സെലസ്റ്റിന്‍ കുരിശിങ്കല്‍
2025 സെപ്റ്റംബര്‍ ഏഴിന് ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ കാര്‍ലോ അകുതിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ അവന്റെ അമ്മ അന്തോണിയ സല്‍സാനോയും പിതാവ് അന്ത്രേയ അകുതിസും കാര്‍ലോയുടെ മരണത്തിനുശേഷം ജനിച്ച കുഞ്ഞനുജന് ഫ്രാന്ഞ്ചെസ്കോയും കുഞ്ഞനുജത്തി മിഷേലും അവിടെയുണ്ടാകും.
കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് ഒരുമാസത്തിനു ശേഷം 2020 നവംബര്‍ 20ന് കാര്‍ലോയുടെ ആദ്യ സമ്പൂര്‍ണ ജീവചരിത്രം മലയാളത്തില്‍ എഴുതി പ്രകാശനം ചെയ്ത സെലസ്റ്റിന്‍ കുരിശിങ്കല്‍, ‘ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറുമൊക്കെ ആവോളം ഉപയോഗിച്ച് പതിനഞ്ചാം വയസ്സില്‍ സ്വര്‍ഗം സ്വന്തമാക്കിയ കൗമാരക്കാരനായ’ കാര്‍ലോയുടെ അമ്മ അന്തോണിയയില് നിന്നു കേട്ടറിഞ്ഞ കുഞ്ഞുവിശുദ്ധന്റെ വ്യത്യസ്തമായ സുകൃതപുണ്യങ്ങള് വരച്ചുവയ്ക്കുന്നു.
വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ശരീരഭാഗത്തിന്റെ ‘എ’ ക്ലാസ് തിരുശേഷിപ്പ് വത്തിക്കാന്റെ അനുമതിപത്രത്തോടെ കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കാനും, കാര്‍ലോ കണ്ടെത്തിയ ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറി കുമ്പളങ്ങി സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിക്കാനും, വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 12ന് കാര്‍ലോയുടെ പ്രഥമ തിരുനാള്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ആഘോഷിക്കാനും കഴിഞ്ഞ അസുലഭമായ കൃപാധന്യതയുടെ ഒരു പുണ്യചരിതം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.

ഞങ്ങളുടെ മകന് ഇന്നദിവസം വിശുദ്ധനാകുന്നു എന്ന വാര്‍ത്ത ആ വിശുദ്ധന്റെ മാതാപിതാക്കള്‍ തന്നെ ലോകത്തെ അറിയിക്കുക എന്നത് കത്തോലിക്കാ തിരുസഭയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന ഒരു വാക്കാണ്. 2025 സെപ്റ്റംബര്‍ ഏഴിന് ലെയോ പതിനാലാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ അമ്മ അന്തോണിയ സല്‍സാനോയുടെ വാക്കുകളാണിവ: സഭ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ അയാളുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ പോലും ജീവിച്ചിരിപ്പുണ്ടാകുക എന്നത് അപൂര്‍വ്വസംഭവമാണ്.
കാരണം സാധാരണ ഒരാള്‍ മരിച്ച് ഒരുപക്ഷേ നൂറ്റാണ്ടുകള്‍ക്കു ശേഷമായിരിക്കും അയാളുടെ നാമകരണ നടപടികള്‍ ആരംഭിക്കുക. 1950 ജൂണ്‍ 24ന് വിശുദ്ധ മരിയ ഗൊരേത്തിയെ 12-ാം പീയൂസ് പാപ്പാ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ വിശുദ്ധയുടെ അമ്മ അസൂന്ത റോമിലെ വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ മുട്ടുകുത്തിയിരുന്നു. അന്നേ ഇതൊരു അപൂര്‍വ്വസംഭവമായിരുന്നു. അതു കഴിഞ്ഞ് നിരവധി പേരെ സഭ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ ആരുടെയും മാതാപിതാക്കള്‍ പ്രഖ്യാപന സമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ ഏഴിന് കാര്‍ലോയെ വിശുദ്ധനായുയര്ത്തുമ്പോള് പിതാവ് അന്ത്രേയ അകുതിസും അമ്മ അന്തോണിയ സല്‍സാനോയും കാര്‍ലോയുടെ മരണത്തിനുശേഷം ജനിച്ച കുഞ്ഞനുജന് ഫ്രാന്ഞ്ചെസ്കോയും കുഞ്ഞനുജത്തി മിഷേലും വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ മുട്ടുകുത്തിയിട്ടുണ്ടാകും.
ഇതാ, കാര്‍ലോ
1991 മെയ് 3ന് ലണ്ടനില്‍ ജനനം. അന്ത്രേയ അകുതിസിന്റെയും അന്തോണിയ സല്സാനോയുടെയും ഏകമകന്. സമ്പന്നരില്‍ സമ്പന്നമായിരുന്നു അകുതിസ് കുടുംബം. 15-ാം ദിവസം, 1991 മെയ് 18ന് ലണ്ടനിലെ ഔവര്‍ ലേഡി ഓഫ് ഡോളേഴ്സ് ദേവാലയത്തില്‍ വച്ച് ‘കാര്‍ലോ മരിയ അന്തോണിയോ’ എന്ന പേരില്‍ ജ്ഞാനസ്നാനം. അന്ത്രേയയുടെ പിതാവ് കാര്‍ലോയും അന്തോണിയയുടെ അമ്മ ലുവാനയുമായിരുന്നു ജ്ഞാനസ്നാന മാതാപിതാക്കള്‍.
