പട്ന: വോട്ട് ചോരി ആരോപണത്തിൽ ഇൻഡ്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കമാകും . ബിഹാറിലെ 24 ജില്ലകളിലൂടെ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നുപോകും . ആർജെഡി നേതാവ് തേജസ്വി യാദവും ഇടത് നേതാക്കളും അടക്കം വോട്ട് അധികാർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നേതൃത്വം നൽകും.
റോഹ്താസ് ജില്ലയിലെ സസാറമിൽ നിന്നാണ് യാത്ര ആരംഭിച്ച് 24 ജില്ലകളിലൂടെ 1,300 കിലോമീറ്റർ നേതാക്കൾ സഞ്ചരിക്കും. പതിനാല് ദിവസം നീളുന്ന യാത്ര സെപ്റ്റംബർ ഒന്നിന് ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെയാണ് സമാപിക്കുക . വോട്ടർ പട്ടികയിൽ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടർമാരെ ബോധവത്ക്കരിക്കും .
രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയിൽ പങ്കാളികളാകും.