ന്യൂഡൽഹി : രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടു കൊള്ള ആരോപണം തള്ളികൊണ്ട് വാർത്തസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ.
തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം.
നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും രൂപംകൊള്ളുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കമ്മിഷന് വിവേചനം നടത്താനാകുകയെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആരാഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ വോട്ടർമാരോ അത്തരം ആരോപണങ്ങളെ ഭയക്കുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കുവച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുമ്പോൾ, കമ്മിഷൻ എല്ലാവരോടുമായി ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുടെയും കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നു.
യാതൊരു വിവേചനവുമില്ല. ഇനിയും അത് തുടരും’-തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്.
ബീഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വോട്ടുചോർച്ചാ തെളിവുകൾ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവർത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തിരുത്തുന്നതിന് യഥാസമയങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് അവസരം നൽകിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ആ വാർത്താ കുറിപ്പിൽ വിശദീകരിച്ചത്.
കരടുപട്ടികയിറക്കുമ്പോഴും അന്തിമപട്ടിക വരുമ്പോഴും തെറ്റുകൾ പരിശോധിക്കാൻ പാർട്ടികൾക്ക് അവസരം നൽകാറുണ്ട്.യഥാവിധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ, തെറ്റുകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ തിരുത്താൻ കഴിയുമായിരുന്നെന്നും കമ്മിഷൻ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.