അതേവര്‍ഷം തന്നെ കാര്‍ലോയുടെ കുടുംബം ലണ്ടനിലെ ബിസിനസ് അവസാനിപ്പിച്ച് ഇറ്റലിയിലെ മിലാനില്‍ താമസമാക്കി.
നാലാം വയസില്‍ നഴ്സറി പഠനത്തോടെ അക്ഷരമുറ്റത്തേക്ക്. തുടര്‍ന്ന് 1997ല്‍ മിലാനിലെ സാന്‍ കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട്, 1998 ലും 2002 ലും സാന്‍ തോമാസോ സ്കൂള്‍, 2005 ല്‍ ലെയോ പതിമൂന്നാമന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മിലാന് ബിഷപ് പസ്കോല മാര്ക്കിയില് നിന്ന് ദിവ്യകാരുണ്യം സ്വീകരിക്കണമെങ്കില്‍ ഏഴുവയസ് കഴിഞ്ഞിരിക്കണമെന്ന നിയമത്തിനെതിരെ പ്രത്യേക അനുവാദം വാങ്ങി 1998 ജൂണ്‍ 16ന് റൊമീഞ്ഞോ ദി പെരേഗോ ആശ്രമത്തിലെ ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം.
2002 ല്‍, പതിനൊന്നാം വയസില്‍ കാന്‍സര്‍ രോഗം കണ്ടെത്തി – ലുക്കിമിയ എന്‍ 11. രോഗവിവരം അറിഞ്ഞ് പതറാതെ കാര്‍ലോ ദിവ്യകാരുണ്യ സന്നിധിയില്‍ അഭയം തേടി. തുടര്‍ന്ന് ലോകം മുഴുവന്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. 2003 മെയ് 24ന് സാന്താ മരിയ സെഗ്രെറ്റ പള്ളിയില്‍ സ്ഥൈര്യലേപന സ്വീകരണം. 2005 ജനുവരിയില്‍ താന്‍ അതുവരെ കണ്ടെത്തിയ 53 ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ഇന്റര്നെറ്റിലാക്കുകയും പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. മരണത്തിനു മുന്‍പ് അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചു.

രോഗത്തിന്റെ കഠിനമായ വേദന സഹിച്ച് 2006 ഒക്ടോബര്‍ 6ന് ഫാത്തിമായില്‍ മാതാവിന്റെ അദ്ഭുത രൂപത്തിനു മുന്നില്‍ കാര്‍ലോ മുട്ടുകുത്തി. തിരികെയെത്തി ആശുപത്രിയിലായി. ഒക്ടോബര്‍ 11ന് മോന്‍സോ സാന്‍ ജെറാള്‍ഡോ ആശുപത്രിയില്‍ കാര്‍ലോയ്ക്ക് മസ്തിഷ്ക മരണം. ഒക്ടോബര്‍ 12ന് രാവിലെ 6.45ന്, ഈ ഭൂമിയില്‍ 15 വര്‍ഷം ക്രിസ്തുവിനായിമിടിച്ച ആ കുഞ്ഞുഹൃദയവും നിശ്ചലമായി. ഒക്ടോബര്‍ 14ന് സാന്താമരിയ സെഗ്രെറ്റ ഇടവകയില്‍ മൃതദേഹം സംസ്കരിച്ചു.
കാര്‍ലോ തന്റെ ജീവിതകാലത്ത് ഏറ്റവും അധികം സന്ദര്‍ശനം നടത്തിയ, സ്നേഹിച്ച അസീസിയിലേക്ക് 2007 ല്‍ കാര്‍ലോയുടെ ഭൗതിക ശരീരം മാറ്റി. 2012 ഒക്ടോബര്‍ 12ന് മിലാന് അതിരൂപതയില്‍ കാര്‍ലോയുടെ നാമകരണ നടപടികള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2013 മെയ് 13ന് ദൈവദാസ പദവിയും 2018 ജൂലൈ 5ന് ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന് ധന്യപദവിയും ലഭിച്ചു, പാപ്പാതന്നെ 2020 ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ടവനായും ഉയര്‍ത്തി. ജൂബിലി വര്ഷത്തോനടുബന്ധിച്ച് 2025 മെയ് 27ന് ഫ്രാന്‍സിസ് പാപ്പാ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് വിളംബരം ചെയ്തെങ്കിലും പാപ്പാ 2025 ഏപ്രില്‍ 21ന് കാലം ചെയ്തതിനെ തുടര്‍ന്ന് പിന്‍ഗാമി ലെയോ പതിനാലാമന്‍ പാപ്പാ 2025 സെപ്റ്റംബര്‍ ഏഴിന് കാര്‍ലോയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 12നാണ് കാര്‍ലോയുടെ തിരുനാള്‍ ദിനം.
