ന്യൂഡൽഹി: യുഎസ്സിലേക്കുള്ള അന്താരാഷ്ട്ര തപാൽ സേവനങ്ങളിൽ ഭൂരിഭാഗവും താൽക്കാലികമായി നിർത്തി വെക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. യുഎസ് ഗവൺമെൻ്റ് അടുത്തിടെ നടപ്പാക്കിയ ചില നിയന്ത്രണങ്ങളാണ് ഇന്ത്യാ പോസ്റ്റിന്റെ ഈ തീരുമാനത്തിനു പിന്നിൽ. 800 ഡോളർ വരെയുള്ള തപാൽ ഉരുപ്പടികൾക്ക് നേരത്തെ യുഎസ്സിൽ നികുതിയിളവ് ലഭിച്ചിരുന്നു. ഇത് ട്രംപ് ഭരണകൂടം നീക്കം ചെയ്തിരിക്കുകയാണിപ്പോൾ.
ഓഗസ്റ്റ് 25-ാം തീയതി മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. യുഎസ് കസ്റ്റംസ് ചട്ടങ്ങളിൽ ഓഗസ്റ്റ് അവസാനം നിലവിൽവരുന്നമാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് തപാൽ വകുപ്പിന്റെ നടപടി. ജൂലൈ 30ന് യുഎസ് ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി തീരുവയില്ലാതെ ഉരുപ്പടികൾ എത്തുന്നത് നിർത്തലാക്കുകയായിരുന്നു. ഓഗസ്റ്റ് 29 മുതൽ എല്ലാ തപാൽ ഉരുപ്പടികൾക്കും കസ്റ്റംസ് തീരുവ ഈടാക്കാനാണ് എക്സിക്യുട്ടീവ് ഓർഡർ പറയുന്നത്. വലിയ ആശങ്കയാണ് ഈ നീക്കത്തിൽ ഇന്ത്യാ പോസ്റ്റ് ഉപയോക്താക്കൾക്ക് വന്നിരിക്കുന്നത്. എന്ന് ഈ നിയന്ത്രണം നീക്കുമെന്ന ചോദ്യം അവരിൽ നിന്ന് ഉയരുന്നുണ്ട്.
ഓഗസ്റ്റ് 25 മുതൽക്കാണ് ഇന്ത്യ പോസ്റ്റ് യുഎസിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികളുടെയും ബുക്കിംഗ് താൽക്കാലികമായി നിർത്തിവെക്കുന്നത്. അതെസമയം കത്തുകൾ/രേഖകൾ, 100 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾ എന്നിവയെ ഈ താൽക്കാലിക വിലക്ക് ബാധിക്കില്ല.