വത്തിക്കാന്: ഗാസായിലെ അഞ്ചുവയസ്സിന് താഴെയുള്ള ഒരുലക്ഷത്തിമുപ്പത്തിരണ്ടായിരത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് മൂലം മരണഭീഷണി നേരിടുകയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഗാസാ ഗവർണറേറ്റിൽ ക്ഷാമം സ്ഥിരീകരിച്ച സംഘടന, വരും ആഴ്ചകളിൽ സ്ഥിതിഗതികൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നേക്കാമെന്ന് ഓഗസ്റ്റ് 22 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആശങ്ക പ്രകടിപ്പിച്ചു.
ഗാസാ പ്രദേശത്ത് അഞ്ചു ലക്ഷത്തിലധികം ആളുകൾ, ഐ.പി.സി. റേറ്റിങ്ങിൽ (Integrated Food Security Phase Classification) ഏറ്റവും കൂടിയ നിലയിലുള്ള “മാനവികദുരന്തം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ സേവ് ദി ചിൽഡ്രൻ, ഇവരിൽ പകുതിയോളം കുട്ടികളാണെന്ന് അറിയിച്ചു. ഇതാദ്യമായാണ് മദ്ധ്യപൂർവ്വദേശങ്ങളിൽ ഈ നിലയിലുള്ള ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്.
ഗാസാ പ്രദേശത്ത് നിലനിൽക്കുന്ന കടുത്ത പോഷകാഹാരക്കുറവ് ഇനിയും വേഗത്തിൽ വർദ്ധിക്കുമെന്നും, 2026 ജൂൺ മാസം വരെയുള്ള കാലയളവിൽ അഞ്ചുവയസ്സിൽ താഴെയുള്ള ഒന്നേകാൽ ലക്ഷത്തിലധികം കുട്ടികൾ മരണഭീഷണി നേരിടുമെന്നും സംഘടന വിശദീകരിച്ചു. 2025 മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഐ.പി.സി. റേറ്റിങ്ങിന്റെ ഇരട്ടിയോളമാണ് നിലവിലെ പോഷകാഹാരക്കുറവ് സംബന്ധിച്ച ദുരിതാവസ്ഥയെക്കുറിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വടക്കൻ ഗാസായിൽ ഇസ്രായേൽ മിലിട്ടറി ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ പതിനായിരക്കണക്കിനാളുകൾ ദൈർ അൽ-ബാലാഹ്, ഖാൻ യൂനിസ് തുടങ്ങിയ ഇടങ്ങളുൾപ്പെടെയുള്ള ഗാസായുടെ തെക്കുഭാഗത്തേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്നും സെപ്റ്റംബർ അവസാനത്തോടെ ഈ പ്രദേശങ്ങളിലും കടുത്ത ക്ഷാമം ഉണ്ടാകുമെന്നും സേവ് ദി ചിൽഡ്രൻ മുന്നറിയിപ്പ് നൽകി.
പട്ടിണിയെ ഒരു യുദ്ധായുധമാക്കി മാറ്റുന്ന തന്ത്രം ഇസ്രായേൽ നിറുത്തണമെന്നും, ഗാസാ മുനമ്പ് പിടിച്ചടക്കുന്നത് അവസാനിപ്പിക്കണമെന്നും, ഭക്ഷണസാധനങ്ങളുൾപ്പെടെയുള്ള മാനവികസഹായമെത്തിക്കുന്നതിന് അനുവദിക്കണമെന്നും സേവ് ദി ചിൽഡ്രൻ ഇറ്റലിയുടെ ഡയറക്ടർ ജനറൽ ഡാനിയേല ഫത്തറെല്ല ആവശ്യപ്പെട്ടു. ഇസ്രായേൽ ഗവണ്മെന്റ് ഗാസായിലെ കുട്ടികളെയും കുടുംബങ്ങളെയും പട്ടിണിക്കിടുന്നതിനെതിരെ അന്താരാഷ്ട്രസമൂഹം എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.