വത്തിക്കാൻ സിറ്റി: മ്യാൻമറിന്റെ വടക്കുപടിഞ്ഞാറൻ ചിൻ സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രിലിൽ നടന്ന വ്യോമാക്രമണത്തിൽ ഫലാമിലെ ക്രിസ്തുരാജന്റെ ദൈവാലയം തകർക്കപ്പെട്ടെങ്കിലും, പ്രാദേശിക കത്തോലിക്കാ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് ഹഖാ രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ലൂസിയസ് ഹ്റേ കുങ്.
തകർക്കപ്പെട്ട ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം സന്ദർശിച്ച അവസരത്തിൽ,” തങ്ങളുടെ ദൈവാലയങ്ങൾ തകർക്കപ്പെട്ടാലും മ്യാൻമറിലെ ദൈവജനത്തിന്റെ വിശ്വാസത്തിന് തകർച്ച ഉണ്ടാകില്ലെന്നും, അക്രമികൾ തകർത്ത ക്രിസ്തുരാജന്റെ പള്ളി പുനർനിർമ്മിക്കുന്നതിനായി, വിശ്വാസികൾ തങ്ങളുടെ സംഭാവനകൾ നൽകുമെന്നും ബിഷപ്പ് ഹ്റേ കുങ് ഫീദെസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രാർത്ഥനയിൽ അടിയുറച്ച് നിൽക്കാനും ക്രിസ്തുവിന്റെയും മറിയത്തിന്റെയും ഹൃദയങ്ങളുമായി ഐക്യപ്പെട്ട് മുന്നോട്ട് പോകാനും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.ഏകദേശം ആയിരം വിശ്വാസികളുള്ള ഫലാമിലെ കത്തോലിക്കാ സമൂഹത്തിനായി 2023 നവംബറിലാണ് ഈ മനോഹരമായ ദൈവാലയം പൂർത്തിയാക്കുകയും വെഞ്ചരിക്കുകയും ചെയ്യുകയും ചെയ്തത്.
എന്നാൽ, ചിൻലാൻഡ് പ്രതിരോധസേനയും (CDF) രാജ്യത്തെ സാധാരണ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായി, സിഡിഎഫ് ഫലാമിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് സൈന്യം പ്രദേശത്ത് ബോംബിടുകയായിരുന്നു. ഈ ആക്രമണങ്ങളിലാണ് ദൈവാലയത്തിനുൾപ്പെടെ വിവിധ മതസ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്. ആക്രമണം നടന്ന് മാസങ്ങൾക്കു ശേഷമാണ് ഹഖാ രൂപതാദ്ധ്യക്ഷൻ അഭി. ഹ്റേ കുങിന് സ്ഥലം സന്ദർശിക്കാനും വിശ്വാസികളെ ആശ്വസിപ്പിക്കാനും സാധിച്ചത്.
പ്രാദേശിക പുരോഹിതനായ ഫാദർ പോളിനസ് ജി.കെ. ഷിംഗ്, പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, രൂപതയിലെ നവവൈദികരുടെ പൗരോഹിത്വസ്വീകരണച്ചടങ്ങുകൾ ഈ ദേവാലയത്തിൽ നടന്നിരുന്നത് ഇവിടുത്തെ വിശ്വാസികൾ വേദനയോടെയാണ് ഓർക്കുന്നതെന്ന് പറഞ്ഞു.ചിൻ സംസ്ഥാനത്ത് ഇപ്പോഴും സൈനിക ആക്രമണങ്ങൾ തുടരുകയാണെന്ന് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു.
മുൻപ് നടന്ന വ്യോമാക്രമണങ്ങളിൽ മിൻഡാറ്റിലെ തിരുഹൃദയ ദൈവാലയത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് ജനുവരി 25-ന് സ്ഥാപിതമായ മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായിരിക്കേണ്ടതായിരുന്നു. ചിൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച്, 2021 മുതൽ ആഭ്യന്തരയുദ്ധത്തിൽ ചിൻ സംസ്ഥാനത്ത് 67 പള്ളികൾ ഉൾപ്പെടെ കുറഞ്ഞത് 107 ക്രൈസ്തവസ്ഥാപനങ്ങൾ സൈനിക ബോംബാക്രമണത്തിൽ നശിപ്പിക്കപ്പെട്ടു.
അതേസമയം, മ്യാൻമറിന്റെ മധ്യഭാഗത്ത്, സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതും തൗങ്ഗ്നു രൂപതയുടെ അതിർത്തിക്കുള്ളിൽ വരുന്നതുമായ പ്രദേശത്ത്, 16-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതായ ടൂങ്ഗൂ-കേതുമതി നഗരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ടൗങ്ങ് കത്തീഡ്രലും തിരുഹൃദയ ദൈവാലയവും 19 ബുദ്ധക്ഷേത്രങ്ങളും പൊളിക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ടെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ കത്തീഡ്രൽ പൊളിക്കപ്പെടുമെന്ന ആശങ്കയിൽ, മ്യാൻമറിലെ കത്തോലിക്കാ മെത്രാൻസമിതി ഈ വിഷയത്തിൽ ഇടപെടണമെന്നും ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തോട് ഔദ്യോഗികമായി ആവശ്യപ്പെടണമെന്നാണ് പ്രാദേശിക പുരോഹിതരും വിശ്വാസികളും ആഗ്രഹിക്കുന്നതെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു