഒരു ഭിന്നശേഷിക്കാരനെ മുഴുവനായി വേണ്ടിവരില്ലല്ലോ. ചെറിയ സ്കൂളുകളിലെ സംവരണ റോസ്റ്റര്‍ കാണിച്ചാലേ അവിടത്തെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നു വന്നാല്‍ മാനേജ്മെന്റ് വിഷമിച്ചുപോകും.
സംസ്ഥാനത്ത് കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ തുറന്നാല്‍ തീരാവുന്നതേയുള്ളൂ ഭിന്നശേഷി അധ്യാപകരുടെ നിയമന പ്രശ്നം. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ‘സ്പെഷ്യല്‍ നീഡ്സ്’ കുട്ടികളെ അതിനുള്ള സൗകര്യമൊന്നുമില്ലാത്ത സാധാരണ സ്കൂളുകളിലാക്കി അവരെ കഷ്ടപ്പെടുത്തുന്നതിനു പകരം മെച്ചപ്പെട്ട സംവിധാനങ്ങളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ ലഭ്യമാക്കുകയാണു വേണ്ടത്.
ആശാ വര്‍ക്കര്‍മാരെ പോലെ ചെയ്ത ജോലിക്കുള്ള വേതനത്തിനായി എയ്ഡഡ് സ്കൂള്‍ അധ്യാപകരും തെരുവില്‍ ഇറങ്ങേണ്ട അവസ്ഥ ഇവിടെയുണ്ടാകുന്നത് കേരളത്തെ ഇന്റര്‍നാഷണല്‍ നോളജ് ഹബും ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഹബും ആക്കി രൂപാന്തരപ്പെടുത്താന്‍ രാജ്യാന്തര കണ്സള്ട്ടര്മാരെ തേടുന്നവര്‍ കാണാതെ പോകരുത്.