നാലാം വയസില്‍ ആരംഭിച്ച വിശുദ്ധയാത്ര
2020 നവംബര്‍ 30ന് കാര്‍ലോയുടെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ജീവചരിത്രം കൊത്തലാംഗോ സഭാംഗം ജോസഫ് കോച്ചേരിലച്ചന്റെ സഹായത്തോടെ ഞാന്‍ എഴുതുമ്പോള്‍ പുസ്തകത്തിനു നല്കിയ അഭിമുഖത്തില്‍ കാര്‍ലോയുടെ അമ്മ അന്തോണിയോ സല്‍സാനോ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ നിലവാരത്തെക്കുറിച്ച് ഉള്ളുതുറന്നതിപ്രകാരമാണ്: അതിസമ്പന്നമായിരുന്ന ഞങ്ങളുടെ കുടുംബത്തില്‍ വലിയ ആത്മീയ ദാരിദ്ര്യമായിരുന്നു. കുടുംബ പ്രാര്‍ഥനയോ മറ്റു ഭക്ത്യാനുഷ്ഠാനങ്ങളോ കാര്‍ലോയുടെ ജനനം വരെ എന്റെ വീട്ടില്‍ ഉണ്ടായിട്ടില്ല. കാര്‍ലോയുടെ ജനനത്തെത്തുടര്‍ന്ന് എന്റെ അമ്മ ലുവാന ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അമ്മ വലിയ ഭക്തയായിരുന്നു. എന്നും ദിവ്യബലിക്ക് പോകും. കുടുംബപ്രാര്‍ഥന ചൊല്ലും. വെറുതെ ഇരിക്കുമ്പോഴൊക്കെ ജപമാല ചൊല്ലും.
നാലാം വയസ്സുമുതല്‍ കാര്‍ലോയെ അമ്മ ദിവ്യബലിക്ക് കൊണ്ടുപോയി തുടങ്ങി. അന്നുമുതല്‍ കാര്‍ലോയില്‍ വലിയ മാറ്റങ്ങളുണ്ടായി. ദിവ്യബലിക്ക് കാര്‍ലോയും അമ്മയും വളരെ നേരത്തെ പള്ളിയിലെത്തിയിരുന്നു. ദീര്‍ഘനേരം കാര്‍ലോ സക്രാരിയെ നോക്കിയിരിക്കുമായിരുന്നു. ദിവ്യബലിയെ തുടര്‍ന്നും കാര്‍ലോ ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു. അവന്റെ സംസാരവും പെരുമാറ്റവുമൊക്കെ ആരെയും അതിശയിപ്പിക്കുന്ന വിധം വിനയവും ഭക്തിയും നിറഞ്ഞയിരുന്നു. ചുരുക്കത്തില്‍ എല്ലാ ഭക്ത്യാനുഷ്ഠാനങ്ങളിലും അതിന്റെ പ്രവര്‍ത്തനത്തിലും കാര്‍ലോ ഒന്നാമനായിരുന്നു. അവധിക്കാലത്ത് കാര്‍ലോയുടെ കൂട്ടുകാര്‍ അവധിക്കാലം അടിച്ചുപൊളിക്കുമ്പോള് കാര്‍ലോ ഒരു ഷൂ വില്‍ക്കുന്ന കടയില്‍ ജോലിക്കു പോകുമായിരുന്നു. അവിടെ നിന്ന് കിട്ടുന്ന പണവും ഞങ്ങള്‍ നല്കുന്ന പോക്കറ്റ്മണിയും ചേര്‍ത്ത് സാധുക്കളെ സഹായിക്കുമായിരുന്നു.
കാര്‍ലോ ഒരു ദിവസം പോലും ദിവ്യബലി മുടക്കിയിരുന്നില്ല. ബിസിനസ് സംബന്ധമായി ഞങ്ങള്‍ വിദേശയാത്രകള്‍ നടത്തുമ്പോള്‍ വലിയ സ്റ്റാര്‍ ഹോട്ടലുകളിലാണ് മുറിയെടുത്തിരുന്നത്. അവിടെ എത്തിയാല്‍ കാര്‍ലോ ആദ്യം അന്വേഷിക്കുക അടുത്ത് ദേവാലയം എവിടെയാണെന്നും അവിടെ എപ്പോഴാണ് കുര്‍ബാന സമയം എന്നുമാണ്.
