വത്തിക്കാൻ: വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ലിസ്ബണിലെ 140 വർഷം പഴക്കമുള്ള ഗ്ലോറിയ കേബിൾ കാർ, ബുധനാഴ്ചയാണ് അപകടത്തിൽ പെടുന്നത്.
ലിസ്ബണിൽ ബുധനാഴ്ചയുണ്ടായ ഗ്ലോറിയ കേബിൾ കാർ അപകടത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, പ്രാർത്ഥനകളും, അനുശോചനവും അറിയിച്ചു. പാപ്പായ്ക്കു വേണ്ടി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ്, ലിസ്ബണിലെ പാത്രിയാർക്കീസ് റൂയി മാനുവൽ സൂസ വലേറിയോയ്ക്ക് ടെലിഗ്രാം സന്ദേശമയച്ചത്.
സന്ദേശത്തിൽ, അതീവ ദുഃഖകരമായ ദുരന്തവാർത്ത അറിഞ്ഞ പാപ്പാ, ഇരകളായവരുടെ കുടുംബാഗങ്ങൾക്ക് തന്റെ പ്രാർത്ഥനകളും, ആത്മീയ സാമീപ്യവും അറിയിക്കുവെന്നു എടുത്തു പറഞ്ഞു. അതേസമയം, പരിക്കുകളേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായും, ദുരന്തത്തിൽ ഇരകളായവർക്ക് ക്രിസ്തീയ പ്രത്യാശയുടെ ശക്തി ലഭിക്കുന്നതിനായും സ്വർഗീയ മധ്യസ്ഥതയും പാപ്പാ അപേക്ഷിക്കുന്നുവെന്നും സന്ദേശത്തിൽ കുറിച്ചു.
ദുരന്തത്തിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരെ പാപ്പാ നന്ദിയോടെ ഓർക്കുന്നുവെന്നും, എല്ലാവർക്കും, പ്രത്യേകമായി മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും ആശ്വാസത്തിന്റെ അപ്പസ്തോലിക ആശീർവാദം പരിശുദ്ധ പിതാവ് നൽകുന്നുവെന്നും, സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ഏകദേശം പതിനാറോളം ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. നിരവധി ആളുകൾ ഗുരുതരമായ പരിക്കുകളോടെ ചികിത്സ തേടിവരുന്നു.