അഭിമുഖം /ജെറി അമല്‍ദേവ് / ബിഎസ്
*മലയാള സംഗീതമേഖലയില്‍ ജെറി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ജെറി അമല്‍ദേവിന്റെ ജീവിത സിംഫണി
മധുരഈണങ്ങള്‍ മന്ത്രിക്കുന്ന ഒരു ഇളം കാറ്റ് പോലെ ജെറി അമല്‍ദേവിന്റെ സംഗീതം പതിറ്റാണ്ടുകളായി മലയാളി സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്നു. വികാരങ്ങളുടെയും വിരഹത്തിന്റേയും പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഭക്തിയുടേയും സമ്പന്നമായ ഒരു സംഗീതശില്പം അദ്ദേഹം മെനഞ്ഞെടുത്തിട്ടുണ്ട്. 1939 ഏപ്രില്‍ 15ന് വെളിപ്പറമ്പില്‍ വി.സി ജോസഫിന്റെയും എം.ഡി മേരിയുടേയും മകനായി ജെറോം തോമസ് എന്ന ജെറി അമല്‍ദേവ് കൊച്ചിയില്‍ ജനിച്ചു. അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ഫാസിലിന്റെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമ 2025ല്‍ 45-ാം വര്‍ഷം ആഘോഷിക്കുകയാണ്.
1980ലെ ന്യൂജന്‍ സിനിമയായി പിന്നീട് വാഴ്ത്തപ്പെട്ട ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പരാജയത്തിലേക്ക് നീങ്ങുമ്പോഴാണ് അതിലെ പാട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതും പാട്ടുകളും സിനിമയും ഹിറ്റാകുന്നതും.
മലയാള സിനിമയ്ക്കും ദേവാലയ സംഗീതത്തിനും ജെറി അമല്‍ദേവ് ചെയ്ത സംഭാവനകള്‍ നിസ്തുലമാണ്. തലമുറകളെ പ്രചോദിപ്പിക്കുന്ന സംഗീത മാന്ത്രികന്റെ ജീവിതത്തിലൂടെ കടന്നു പോകാം.
വിശ്വാസമാണ് എന്റെ സംഗീതത്തിന്റെ അടിസ്ഥാനം
വലിയ ഈശ്വരവിശ്വാസമുള്ള കുടുംബങ്ങളായിരുന്നു എന്റെ പിതാവിന്റേയും മാതാവിന്റേയും. ആ വിശ്വാസവും ഭക്തിയും എന്റെ സംഗീതത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കള്‍ പനക്കലച്ചന്, മോണ്‍സിഞ്ഞോര്‍ ഇമ്മാനുവല്‍ ലോപ്പസ് (ദൈവദാസന്) എന്നിവരാണ് എന്നെ സംഗീതരംഗത്തേക്ക് കൈപിടിച്ചാനയിച്ചവര്‍ എന്നു പറയാം. ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്നാണ് ഞാന്‍ എന്റെ സംഗീത ജീവിതം തുടങ്ങിയതും. ഞാന്‍ ഇന്നും ക്രിസ്തീയ ഭക്തിഗാന രംഗത്ത് സജീവമാണ്. 1000ത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഞാന്‍ ഈണമിട്ടിട്ടുണ്ട്. ‘ നിര്‍മലമായൊരു ഹൃദയമെന്നില്…നിര്മിച്ചരുളുക നാഥാ….’ എന്ന ഗാനവും ‘ ജീവിതാര്ച്ചനാ വേളയായിതാ… മാനസങ്ങളില്‍ പൂജയായ് ‘ എന്ന ഗാനവും എനിക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
1947 – 48 കാലമാണ്. എനിക്കന്ന് ഒമ്പത് വയസ് പ്രായം. ഞങ്ങളുടെ തറവാട് വീട് പശ്ചിമകൊച്ചിയില്‍ നസ്രത്താണ്. എന്റെ അമ്മയുടെ വീട് എറണാകുളത്താണ്. അമ്മൂമ്മ നിര്‍ബന്ധിച്ച് മൂത്തജ്യേഷ്ഠനെയും എന്നെയും എറണാകുളത്തു കൊണ്ടുവന്നു. സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ ചേര്‍ത്തു. എനിക്കു ചെറുപ്പത്തിലേ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഹിന്ദി, തമിഴ് പാട്ടുകളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. എനിക്ക് ഹിന്ദി പാട്ടിനോടായിരുന്നു താല്പര്യം. മന്നാ ഡേ, കെ.സി.ഡേ, പങ്കജ് മല്ലിക്, സൈഗള്‍ തുടങ്ങിയവരുടെ പാട്ടുകള്‍ വളരെ ഇഷ്ടമായിരുന്നു.