അക്കാലത്ത് കുട്ടികള്‍ വിലകൂടിയ കാറുകളും മറ്റും വാങ്ങുമ്പോള്‍ ഞങ്ങളും അവനോട് അതുപോലൊന്ന് വാങ്ങുന്ന കാര്യം പറയുമായിരുന്നു. എന്നാല്‍, കാര്‍ലോയ്ക്ക് ആഡംബര വാഹനങ്ങളില്‍ ഒട്ടും താല്പര്യമില്ലായിരുന്നു. അവന്റെ വാഹനം ഒരു സൈക്കിളായിരുന്നു. അങ്ങനെ വഴിയില്‍ കാണുന്നവരോടൊക്കെ കുശലംപറഞ്ഞും ചിരിച്ചും കളിച്ചും പ്രാര്‍ഥനയ്ക്കു ശേഷം ജോലിക്കാര്‍ക്കു പോലും സ്തുതി ചൊല്ലിയും ഭക്ഷണം വിളമ്പുന്നവര്‍ക്ക് നന്ദി പറഞ്ഞും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ആരുമറിയാതെ സഹായിച്ചും ലോകം മുഴുവന്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ശേഖരിച്ച് ഇന്റര്നെറ്റിലാക്കി എന്ന വലിയ കാര്യമൊഴിച്ച് മറ്റൊരു വലിയ കാര്യവും ചെയ്യാതെ കൊച്ചുകൊച്ച് കാര്യങ്ങള്‍ ചെയ്തും കാര്‍ലോ 15-ാം വയസില്‍ വിശുദ്ധ അള്‍ത്താര സ്വന്തമാക്കിയെന്ന് അമ്മ അന്തോണിയോ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവരുടെ മിഴികള്‍ നിറഞ്ഞൊഴുകിയിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം ആ അമ്മ പറഞ്ഞു: ആര്‍ക്കും ജീവിക്കാന്‍ എളുപ്പമായ സാധാരണ ജീവിതം – അതാണ് കാര്‍ലോ.
മകന് തെളിച്ച വഴിയില്‍ മാതാപിതാക്കള്‍
സാധാരണ ഒരു നാട്ടുചൊല്ലുണ്ട്: മാതാപിതാക്കളുടെ വഴിയെ മക്കളെന്ന്. എന്നാല്‍, കാര്‍ലോയുടെ മാതാപിതാക്കളായ അന്ത്രേയയുടെയും അന്തോണിയയുടെയും കാര്യത്തില്‍ അത് തെറ്റി. മകന് കാര്‍ലോയുടെ വഴിയെ മാനസാന്തരത്തിലേക്ക് നടന്ന ജീവിതസാക്ഷ്യമാണ് ഈ മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. തന്റെയും ഭര്‍ത്താവിന്റെയും ആത്മീയ ജീവിതത്തിന്റെ അകച്ചുരുളുകള് എന്റെ പുസ്തകത്തിന് നല്കി അഭിമുഖത്തില്‍ കാര്‍ലോയുടെ അമ്മ നന്നായി തുറന്നുകാട്ടുന്നുണ്ട്. അന്തോണിയോയുടെ വാക്കുകളിലൂടെ: ഞാനും ഭര്‍ത്താവും നാമമാത്ര ക്രിസ്ത്യാനികളായിരുന്നു. തിരിച്ചറിവായതിനുശേഷം മൂന്നുതവണ മാത്രമാണ് ഞാന്‍ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുള്ളത്. ആദ്യകുര്‍ബാന, സ്ഥൈര്യലേപന, വിവാഹ ദിനങ്ങളിലായിരുന്നു അത്. ഭര്‍ത്താവ് അന്ത്രേയയും ഇതില്‍ നിന്നു വ്യത്യസ്തനായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ പള്ളിയില്‍ പോകുമായിരുന്നു. എത്തുന്നതാകട്ടെ വളരെ വൈകിയും, ഇരിപ്പിടമാകട്ടെ ഏറ്റവും പിന്നിലും, കഴിയുമെങ്കില്‍ പള്ളിക്ക് പുറത്തും.
നാലു വയസു മുതല്‍ എന്റെ അമ്മയോടൊത്ത് കാര്‍ലോ ദിവ്യബലിക്ക് പോയിത്തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തില്‍ ചലനങ്ങളുണ്ടായിത്തുടങ്ങി.
വളരുന്തോറും കാര്‍ലോ എന്നോട് വിശ്വാസസംബന്ധമായ പല ചോദ്യങ്ങളും ചോദിക്കാന്‍ തുടങ്ങി. ഉത്തരംപറയാനാകാതെ ഞാന്‍ കുഴങ്ങി. എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു വൈദികനെ കണ്ടു. അദ്ദേഹം എന്നെ അല്മായരെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്തു. പതുക്കെപ്പതുക്കെ ഞാന്‍ കാര്‍ലോയുടെ ഭക്തിയുടെ മാര്‍ഗത്തിലെത്തി. പ്രാര്‍ഥനയില്‍ തീക്ഷ്ണതയുള്ളവളും എന്നും ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാനും കുടുംബപ്രാര്‍ഥന ഒരിക്കലും മുടക്കാത്തവളുമായി. അന്ത്രേയയുടെ മാറ്റവും പെട്ടെന്നായിരുന്നു. അദ്ദേഹവും കൂദാശജീവിതം നയിക്കാന്‍ തുടങ്ങി. അങ്ങനെ ഞങ്ങളുടെ കുടുംബം വലിയ സന്തോഷത്തിലായി. കാര്‍ലോ കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചു. അവന് ഞങ്ങളെ ഉമ്മകള്‍ കൊണ്ടുപൊതിഞ്ഞു. അങ്ങനെ, നിശബ്ദമായ തന്റെ ജീവിതം കൊണ്ട് ഞങ്ങളുടെ മകന് ഞങ്ങളെ ദൈവത്തിനായി നേടി. ഞങ്ങള്‍, മകന് മാനസാന്തരപ്പെടുത്തിയ മാതാപിതാക്കളുമായി.

