പക്ഷം / കെ.ജെ. സാബു
നിങ്ങള്‍ കരുതുംപോലല്ല കാര്യങ്ങള്‍. ഷഷ്ഠിപൂര്‍ത്തിയും നവതിയും പിന്നിട്ട ‘യുവ നേതാക്കള്‍ ‘കരുതുംപോലല്ല കാര്യങ്ങള്‍. ഇവിടെ കുറെ തലയ്ക്ക് വെളിവുള്ള ചെറുപ്പക്കാരുണ്ട്. വെളിവില്ലാത്ത നേതാക്കളുടെ മാലിന്യമനോനിലയെക്കുറിച്ച് നല്ല ധാരണയുള്ള പിള്ളേര്. അവര്‍ നിങ്ങളെ വഴിയിലിട്ട് കൂകിവിളിക്കുന്ന കാലം വരുന്നു. സക്കേവൂസ്, സിക്കമോര്‍ മരത്തില്‍ കയറി ജീസസിനെ കാത്തിരുന്നത്, അദ്ദേഹത്തെ പൊതിഞ്ഞ് കുറെ പ്രമാണിമാര്‍ ഏതുനേരവും ഉണ്ടായിരുന്നതിനാല്‍ ആവണം. രാഹുല്‍ ഗാന്ധിയുടെ ചുറ്റിലും നില്ക്കുന്ന മാലിന്യങ്ങളെ മറികടക്കാന്‍ പിള്ളേര് സിക്കമോര്‍ മരത്തിന്റെ കൊമ്പില്‍ കയറിയിരുന്ന് അദ്ദേഹത്തെ കാണും !

‘വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകാനായി ബിഹാറിലെത്തി. ബഹുമാന്യനായ ലാലു പ്രസാദ് ജിയുടെ നാട് എന്നെ തീക്ഷ്ണമായ കണ്ണുകളാല്‍ സ്വാഗതം ചെയ്യുന്നു. ഏറെ വോട്ടകള്‍ മോഷ്ടിക്കപ്പെട്ട മണ്ണാണിത്. എന്റെ സഹോദരന്മാരായ രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ ചേര്‍ന്ന് ജനങ്ങളുടെ വേദനയെ തടയാനാവാത്ത ശക്തിയാക്കി മാറ്റുകയാണ് ‘വോട്ടര്‍ അധികാര്‍ യാത്ര’യിലൂടെ ചെയ്യുന്നത്’-ഈ വാക്കുകള്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റേതാണ്. തമിഴകത്ത് കോണ്‍ഗ്രസ്സിന്റെ ‘പണിതീര്‍ത്ത’ ഡിഎംകെയുടെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ പ്രാദേശികമായി കോണ്‍ഗ്രസിനെ ചെറുക്കുമ്പോഴും ഉത്തമനായ രാജ്യസ്നേഹിയാണ് താനെന്ന് അടിവരയിടുകയാണ് അദ്ദേഹം.
വോട്ടര്‍ അധികാര്‍ യാത്രയുടെ പതിനൊന്നാം ദിനത്തിലാണ് സ്റ്റാലിന് രാഹുലിനൊപ്പം ചേര്‍ന്നത്. യാത്രയുടെ ഭാഗമാവുന്നതിനായി സ്റ്റാലിനൊപ്പം ഡിഎംകെ എംപി കനിമൊഴിയും എത്തിയിരുന്നു. യാത്രയില്‍ പങ്കുചേര്‍ന്നതുമായി ബന്ധപ്പെട്ട് സ്റ്റാലിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റിട്ടിട്ടുണ്ട്. എത്ര മതിപ്പോടെയാണ് രാഹുലിന്റെ പോരാട്ടങ്ങളെ സ്റ്റാലിന് വീക്ഷിക്കുന്നത് .
‘രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്നുകാട്ടി, എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് അവര്‍ തയ്യാറായില്ല. പകരം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനൊന്നും രാഹുല്‍ ഗാന്ധി ഭയപ്പെടില്ല’ – സ്റ്റാലിന് പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി തങ്ങളുടെ കളിപ്പാവയാക്കി മാറ്റിയെന്നും സ്റ്റാലിന് ആരോപിച്ചു.
വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനിടെ (എസ്ഐആര്‍) 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തീവ്രവാദത്തേക്കാള്‍ അപകടകരമാണെന്നും സ്റ്റാലിന് പറഞ്ഞു. ‘കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡിയുടെ തേജസ്വി യാദവും കൈകോര്‍ത്തത് ജനാധിപത്യം സംരക്ഷിക്കാനാണ്. ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ പരാജയപ്പെടും’- സ്റ്റാലിന് ഉറപ്പിച്ചു പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ പതിനായിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യാ സഖ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നത്.