എന്റെ അമ്മാവന് മൂഞ്ഞപ്പിള്ളി സെബാസ്റ്റ്യന്‍ ജോണ്‍ എന്ന എം.എസ്. ജോണ്‍ ടാറ്റാ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം ഒരു സംഗീതപ്രേമിയായിരുന്നു. പാട്ടുകള്‍ എഴുതുമായിരുന്നു. കപ്പല്‍ പള്ളിയെന്നും നടുവിലെ പള്ളിയെന്നും അറിയപ്പെടുന്ന സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ചില ദിവസങ്ങളില്‍ അവര്‍ രാത്രിയില്‍ ഒരു മണിക്കൂര്‍ ആരാധന നടത്തിയിരുന്നു. അപ്പോള്‍ പാട്ടുകളും പാടുമായിരുന്നു. അമ്മാവന് എന്നെക്കൊണ്ട് വീട്ടില്‍ ഹിന്ദി ഗാനങ്ങള്‍ പാടിക്കും. അതിന്റെ ഈണമെല്ലാം മനസിലാക്കി അതില്‍ നിന്ന് മലയാളം ഭക്തിഗാനങ്ങള്‍ എഴുതും. ഒരു ദിവസം ആരാധനാ സമയത്ത് അതിലൊരു ഗാനം എന്നെക്കൊണ്ട് പാടിച്ചു. ആ സമയത്ത് പള്ളിയില്‍ ഒരു അച്ചന് പ്രാര്ഥിച്ചുകൊണ്ടിരുന്നിരുന്നു. ആരാധന കഴിഞ്ഞ് അദ്ദേഹം വന്ന് അമ്മാവനോടു പറഞ്ഞു, ”ഇവന് കൊള്ളാമല്ലോ! പക്ഷേ പാട്ടില്‍ കുറച്ചു പ്രശ്നങ്ങളുണ്ട്; നമുക്കവ ശരിയാക്കാം.” മൈക്കള്‍ പനക്കലച്ചനായിരുന്നു അത്.
സെന്റ് ആല്‍ബര്‍ട്സ് കോളജിനു സമീപത്തുള്ള പയസ് ടെന്‍ത്ത് ഹോസ്റ്റലിലേക്ക് എന്നോടും അമ്മാവന് ജോണിനോടും വരാന്‍ അച്ചന് ആവശ്യപ്പെട്ടിരുന്നു. മൈക്കലച്ചന്‍ ഈ ഹോസ്റ്റലിലെ വാര്‍ഡനുമായിരുന്നു. ഒരു ദിവസം പയസ് ടെന്‍ത്ത് ഹോസ്റ്റലില്‍ ഞങ്ങള്‍ ചെന്നു. എന്നോട് ഒരു പാട്ടുപാടാന്‍ അച്ചന് ആവശ്യപ്പെട്ടു. ഞാന്‍ പാടുമ്പോള്‍ അച്ചന് ഹാര്‍മോണിയം വായിച്ചു. എനിക്ക് തെറ്റുന്നിടത്തൊക്കെ തിരുത്തല്‍ വരുത്താന്‍ അച്ചന് ശ്രദ്ധിച്ചു. എന്റെ ആലാപന രീതി മെച്ചപ്പെടാന്‍ അതു സഹായിച്ചു. മാത്രമല്ല, അവിടെയുള്ള ബോസ്കോ കലാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അച്ചന് എന്നോട് നിര്‍ദേശിക്കുകയും ചെയ്തു.
ഹൈക്കോടതിക്കു സമീപമുള്ള വടക്കേപള്ളിയെന്നും അറിയപ്പെടുന്ന ഉണ്ണീശോ പള്ളിയില്‍ (ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്) അസിസ്റ്റന്റായിരുന്നു അന്ന് മൈക്കള്‍ പനക്കലച്ചന്. വികാരിയായിരുന്നത് പിന്നീട് മോണ്സിഞ്ഞോറും ദൈവദാസനുമായ ഇമ്മാനുവല്‍ ലോപ്പസ് അച്ചന്. അക്കാലത്ത് പള്ളികളില്‍ ലത്തീന്‍ പാട്ടുകള്‍ മാത്രമാണ് കുര്‍ബാനയ്ക്ക് പാടിയിരുന്നത്. പള്ളിയില്‍ പാടണമെങ്കില്‍ മെത്രാന് മന്ദിരത്തില്‍ ചെന്ന് ബന്ധപ്പെട്ട അച്ചനെ പാട്ടുപാടി കേള്‍പ്പിക്കണം. അച്ചന്റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ പള്ളിയാല്‍ പാടാന്‍ അനുവാദം ലഭിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ആരാധനക്രമത്തിലെ ഗാനങ്ങള്‍ പ്രാദേശികഭാഷകളില്‍ പാടാമെന്ന് നിര്‍ദേശിച്ചതിനു ശേഷമാണ് പള്ളികളില്‍ മലയാളത്തിലൊക്കെ പാട്ടുകള്‍ പാടാന്‍ തുടങ്ങിയത്.