പത്താംവയസില്‍ കാര്‍ലോ ക്രിസ്ത്യാനിയാക്കിയായ
രാജേഷ് എന്ന ബ്രാഹ്മണന്
തന്റെ പത്താം വയസില്‍ കാര്‍ലോ തന്നെ ക്രിസ്ത്യാനിയാക്കിയതെങ്ങനെയെന്ന് കാര്‍ലോയുടെ കളിക്കൂട്ടുകാരന് രാജേഷ് വ്യക്തമാക്കുന്നുണ്ട്: ”ഞാന്‍ രാജേഷ്, മഹാരാഷ്ട്രയിലെ കൊണ്കനാസ്താ ബ്രാഹ്മണ വിഭാഗത്തില്‍ ജനിച്ചവന്. ബിസിനസ് സംബന്ധമായിട്ടാണ് എന്റെ കുടുംബം മിലാനിലെത്തിയത്. കാര്‍ലോയുടെ അയല്‍വാസികളാണ് ഞങ്ങള്‍. രണ്ടുകുടുംബവും വലിയ സ്നേഹത്തിലായിരുന്നു. ഞാന്‍ കാര്ലോയെക്കാള് ആറു വയസ്സിനു മുതിര്ന്നവനാണ്. കാര്‍ലോയ്ക്ക് ഞാന്‍ കളികൂട്ടുകാരനും ഉറ്റചങ്ങാതിയുമായിരുന്നു. ഞങ്ങളൊരുമിച്ച് സിനിമ കണ്ടു, ഫുട്ബോളും വീഡിയോ ഗെയ്മുകളും കളിച്ചു. ചുരുക്കത്തില്‍, കാര്‍ലോയുടെ എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടെയുണ്ടായിരുന്നു.
ലോകത്തെ ഭൂരിഭാഗം സുഹൃത്തുക്കളും ചെയ്യാത്ത ഒരു കാര്യം കാര്‍ലോ എനിക്ക് എന്നും ചെയ്യുമായിരുന്നു. കാര്‍ലോ എനിക്ക് എല്ലാ ദിവസവും വേദോപദേശം നല്‍കുമായിരുന്നു. അവന് എന്നെ ബൈബിള്‍ നന്നായി പരിചയപ്പെടുത്തി. ഒപ്പം കാറ്റക്കിസം ഓഫ് ദ് കാത്തലിക് ചര്‍ച്ചും വിശുദ്ധരുടെ ജീവചരിത്രങ്ങളും. വളരെ ചെറിയ പ്രായത്തിലേ ദൈവശാസ്ത്രപരമായ പല കാര്യങ്ങളും കാര്‍ലോയ്ക്ക് മനഃപാഠമായിരുന്നു. എല്ലാ ദിവസവും കാര്‍ലോ തന്റെ മതബോധനം അവസാനിപ്പിച്ചിരുന്നത്, ഞാന്‍ യേശുവിനെ സ്വീകരിച്ചിരുന്നെങ്കില്‍ കാര്‍ലോയ്ക്ക് എന്തു സന്തോഷമായിരുന്നേനേ എന്നു പറഞ്ഞുകൊണ്ടാണ്. ആദ്യമാദ്യം ഞാന്‍ അതൊന്നും കാര്യമാക്കിയില്ലെങ്കിലും സാവധാനം ഞാന്‍ കാര്‍ലോയുടെ ഉപദേശങ്ങള്‍ കാര്യമായിട്ടെടുക്കാന്‍ തുടങ്ങി. ഇന്ന് ഞാനൊരു ക്രിസ്ത്യാനിയാണെങ്കില്‍ അതിനു കാരണക്കാരന്‍ കാര്‍ലോയാണ്. അവന്റെ വിശ്വാസജീവിതവും അത് പ്രായോഗികമാക്കുന്ന കാരുണ്യപ്രവൃത്തികളും അതിലേറെ ഹൃദയവിശുദ്ധിയും എന്നെ നന്നായി സ്വാധീനിച്ചു. അക്കാലത്തെ ഭൂരിഭാഗം കുട്ടികളില്‍ നിന്നും കാര്‍ലോ തികച്ചും വ്യത്യസ്തനായിരുന്നു.
വലിയ പണക്കാരനും അതിസുന്ദരനുമായ ഒരു പയ്യന് അന്നും ഇന്നും തിരഞ്ഞെടുക്കുക അതത് കാലഘട്ടത്തിന്റെ ജീവിതശൈലിയായിരിക്കും. എന്നാല്‍, കാര്‍ലോ അവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു. ഇതൊക്കെ എന്നെ 16-ാം വയസില്‍ എന്നും ദിവ്യബലിയില്‍ പങ്കെടുക്കുന്ന, ദിവ്യകാരുണ്യം സ്വീകരിക്കുന്ന, ഭക്തിയോടെ ജപമാല ചൊല്ലുന്ന, വിശ്വാസപുണ്യങ്ങള് തീക്ഷ്ണതയോടെ കാത്തുപാലിക്കുന്ന ഒരു ക്രിസ്ത്യാനിയാക്കി മാറ്റി. എന്റെ മാതാപിതാക്കളും എന്നെ എതിര്‍ത്തില്ല. അവര്‍ക്കും കാര്‍ലോയെ അത്രമാത്രം ഇഷ്ടമായിരുന്നു. എന്നെ വല്ലാതെ ആകര്‍ഷിച്ചത് ഒരിക്കല്‍പോലും കാര്‍ലോ എന്നോട് ക്രിസ്ത്യാനിയാകാന്‍ പറഞ്ഞില്ല എന്നതാണ്. കാര്‍ലോ എന്നെ ആകര്‍ഷിക്കുകയല്ല, കാര്‍ലോയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. അവനിലൂടെ ക്രിസ്തുവിലേക്കും. അപ്പോള്‍ കാര്‍ലോയുടെ പ്രായം വെറും 10 വയസ് മാത്രമായിരുന്നു.
