ഹരിപ്പാട്: ആലപ്പുഴ മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് ദാരുണമായി മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്കന്ദനാണ് ഇടഞ്ഞത് . ഈ ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.
മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാംപാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു. ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചുതാഴെയിട്ടശേഷം ചവിട്ടുകയായിരുന്നു.