കേരളത്തില്‍ ഇന്ത്യാ സഖ്യത്തിലുള്ള രണ്ട് പ്രബല രാഷ്ട്രീയ മുന്നണികളുണ്ട്. ഒന്ന് രാഹുല്‍ ഗാന്ധി പിടിക്കുന്ന അതേ കൊടി പിടിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണി. രണ്ടാമത്തേത് രാജ്യമെമ്പാടും ബിജെപിയെയും അതിനെ നയിക്കുന്ന സംഘ്പരിവാരത്തെയും നഖശിഖാന്തമെതിര്‍ക്കുന്ന സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി.
ഒരുമനുഷ്യന് അയാളുടെ ചോരയും നീരുമൊഴുക്കി നാടുമുഴുവന്‍ നടന്ന് ,കൈവിട്ടുപോകുന്ന ജനാധിപത്യത്തിന് വേണ്ടി പോരടിക്കുമ്പോള്‍ കേരളത്തിലെ ഇരുമുന്നണികളും എന്ത് ചെയ്യുകയാണ് ? അവര്‍ മാങ്കൂട്ടത്തിന്റെ പേരില്‍ പോരടിക്കുകയാണ്.
നമ്മുടെ വീട്ടില്‍ ഒരു പെരുച്ചാഴി ചത്തുചീഞ്ഞാല് എത്രയും വേഗം അതിനെ കുഴിച്ചുമൂടുകയാണ് നാം ചെയ്യുക. അതിന് പകരം രാജ്യത്തിന്റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍, നാറിനാശമായ മാങ്കൂട്ടത്തിനെ ന്യായീകരിച്ചും തങ്ങളുടേതാണ് പത്തരമാറ്റ് സ്ത്രീസ്നേഹം എന്ന് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളോട് പേര്‍ത്തും പേര്‍ത്തും പറഞ്ഞും ചീഞ്ഞ പെരുച്ചാഴിയുടെ ‘ശവസംസ്കാരം’പരമാവധി നീട്ടിക്കൊണ്ടുപോവുകയാണ്. നെറിവില്ലാത്ത മാധ്യങ്ങളാകട്ടെ ഈ വീഴുപ്പലക്കിന് പറ്റിയപോലെ ഒത്താശചെയ്യുകയാണ് .

നിങ്ങള്‍ കരുതുംപോലല്ല കാര്യങ്ങള്‍. ഷഷ്ഠിപൂര്‍ത്തിയും നവതിയും പിന്നിട്ട ‘യുവ നേതാക്കള്‍ ‘കരുതുംപോലല്ല കാര്യങ്ങള്‍. ഇവിടെ കുറെ തലയ്ക്ക് വെളിവുള്ള ചെറുപ്പക്കാരുണ്ട്. വെളിവില്ലാത്ത നേതാക്കളുടെ മാലിന്യമനോനിലയെക്കുറിച്ച് നല്ല ധാരണയുള്ള പിള്ളേര്. അവര്‍ നിങ്ങളെ വഴിയിലിട്ട് കൂകിവിളിക്കുന്ന കാലം വരുന്നു. സക്കേവൂസ്, സിക്കമോര്‍ മരത്തില്‍ കയറി ജീസസിനെ കാത്തിരുന്നത്, അദ്ദേഹത്തെ പൊതിഞ്ഞ് കുറെ പ്രമാണിമാര്‍ ഏതുനേരവും ഉണ്ടായിരുന്നതിനാല്‍ ആവണം. രാഹുല്‍ ഗാന്ധിയുടെ ചുറ്റിലും നില്ക്കുന്ന മാലിന്യങ്ങളെ മറികടക്കാന്‍ പിള്ളേര് സിക്കമോര്‍ മരത്തിന്റെ കൊമ്പില്‍ കയറിയിരുന്ന് അദ്ദേഹത്തെ കാണും !
ചുറ്റിലുമുണ്ടായിരുന്നവരെയല്ല മരമുകളിലിരുന്നവനെ -ഉന്നതമായ ചിന്താ ശേഷിയുള്ളവനെയാണ് ജീസസ് കണ്ടത്. അവന്റെ വീട്ടില്‍ നിന്നാണ് അവന് ഉണ്ടത്. അവനെയാണ് കൂടെക്കൂട്ടിയത്. രാഹുല്‍ ഇന്ത്യയിലെ ഉന്നതമായ ചിന്താശേഷിയുള്ള പിള്ളേരെയാണ് കാണുന്നത്. അദ്ദേഹം അവരോടാണ് വോട്ട് എന്ന ധീരാവകാശത്തെ കുറിച്ച് പറയുന്നത്. കേരളത്തിലെ കടല്ക്കിഴവന്മാര്, എത്രയും വേഗം ചത്തുചീഞ്ഞ പെരുച്ചാഴിയെ സംസ്കരിക്കുക. സംസ്കാരമെന്നൊരു സംഗതി നിങ്ങള്ക്കുമുണ്ടെന്ന് തെളിയിക്കുക. ഓണമാണ് അഴുക്കുകള്‍ അകറ്റുന്ന കാലം !