എന്തുകൊണ്ട് കാര്‍ലോയുടെ ഭൗതിക ശരീരം അസീസിയിലേക്ക് മാറ്റി?
കാര്‍ലോയുടെ ജീവചരിത്രം ഞാന്‍ എഴുതുന്ന സമയത്ത് കാര്‍ലോയുടെ ശരീരം മിലാനില്‍ നിന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മണ്ണിലേക്ക് മാറ്റാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് എന്റെ സുഹൃത്ത് ജോസഫ് കോച്ചേരിലച്ചനോട് കാര്‍ലോയുടെ അമ്മ അന്തോണിയോ സല്‍സാനോ നിറമിഴികളോടെ പറഞ്ഞതിപ്രകാരമാണ്: സ്കൂള്‍ അവധി ചെലവഴിക്കാന്‍ കാര്‍ലോ തിരഞ്ഞെടുത്തിരുന്നത് രണ്ട് സ്ഥലങ്ങളാണ്, അസീസിയും ചെതോളയിലെ എന്റെ വീടും. എങ്കിലും കാര്‍ലോയ്ക്ക് അസീസിയായിരുന്നു ഏറെ ഇഷ്ടം. അവധി തുടങ്ങുന്നതിന് മുന്നേ കാര്‍ലോ അസീസിയിലേക്ക് പോകാനുള്ള ഒരുക്കമാരംഭിക്കും. അവധി തുടങ്ങുന്ന അന്ന് തന്നെ ‘വാ നമുക്ക് അസീസിയിലേക്ക് പോകാം’ എന്നു പറഞ്ഞ് ബഹളം തുടങ്ങും. അവധി കഴിഞ്ഞ് കുട്ടികള്‍ വിവിധ സ്ഥലങ്ങളില്‍ പോയ വിശേഷങ്ങള്‍ പറയുമ്പോള്‍ കാര്‍ലോ അസീസിയിലെ വിശേഷങ്ങള്‍ പറയും. ഇതുകേട്ട് കൂട്ടുകാര്‍ അവനെ കളിയാക്കുമായിരുന്നു.

അസീസിയില്‍ കാര്‍ലോയ്ക്ക് ഇഷ്ടപ്പെട്ട ദേവാലയം സാന്താ മരിയ മജോറെ ആയിരുന്നു. സ്വത്തിലുള്ള അവകാശത്തെക്കുറിച്ച് തര്‍ക്കം മൂത്തപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ദൈവസ്നേഹത്തെ പ്രതി തന്റെ ഉടുവസ്ത്രം പോലും ഊരി തന്റെ പിതാവിന് നല്കിയ സ്ഥലത്താണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. അസീസിയിലെത്തിയാല് മണിക്കൂറുകളോളം കാര്‍ലോ ഈ ദേവാലയത്തില്‍ ആരാധന നടത്തിയിരുന്നു.
ഒരിക്കല്‍ അസീസിയിലെ യാത്ര കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തിയ ശേഷം ഞങ്ങള്‍ കുടുംബപ്രാര്‍ഥന ചൊല്ലുകയായിരുന്നു. അന്ന് പതിവിനു വിപരീതമായി പ്രാര്‍ഥനയ്ക്കു ശേഷം കാര്‍ലോ മാതാവിന്റെ മൂന്നു പാട്ടുകള്‍ പാടി. സാധാരണ ഒരു പാട്ടേ പാടുമായിരുന്നുള്ളൂ. കാര്‍ലോ തന്നെയാണ് പ്രാര്‍ഥനയ്ക്ക് ശേഷം പാട്ടുപാടുന്ന ശീലം തുടങ്ങിയത്. പ്രാര്‍ഥനയെത്തുടര്‍ന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്തുതി ചൊല്ലിയ ശേഷം കാര്‍ലോ എന്നെയും പിതാവ് അന്ത്രേയേയും അവന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മുഖവുരയൊന്നുമില്ലാതെ കാര്‍ലോ ഞങ്ങളോട് പറഞ്ഞു: ”ഞാന്‍ മരിക്കുമ്പോള്‍ എന്നെ അസീസിയീല് സംസ്കരിക്കണം.” ഞാനും അന്ത്രേയയും മറുപടിയൊന്നും പറഞ്ഞില്ല. ഇതുപറയുമ്പോള്‍ അന്തോണിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അന്തോണിയ തുടര്‍ന്നു: ”കാര്‍ലോയുടെ പിതാവ് അന്ത്രേയ പൊതുവേ ശാന്തപ്രകൃതക്കാരനാണ്. കാര്‍ലോയുടെ മരണം എന്നെ തളര്ത്തിക്കളഞ്ഞെങ്കിലും അന്ത്രേയയില് കാര്യമായ മാറ്റമൊന്നും കണ്ടില്ല. എന്നാല്‍, ചില രാത്രികളില്‍ അന്ത്രേയ വലിയ അസ്വസ്ഥനായി കാണപ്പെട്ടു. ഒരിക്കല്‍ ഞാന്‍ കാരണം തിരക്കിയപ്പോള്‍ അന്ത്രേയ പറഞ്ഞു: ‘തന്നെ അസീസിയില്‍ സംസ്ക്കരിക്കണമെന്ന അവന്റെ ആഗ്രഹം നിറവേറ്റാനായില്ലല്ലോ.’ പിന്നീട് നടന്നതെല്ലാം തികച്ചും അദ്ഭുതം തന്നെ.
