ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൻറെയും വോട്ട് മോഷണ ആരോപണങ്ങളുടെയും പേരിൽ വിമര്‍ശന വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിൻറെ ഇംപീച്ച്മെന്റ് നീക്കം. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ഇത് .
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ കക്ഷി നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ ഇംപീച്ച്മെന്റ് നീക്കം ചർച്ചയായി . പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം ഉന്നയിച്ച വിഷയങ്ങൾ പാടെ തള്ളുന്നതായിരുന്നു ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ അപ്രതീക്ഷിത വാർത്താസമ്മേളനം.
ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകുകയോ മാപ്പു പറയുകയോ ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇംപീച്ച്മെന്റ് നീക്കം.