ഭോപ്പാൽ: രാജ്യത്തെ ഏകദേശം 94% തൊഴിലാളികളെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ അസംഘടിത മേഖലയ്ക്കായി മാത്രമായി ഒരു പ്രത്യേക തൊഴിൽ നിയമം – അഞ്ചാമത്തെ കോഡ് രൂപപെടുത്തണമെന്നു ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദേശീയ തൊഴിലാളി പ്രസ്ഥാനമായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ (WIF), കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. 2024 ഓഗസ്റ്റ് 22–24 തീയതികളിൽ ഭോപ്പാലിലെ പാസ്റ്ററൽ സെന്ററിൽ നടന്ന വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ അസംബ്ലിയാണ് ഈ ആവശ്യം ഉൾപ്പെടുന്ന പ്രമേയം അംഗീകരിച്ചത്.
ഭാരത കത്തോലിക്കാ സഭയുടെ തൊഴിൽ കാര്യാലയത്തിന്റെ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അസംബ്ലി ഉദ്ഘാടനം ചെയ്തു. ഒരു പ്രത്യേക നിയമ സംഹിതയ്ക്കു മാത്രമേ അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കഴിയൂ എന്ന് അദ്ദേഹം വിലയിരുത്തി. ഭോപ്പാൽ ആർച്ച് ബിഷപ്പും മദ്ധ്യപ്രദേശ് മെത്രാൻ സമിതിയുടെ ചെയർമാനുമായ ആർച്ചുബിഷപ്പ് ഡോ. എ.എ.എസ്. ദുരൈരാജ് മുഖ്യപ്രഭാഷണം നടത്തി.
രാജ്യത്തെ തൊഴിൽ നിയമ, ക്ഷേമ സംരക്ഷണങ്ങളിൽ നിന്ന് പലപ്പോഴും ഒഴിവാക്കപ്പെടുന്ന അസംഘടിത തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ, സ്ഥിരതയുള്ള തൊഴിൽ, ശക്തമായ സാമൂഹിക, സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കണമെന്ന് അസംബ്ലി ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കി വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ വനിതാ ഫോറം ഉടൻ ആരംഭിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
ഇന്ത്യയിലുടനീളമുള്ള 150-ലധികം പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുത്തു. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ആന്റണി സെൽവനാഥന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ ഡയറക്ടർ ഫാ. ജോർജ് നിരപ്പുകാലായിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ, സാമൂഹിക സംരക്ഷണം, സംഘടനാ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള തീമാറ്റിക് സെഷനുകളിൽ ജോയ് ഗോതുരുത്ത്, ജോസഫ് ജൂഡ്, സെബാസ്റ്റ്യൻ പാലംപറമ്പിൽ എന്നിവർ വിഷയാവതരണങ്ങൾ നടത്തി .
ഫാ. ഷിന്റോ എബ്രഹാം (സെക്രട്ടറി, മദ്ധ്യപ്രദേശ് മേഖല), സമീർ ലക്ര (ജനറൽ സെക്രട്ടറി), ഡോ. ഹേമന്ത് കുമാർ (ട്രഷറർ), സിസ്റ്റർ ജാസ്മിൻ ജോസ് (നാഷണൽ കോർഡിനേറ്റർ), പ്രീതി റോസ് കുലു (നാഷണൽ സെക്രട്ടറി), ഫെലിസ ഗോസ്, പാസ്കൽ റാഫേൽ, ജോസഫ് ഫ്രാൻസിസ്, അജിത് ഡിഗൽ (നാഷണൽ എക്സ്കോ അംഗങ്ങൾ) എന്നിവർ പ്രസംഗിച്ചു.