”കാര്‍ലോയുടെ കുമ്പസാരക്കാരന് ഫാ. മാരിയോ പെരേഗോ കാര്‍ലോയുടെ നാമകരണ നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മിലാന് അതിരൂപതയെ സമീപിച്ചു. ഒപ്പം കാര്‍ലോയുടെ ആഗ്രഹം നിറവേറ്റണമെന്നും ആവശ്യമുയര്‍ന്നു. അങ്ങനെ 2012 ല്‍ കാര്‍ലോയുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് 2007 ജനുവരി 1ന് കാര്‍ലോയുടെ വിശുദ്ധ ശരീരം കാര്‍ലോ ഏറെ സ്നേഹിച്ച സാന്താ മരിയ മജോറെ പള്ളിയിലേക്ക് മാറ്റി. അവന്റെ ആഗ്രഹപ്രകാരം സാന്താ മരിയ മജോറേ പള്ളിയില്‍ അവന് നിത്യവിശ്രമം കൊള്ളുന്നു.”
കരച്ചിലടക്കാനാവാതെ അന്തോണിയ തൂവാലകൊണ്ട് മുഖം മറച്ചു. കണ്ണീരോപ്പി അവള് തൂവാല മാറ്റുമ്പോള്‍ പൊതുവേ തുടുത്ത ആ അമ്മയുടെ മുഖം കൂടുതല്‍ തുടുത്തിരുന്നു. വിങ്ങിപ്പൊട്ടി അവള് പറഞ്ഞു: ”തുടര്‍ന്ന് ഞങ്ങളും മിലാനിലെ വീട്ടില്‍ നിന്ന് അസീസിയിലേക്ക് താമസം മാറ്റി.”
കാര്‍ലോയുടെ ശരീരം ഇപ്പോഴും അഴുകിയിട്ടില്ലേ?
കാര്‍ലോയുടെ ശരീരം ഇപ്പോഴും അഴുകാതിരിക്കുന്നു എന്ന വിധത്തില്‍ സോഷ്യല്‍ മീഡിയായില്‍ ഒരു വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, അത് കാര്‍ലോയുടെ യഥാര്‍ഥ ശരീരമല്ല. മെഴുകുപ്രതിമയാണ്. അസീസി രൂപതയുടെ മെത്രാന് ബിഷപ് ഡോമിനികോ സൊരന്റീനോ തന്റെ എല്ലാ ലേഖനങ്ങളിലും കാര്‍ലോയുടെ ശരീരം മാറ്റാരുടെയും എന്നതുപോലെ അഴുകിയിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. വത്തിക്കാന്റെ സ്ഥിരീകരണവും ഇതുതന്നെയാണ്.
ഇന്നിന്റെ കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും വിശുദ്ധരാകാന്‍ പറ്റുമോ?
”ദിവ്യകാരുണ്യത്തെ പ്രണയിച്ച ഒരു യുവാവിനെ ഞാന്‍ ഇന്നലെ വാഴ്ത്തപ്പെട്ടവനാക്കി” എന്ന ആമുഖത്തോടെയാണ് ഫ്രാന്‍സിസ് പാപ്പാ 2020 ഒക്ടോബര്‍ 11ന് വത്തിക്കാനില്‍ തന്റെ ആശീര്വാദത്തിനെത്തിയ അനേകായിരങ്ങളെ സ്വാഗതം ചെയ്തത്. പാപ്പാ തുടര്‍ന്നു, ”നമുക്ക് ആവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവും ഇല്ലാത്ത, ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന, സിനിമ കാണുന്ന, പാട്ടു കേള്‍ക്കുന്ന, നൃത്തം ചവിട്ടുന്ന, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന, ദരിദ്രരെ സ്നേഹിക്കുന്ന അല്മായ വിശുദ്ധരെ…” സന്ദേശം അവസാനിപ്പിച്ചുകൊണ്ട് പാപ്പാ ചോദിച്ചു: ”ആധുനിക ലോകത്തിലെ കൗമാരക്കാര്‍ക്ക് വിശുദ്ധരാകാന്‍ പറ്റുമോ? വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകൂടിയിരുന്ന അനേകായിരങ്ങള്‍ ഒറ്റശ്വാസത്തില്‍ വിളിച്ചുപറഞ്ഞു: ”പറ്റും. വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്!”
ഇതാ, പാപ്പാ പറഞ്ഞതുപോലെ ഒരു വിശുദ്ധന്. ദൈവത്തിനു വേണ്ടിയല്ലാതെ ഒരു നിമിഷം പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഒരു കുഞ്ഞു വിശുദ്ധന്. ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറുമൊക്കെ ആവോളം ഉപയോഗിച്ച് പതിനഞ്ചാം വയസ്സില്‍ സ്വര്‍ഗം സ്വന്തമാക്കിയ ഈ കൗമാരക്കാരന് സെപ്റ്റംബര്‍ ഏഴിന് അള്‍ത്താരയിലെ വിശുദ്ധ പുഷ്പമാകുമ്പോള് ഈ കുഞ്ഞു വിശുദ്ധന് നമ്മുടെ ആത്മീയ ജീവിതത്തിനുയര്ത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാല്‍, അതിനുള്ള ഉത്തരം കാര്‍ലോയുടെ അമ്മ പറയുന്നുണ്ട്: ”കാര്‍ലോ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്തില്ല. അവന് ജീവിച്ചത് ആര്‍ക്കും ജീവിക്കാവുന്ന ഒരു സാധാരണ ജീവിതമാണ്.”
കാര്‍ലോ കേരളത്തില്‍ എത്തിയോ?
കാര്‍ലോയുടെ അമ്മ അന്തോണിയ സല്‍സാനോ 20-ാം വയസില്‍ കോളജ് വിദ്യാഭ്യാസകാലത്ത് ഇന്ത്യയില്‍ വന്നിരുന്നു. ഒപ്പം കേരളത്തിലും. തന്റെ സുഹൃത്ത് രാജേഷില്‍ നിന്ന് ഇന്ത്യയെക്കുറിച്ച് കേട്ടറിഞ്ഞ കാര്‍ലോയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വലിയ ആഗ്രഹമായിരുന്നു, എന്നാല്‍ അതിനു കഴിഞ്ഞില്ല. ഒടുവില്‍ കാര്‍ലോ കേരളത്തിലെത്തി – തിരുശേഷിപ്പായി എന്ന ഒരു വ്യത്യാസം മാത്രം. 2021 ഓഗസ്റ്റ് 4 ന് കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കാര്‍ലോയുടെ ശരീരഭാഗത്തിന്റെ ‘എ’ ക്ലാസ് തിരുശേഷിപ്പ് വത്തിക്കാന്റെ അനുമതിപത്രത്തോടെ പ്രതിഷ്ഠിച്ച് വണങ്ങിവരുന്നു.
കാര്‍ലോ കണ്ടെത്തിയ ദിവ്യകാരുണ്യ
അദ്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറി
കാര്‍ലോ കണ്ടെത്തിയ 53 ദിവ്യകാരുണ്യ അദ്ഭുതങ്ങളും ലേഖകന്‍ കണ്ടെത്തിയ ദിവ്യകാരുണ്യ അദ്ഭുതങ്ങളുമടക്കം കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ഗാലറി കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക പരിധിയില്‍ ലേഖകന്‍ പണിതുയര്‍ത്തിയ സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ 2024 ഫെബ്രുവരി 18ന് സ്ഥാപിതമായി. നൂറുകണക്കിനാളുകള്‍ സമരിയ സന്ദര്‍ശിച്ച് ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ കണ്ടുവരുന്നു. 2024 മെയ് 31ന് വത്തിക്കാന്‍ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ ദിവ്യകാരുണ്യ അദ്ഭുതവും കൂടി ഉള്‍പ്പെടുത്തി 2025 ജൂലൈ 6ന് ഈ ഗാലറി നവീകരിച്ചു.
മലയാളത്തില്‍ ആദ്യ ജീവചരിത്രവും തിരുനാളും
കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച 2020 ഒക്ടോബര്‍ 20ന് ഒരുമാസത്തിനു ശേഷം നവംബര്‍ 20ന് കാര്‍ലോയുടെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രം പ്രകാശിതമായി. ലേഖകന്‍ തന്നെയാണ് ഈ പുസ്തകത്തിന്റെ കര്‍ത്താവ്.
തിരുനാള്‍
കാര്‍ലോയുടെ തിരുശേഷിപ്പ് വണങ്ങപ്പെടുന്ന കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ 2021 ഒക്ടോബര്‍ 12ന് കാര്‍ലോയുടെ പ്രഥമ തിരുനാള്‍ ആഘോഷിച്ചു. 51 കുഞ്ഞുങ്ങളായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. തുടര്‍ന്ന് 2022, 2024 വര്‍ഷങ്ങളിലും തിരുനാള്‍ ആഘോഷിച്ചു. ഈ വര്‍ഷത്തെ കാര്‍ലോയുടെ തിരുനാള്‍ 2025 സെപ്റ്റംബര്‍ 14ന് ആഘോഷിക്കും