ബോസ്കോ കലാസമിതി
വടക്കേപള്ളിയോടനുബന്ധിച്ച് ഇമ്മാനുവല്‍ ലോപ്പസച്ചന് സ്ഥാപിച്ചതാണ് ബോസ്കോ കലാസമിതി. അവിടെ വരാന്‍ മൈക്കളച്ചന്‍ പറഞ്ഞു. അവിടെ വച്ചാണ് ഇമ്മാനുവല്‍ ലോപ്പസച്ചനെ ഞാന്‍ കാണുന്നത്. ബോസ്കോ കലാസമിതിയില്‍ പല കലാപരിപാടികളും അച്ചന് പ്രോത്സാഹിപ്പിച്ചിരുന്നു. ചെറുപ്പക്കാരെ കൊണ്ട് ചിത്രം വരപ്പിക്കുക, നാടകം കളിപ്പിക്കുക, പാട്ടുപാടിക്കുക തുടങ്ങിയവയൊക്കെ അച്ചന് ചെയ്യുമായിരുന്നു. ബോസ്കോയില്‍ വച്ചാണ് പ്രസിദ്ധമായ ‘അല്ലിയാമ്പല്‍ കടവില്‍’ എന്ന പാട്ടിന്റെ സംഗീതസംവിധായകരായ ജോബ് ആന്‍ഡ് ജോര്‍ജിനെ കാണുന്നത്. ജോ കൊയ്ലോ, റൊസാരിയോ തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപ്പോള്‍ അവിടെയുണ്ട്. ഇമ്മാനുവലച്ചനാണ് ഇതിന്റെയെല്ലാം സംഘാടകന്‍. അങ്ങനെ ഞാനും അവിടെയൊരു പാട്ടുകാരനായി.
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ഒരിക്കല്‍ അവിടെ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഇമ്മാനുവലച്ചന്റെ നിര്‍ദേശപ്രകാരം ദാസ് എന്നൊരാള്‍ രചിച്ച ‘കരയുന്ന അസ്ഥിമാടം’ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ലോപ്പസച്ചനാണ് സംവിധാനം. കുറച്ചു ജിപ്സികള് ഒരു പാട്ടുംപാടിക്കൊണ്ട് കാണികള്‍ക്കിടയില്‍ നിന്ന് സ്റ്റേജിലേക്ക് കയറിവരുന്നതാണ് ആദ്യരംഗം. അവസാനരംഗത്തില്‍ ഈ പാട്ടുപാടിക്കൊണ്ട് അവര്‍ ഇറങ്ങിപ്പോകുന്നു. ശോകരസപ്രദമായ ഒരു പാട്ടാണ് അവര്‍ പാടേണ്ടത്. ഇമ്മാനുവലച്ചന് എന്നെ വിളിച്ച് അത്തരമൊരു പാട്ടിന് ഈണം കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഒരു ചെറിയ കുട്ടിയായിരുന്ന എന്നില്‍ അച്ചന് അര്‍പ്പിച്ച വിശ്വാസം എന്നെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. അതായിരുന്നു ഞാന്‍ ആദ്യം ഈണം നല്കിയ പാട്ട്. ലോപ്പസച്ചനാണ് എന്നെ സംഗീതസംവിധായകനാക്കിയത് എന്നു പറയാം. ഈ ഈണം പിന്നീട് ഞാന്‍ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന സിനിമയില്‍ ‘മൗനങ്ങളേ ചാഞ്ചാടുവാന്‍’ എന്ന വരികളില്‍ ഉപയോഗിച്ചു. തബലവായിക്കുന്ന പോഞ്ഞിക്കരക്കാരന്‍ വര്‍ഗീസ്, പാട്ടുകാരനായിരുന്ന സെബാസ്റ്റിയന് ഒ.ജെ, ജെ.എം. രാജുവിന്റെ കസിനായ എം.റ്റി ജെറോം, വി.ജെ ജോര്‍ജ് പിന്നെ ഞാനും ചേര്‍ന്ന് ഒരു ജൂനിയര്‍ മ്യൂസിക് ട്രൂപ്പുമുണ്ടാക്കി. ലോപ്പസ് അച്ചന് അതിനെയെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നു. ബോസ്കോ കലാസമിതിയാണ് പിന്നീട് പ്രശസ്തമായ സി.എ.സിയായത്.
ഞങ്ങള്‍ കുട്ടികളോട് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു അച്ചന്. ഞാന്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചതിനു പിന്നിലും ഇമ്മാനുവലച്ചന്റെയും മൈക്കളച്ചന്റെയും സ്വാധീനമുണ്ടായിരുന്നു. കണ്ണങ്കുന്നത്ത് പള്ളിയില്‍ നിന്നാണ് ഞാന്‍ ഓര്‍ഗന്‍ വായിക്കാന്‍ പഠിക്കുന്നത്. അവിടെ ഒസിഡി സഭയില്‍ ചേരാനായിരുന്നു എനിക്കു താല്പര്യം.
എന്നാല്‍ അച്ചന്മാര് രണ്ടുപേരും എന്നോട് കുറച്ചുകൂടി ആക്ടീവായ ഒരു സഭയില്ചേരാന് നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ജര്‍മന്‍ സന്ന്യാസീസഭയായ എസ്.വി.ഡിയില്‍ ചേരുന്നത്. ഇന്തോറിലായിരുന്നു അവരുടെ സെമിനാരി. പുണെ പേപ്പല്‍ സെമിനാരിയിലാണ് ഫിലോസഫിയും തിയോളജിയും പഠിച്ചത്. എനിക്കത് വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. അതിന്റെ പിന്നണിക്കാരനും ഒരര്‍ത്ഥത്തില്‍ മോണ്‍. ഇമ്മാനുവലായിരുന്നു. ബോസ്കോ കലാസമിതിയുടെ അംഗമായിരുന്ന കാലത്ത് ഇമ്മാനുവലച്ചന്റെ മേടയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കും. ആര്‍ക്കുനേരേയും അതു കൊട്ടിയടച്ചിരുന്നില്ല. എല്ലാവരോടും സ്നേഹത്തോടും സൗഹാര്‍ദത്തിലും പെരുമാറും. അദ്ദേഹത്തിന്റെ ജീവിതാവസാനം വരേയും അതു തുടര്‍ന്നു.
പുരോഹിതനായില്ല; പാട്ടുകാരനായി
എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടെന്ന് സെമിനാരിയിലെ ജര്‍മന്‍ പുരോഹിതന്മാര്ക്ക് മനസിലായി. അവര്‍ ഓള് ഇന്ത്യ റേഡിയോയിലെ തബല എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ മുഹമ്മദ് ഖാനെ കൊണ്ടു വന്നു എന്നെയും സെമിനാരിയിലെ മറ്റ് രണ്ട് വൈദിക വിദ്യാര്‍ഥികളെയും തബല പരിശീലിപ്പിച്ചു. പിന്നീട് എന്നെ ഓര്‍ഗനും, പിയാനോയും പഠിപ്പിച്ചു. രണ്ട് ഇന്‍സ്ട്രുമെന്റ്സും വായിക്കാന്‍ ആവശ്യമായ ടെക്നിക്ക് എനിക്കു സെമിനാരി ജീവതത്തിനിടെ പഠിക്കാനായി. അതോടെ വെറും രണ്ട് മാസം കൊണ്ട് സെമിനാരിയിലെ ‘ ക്വയര്‍ ‘ മാസ്റ്ററാകാന്‍ എനിക്ക് സാധിച്ചു. പിന്നീട് സെമിനാരിയിലെ പത്ത് കൊല്ലത്തെ പുരോഹിത പഠനത്തോടൊപ്പം ക്വയര്‍ മാസ്റ്ററുടെ റോളും ഞാന്‍ വഹിച്ചു. ഇത് സംഗീതത്തില്‍ ആഴത്തില്‍ അറിവ് നേടാന്‍ എന്നെ സഹായിച്ചു. പള്ളിയിലെ പാട്ട് എത്തരത്തിലുള്ളതായിരിക്കണമെന്ന് പ്രത്യേകിച്ച് ലത്തീന്‍ റീത്തിലുള്ള പാട്ടുകളെ കുറിച്ചുള്ള (ഗ്രിഗോറിയന്‍) അവഗാഹം എനിക്ക് ലഭിച്ചു.
സംഗീതത്തിന്റെ പുലിമടയില്‍
സംഗീതവുമായി കൂടുതല്‍ അടുത്തതോടെ കൂടതല്‍ അറിവ് നേടണമെന്ന ആഗ്രഹമായി. എന്റെ വിളി പൗരോഹിത്യത്തിലേക്കല്ല, സംഗീതത്തിലേക്കാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ സെമിനാരി വിട്ട് ഞാന്‍ മുംബൈയിലെത്തി. അവിടെ പുരോഹിതന്മാര് മുന്‍കൈയ്യെടുത്ത് എനിക്ക് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി തരപ്പെടുത്തി തന്നു. ഓഫീസ് ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ഇംഗ്ലീഷില്‍ കത്തെഴുതലും മറ്റുമൊക്കെയായിരുു ജോലി. മുംബൈയില്‍ പുതിയ കര്‍മ മേഖലയില്‍ പ്രവേശിച്ച ഞാന്‍ കാര്‍ട്ടര്‍ റോഡിലൂടെയാണ് യാത്ര ചെയ്തിരുന്നത്.

ജെറി അമല്‍ദേവ്
സൈക്കിളിലായിരുന്നു യാത്ര. ഒരു ദിവസം ഒരു വീടിന്റെ ഗേറ്റിനു പുറത്ത് ‘ നൗഷാദ് ആന്‍ഡ് ആഷിയാന ‘ എന്ന പേര് എഴുതിയിരുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. അത് പ്രസിദ്ധ സംഗീത സംവിധായകനായ നൗഷാദ് അലിയുടെ വസതിയായിരുന്നു.
അക്കാലത്ത് നൗഷാദ് അലി സിനിമാ സംഗീത ലോകത്തെ ഹിറ്റ് മേക്കറായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആബാലവൃദ്ധം മൂളി കൊണ്ടു നടന്നിരുന്ന കാലം. നൗഷാദ് അലിക്ക് മലയാള സിനിമയുമായും ഒരു ബന്ധമുണ്ട്. 1988ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചത് അദ്ദേഹമാണ്. ഒരു ദിവസം ഞാന്‍ ഗേറ്റ് കടന്ന് വീടിനുള്ളിലേക്ക് കയറി ചെല്ലുകയും കോളിങ് ബെല്‍ അടിക്കുകയും ചെയ്തു.
വാതില്‍ തുറന്നത് നൗഷാദ് സാബ് തന്നെ ആയിരുന്നു. അദ്ദേഹം എന്നോട് ആരാണ് ? എന്തു വേണമെന്നു ചോദിച്ചു.
‘ ഞാന്‍ കേരളത്തില്‍ നിന്ന് വരുന്നു. അങ്ങയുടെ ഒരു ആരാധകനാണെന്നു പറഞ്ഞു. ആരാധകനാണെന്നു പറഞ്ഞത് അദ്ദേഹം വിശ്വസിച്ചോ എന്നു തീര്‍ച്ചയില്ല. എങ്കിലും എന്നെ വീടിനകത്തേയ്ക്ക് ക്ഷണിച്ചിരുത്തി. എന്നിട്ട്് എന്റെ ഏത് പാട്ടാണ് നിങ്ങള്‍ക്ക് അറിയാവുന്നത്. അതൊന്നു പാടൂ എന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹം സംഗീതം നല്കിയ രത്തന്‍ എന്ന സിനിമയിലെ ‘അഖിയാന്‍ മിലാ കേ ജിയാ ഭര്മ കേ, ചലേ നഹിന് ജാന’ എന്ന പാട്ട് പാടി.
ആ സിനിമയിലെ പാട്ട് വലിയ ഹിറ്റായിരുന്നു. എച്ച്എംവി എന്ന കസെറ്റ് കമ്പനിക്ക് ഒരുപാട് ലാഭം നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു. പാട്ട് ഹിറ്റായതിന്റെ പേരില്‍ എച്ച്എംവി കമ്പനി നൗഷാദ് സാബിന് ഒരു റെക്കോഡ് പ്ലെയര്‍ വരെ സമ്മാനമായി നല്‍കിയിരുന്നു.
രത്തനിലെ പാട്ട് കേട്ടതും അദ്ദേഹം ചോദിച്ചു, നിങ്ങളെ ആരാണ് ഉറുദു പഠിപ്പിച്ചത് ?
അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്നെ ആരും ഉറുദു പഠിപ്പിച്ചിട്ടില്ല. ഞങ്ങള്‍ മലയാളികള്‍ ലതാ മങ്കേഷ്ക്കറും, മുഹമ്മദ് റഫിയും, മുകേഷും, സൈഗളുമൊക്കെ പാടുന്നതു കേട്ട് അത് പാടി പഠിക്കുന്നതാണ്.
‘ ശരി. ഞാന്‍ എന്താണ് നിങ്ങള്‍ക്കു വേണ്ടി ചെയ്യേണ്ടത് ?
ഞാന്‍ പറഞ്ഞു കുട്ടിക്കാലം മുതല്‍ ഞാന്‍ പാട്ട് പാടി വളര്താണ്. എന്റെ ആഗ്രഹം ഹിന്ദി സിനിമയില്‍ ഒരു പാട്ടു പാടണമൊണ്. അപ്പോള്‍ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കൊണ്ട് അദ്ദേഹം പറഞ്ഞു, ‘ മുഹമ്മദ് റഫി ഉള്ളിടത്തോളം കാലം അത് നടക്കില്ല ‘.

മോൺ.ഇമ്മാനുവൽ ലോപ്പസ്
കുറച്ചു നേരത്തേയ്ക്ക് അന്തരീക്ഷം മൗനമായി. നിരാശനായി മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍, എന്റെ സംഗീതത്തോടുള്ള ഇഷ്ടം മനസിലാക്കിയതു കൊണ്ടാകണം അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു. ‘ഇടയ്ക്ക് എന്നെ ഒന്നു വിളിക്കൂ’, ഇതു പറഞ്ഞ് ആദ്യ കൂടിക്കാഴ്ച അവസാനിപ്പിച്ച് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് ഏകദേശം ഒരു വര്‍ഷത്തോളം ഞാന്‍ അദ്ദേഹത്തെ ഫോണ്‍ കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഫോണില്‍ കിട്ടിയപ്പോള്‍ അദ്ദേഹം ചോദിച്ചത് ‘നിങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ടോ’? എന്നായിരുന്നു. ഞാന്‍ പറഞ്ഞു. സര്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിരാശനാണ്. എന്റെ ആഗ്രഹം സംഗീതത്തില്‍ എന്തെങ്കിലും ചെയ്യണമെന്നാണ്.
ഇതു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ ശരി, നാളെ രാവിലെ 8 മണിക്ക് ഇവിടേക്ക് വരൂ ‘. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ പിറ്റേദിവസം രാവിലെ നൗഷാദ് സാബിന്റെ വീട്ടില്‍ ചെന്നു. എന്നെ അദ്ദേഹം വീടിനുള്ളില്‍ ക്ഷണിച്ചിരുത്തി. എന്നിട്ട് അദ്ദേഹം ഒരു പാട്ട് പാടി. അതിന്റെ കോഡ്സും നൊട്ടേഷനുമൊക്കെ തയാറാക്കാന്‍ പറഞ്ഞു.
രണ്ട് മണിക്കൂറിനു ശേഷം അദ്ദേഹമെത്തി. നൗഷാദ് സാബിന്റെ അയല്‍വാസിയായി ഒരു ഗോവന്‍ മ്യുസീഷ്യനായ മാര്ട്ടിന് പിന്റോ ഉണ്ടായിരുന്നു. 70 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തെ നൗഷാദ് സാബ് വിളിച്ചുവരുത്തി. അദ്ദേഹം ഒരു വയലിന് കക്ഷത്തില്‍ വച്ചു കൊണ്ടാണ് നൗഷാദ് സാബിന്റെ വീട്ടിലേക്ക് കയറി വന്നത്. മാര്ട്ടിന് പിന്റോ എത്തിയതിനു ശേഷം നൗഷാദ് സാബ് അദ്ദേഹത്തിന്റെ ഹാര്‍മോണിയം എടുത്തു. എനിക്ക് പിയാനോയും തന്നു. തുടര്‍ന്നു ഞാന്‍ തയാറാക്കിയ നോട്സ് എടുത്ത് ഞങ്ങള്‍ മൂവരും ചേര്‍ന്നു വായിച്ചു. അതു കഴിഞ്ഞപ്പോള്‍ മാര്ട്ടിന് പിന്റോയോട് എന്നെക്കുറിച്ച് അഭിപ്രായം എന്താണെ് നൗഷാദ് സാബ് ചോദിച്ചു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ അവന് എന്താണോ ചെയ്യുന്നത് അതിനെ കുറിച്ച് നന്നായി അറിയാം ‘
ഇത് കേട്ടതോടെ നൗഷാദ് സാബ് എന്നോടു പറഞ്ഞു, ‘ ശരി, നാളെ മുതല്‍ രാവിലെ 8ന് ഇവിടെ വരണം. ഞാന്‍ പറയുമ്പോള്‍ വീട്ടില്‍ തിരികെ പോകാം’. അങ്ങനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ നൗഷാദ് സാബിന്റെ അസിസ്റ്റന്റായി മാറി. അന്നെനിക്ക് 25 വയസ് പ്രായം.
സംഗീതപ്രേമവുമായി അമേരിക്കയിലേക്ക്
1965 മുതല്‍ അഞ്ച് വര്‍ഷക്കാലം ഞാന്‍ നൗഷാദ് സാബിന്റെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച പാഠങ്ങളും അനുഭവ സമ്പത്തുമായിരുന്നു എന്റെ സിനിമാ സംഗീതത്തിന്റെ അടിസ്ഥാനം. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിന് കീഴില്‍ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാന്‍ പങ്കാളിയായി നിന്നു.
ഹിന്ദി സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിക്കണമെങ്കില്‍ പാശ്ചാത്യസംഗീതം കൂടി പഠിക്കേണ്ടതുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് സംഗീതം പഠിക്കാന്‍ അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചത്.
നൗഷാദ് സാബിനോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി അവിടെ നിന്ന് പടിയിറങ്ങി.
അമേരിക്കയില്‍ ന്യൂഓര്ലീന്സില് ചെന്ന് സംഗീത പഠനത്തിനു ചേര്‍ന്നു. നാല് കൊല്ലം കൊണ്ട് പഠിക്കേണ്ടിയിരുന്ന സംഗീതം ഞാന്‍ രണ്ട് വര്‍ഷം കൊണ്ട് പഠിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലുള്ള കോര്‍നല്‍ സര്‍വകലാശാലയില്‍ നിന്ന് മ്യൂസിക് കോംപസിഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കി. പഠനത്തിനു ശേഷം ഫ്ളെഷിങ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കോളജ് എന്ന പേരുള്ളൊരു യൂണിവേഴ്സിറ്റിയില്‍ ഇന്‍സ്ട്രക്റ്ററായി ജോലിക്ക് ചേര്‍ന്നു. രണ്ട് കൊല്ലത്തോളം പഠിപ്പിച്ചു. 1975ല്‍ ‘ ഓയില്‍ ക്രൈസിസ് ‘ അമേരിക്കയെ പിടിമുറുക്കിയപ്പോള്‍ എന്റെ ഉള്‍പ്പെടെ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്ന ഭൂരിഭാഗം അധ്യാപകരുടെയും തൊഴില്‍ നഷ്ടപ്പെട്ടു. എങ്കിലും പിടിച്ചു നില്ക്കാന് വേണ്ടി പരിചയമുള്ള വീടുകളില്‍ പോയി കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ആ ജോലിയും മടുത്തു. അമേരിക്കയില്‍ ഞാന്‍ വന്നത് ഇതിനാണോ എന്ന ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. ഞാന്‍ അമേരിക്കയില്‍ വന്നത് ഇന്ത്യന്‍ മ്യൂസിക്കിനെയും പാശ്ചാത്യ സംഗീതത്തെയും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ലേ. പക്ഷേ, അതല്ലല്ലോ ഇപ്പോള്‍ ചെയ്യുന്നത്.
വേണ്ട ഇനി ഇവിടെ നില്‍ക്കേണ്ട, നാട്ടിലേക്ക് മടങ്ങാം എന്ന്് മനസ് മന്ത്രിച്ചു. അങ്ങനെ തിരിച്ച് നാട്ടിലെത്തി.
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലം

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ പോസ്റ്റര്‍
അമേരിക്കയില്‍ നിന്ന് തിരികെ നാട്ടിലെത്തിയ എന്നോട് അമ്മ ആദ്യം ആവശ്യപ്പെട്ടത് ഉടന്‍ വിവാഹം കഴിക്കണമെന്നാണ്. അന്ന് എനിക്ക് 40 വയസ്സായിരുന്നു. ഇനിയും വിവാഹം നീട്ടിക്കൊണ്ടു പോയാല്‍ പെണ്ണു കിട്ടില്ലെന്നും അമ്മ പറഞ്ഞു. അങ്ങനെ ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹമൊക്കെ ഭംഗിയായി കഴിഞ്ഞു. ഭാര്യ ജോളി. മീര, സംഗീത, ഡാലിയ എന്നീ മൂന്നു പെണ്മക്കളാണ് ഞങ്ങള്‍ക്ക്. (ഭാര്യ ജോളി 2008ല്‍ നിര്യാതയായി)
പുതിയ ജീവിതവുമായി മുന്നേറുമ്പോള്‍ എന്റെ അളിയന് ഒരു ദിവസം പറഞ്ഞു. ആലപ്പുഴയില്‍ നവോദയ ഒരു പുതിയ സിനിമ പിടിക്കുന്നുണ്ട്. അതില്‍ വേണമെങ്കില്‍ ഒരു കൈ നോക്കാമെന്ന്. അങ്ങനെ ഞങ്ങള്‍ അവിടെ ചെല്ലുകയും നവോദയ അപ്പച്ചനെ കാണുകയും ചെയ്തു.

നവോദയ അപ്പച്ചൻ
നവോദയ അപ്പച്ചന്റെ മകന് ജിജോ ഒരു പുതിയ സിനിമ നിര്‍മിക്കാന്‍ പോവുകയാണെന്നും ‘ ന്യൂജെന്‍ ‘ സിനിമയാണെന്നും നവോദയ അപ്പച്ചന് പറഞ്ഞു. എന്നിട്ട്് ഒരു മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ ഞാന്‍ കണ്ടത് ജിജോ, ഫാസില്‍, മധുമുട്ടം, സിബി മലയില്‍ തുടങ്ങിയ അന്നത്തെ പുതുതലമുറ സിനിമാക്കാരെയാണ്. അവര്‍ അന്നത്തെ സൂപ്പര്‍സ്റ്റാറുകളായ പ്രേംനസീറും ഷീലയും ഇല്ലാത്തൊരു സിനിമ പിടിക്കുന്നതിനെ കുറിച്ചുള്ള സംസാരത്തിലായിരുന്നു.
എന്നെ പരിചയപ്പെട്ടതിനു ശേഷം ഫാസില്‍ ഒരു ഹിന്ദി പാട്ട് പാടി കേള്‍പ്പിച്ചു. ‘ ആപ് കി നസരോം മേ സംജാ ‘ …..എന്നായിരുന്നു ആ പാട്ടിന്റെ ആദ്യ വരികള്‍. ഇത്രയും പാടിയതിനു ശേഷം ഇതു പോലൊരു പാട്ട് ഉണ്ടാക്കാമോ എന്നും എന്നോടു ചോദിച്ചു.
ഞാന്‍ ഉടന്‍ തന്നെ അതുപോലൊന്ന് പാടി കേള്‍പ്പിച്ചു. ഇത് കേട്ടതും ഫാസില്‍ അദ്ഭുതപ്പെട്ടു.
‘ ഇത്ര പെട്ടെന്ന് എങ്ങനെ പാട്ട് പാടാന്‍ സാധിച്ചു ‘ എന്ന്് ഫാസില്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു വരികള്‍ ലഭിച്ചാല്‍ സംഗീതം ചെയ്യാന്‍ എനിക്ക് നിസാര സമയം മതിയെന്ന്.
പിന്നീട് ഫാസില്‍ സിനിമയിലെ ഒരു പാട്ടിന്റെ പശ്ചാത്തലം എനിക്ക് വിവരിച്ചു. അതിന് ചേരുന്നൊരു പാട്ട് ചെയ്യാനും ആവശ്യപ്പെട്ടു. ഒരു ചെറുപ്പക്കാരന് ജീപ്പ് ഓടിച്ചു പോകുന്നു…പിറകില്‍ നിന്നൊരു പെണ്‍കുട്ടി അയാളെ വിളിക്കുന്നതു പോലെ അയാള്‍ക്കു തോന്നുന്നു..ഇതാണ് പശ്ചാത്തലം.
മുക്കൂറ്റി പൂവേ……എന്നൊക്കെ പോലൊരു പാട്ടായിരിക്കണമെന്ന് ജിജോ നിര്‍ദേശിച്ചു.
ഇതു പറയുമ്പോള്‍ ബിച്ചു തിരുമല അടുത്ത് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് പറഞ്ഞു.
അയ്യോ ‘ മുക്കൂറ്റി പൂവ് ‘ വേണ്ട. പകരം ‘ മഞ്ഞണി കൊമ്പില്‍…ഒരു കിങ്ങിണി കൊമ്പില്‍..’ അങ്ങനെയാകട്ടെ എന്ന് പറഞ്ഞു.
അങ്ങനെ ബിച്ചുവിന്റെ വരികള്‍ക്ക് ഞാന്‍ സംഗീതം നല്കി. ആ വരികളും സംഗീതവുമാണു മലയാളത്തിലെ എന്റെ ആദ്യ സിനിമാ ഗാനമായി മാറിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നു പേരിട്ട ആ സിനിമ 1980 ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ് റിലീസ് ചെയ്തത്.

ഫാ. മൈക്കള്‍ പനക്കല്‍
സിനിമ പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ ഒട്ടും തിരക്കുണ്ടായിരുന്നില്ല. കാരണം അറിയപ്പെടുന്ന താരങ്ങളൊന്നുമല്ലായിരുന്നു സിനിമയില്‍. മുഖ്യതാരങ്ങളെല്ലാം പുതുമുഖങ്ങള്‍. ഇക്കാര്യം മനസിലാക്കിയ നവോദയ അപ്പച്ചന് തിയേറ്റര്‍ ഉടമകളോട്, ആളില്ലെങ്കിലും സിനിമ കുറച്ചു ദിവസം ഓടിക്കണമെന്ന് അഭ്യര്‍ഥിച്ചു. തിയേറ്ററിന് ചെലവാകുന്ന പണം നല്‍കാമെന്നും പറഞ്ഞു. എന്നിട്ട് അദ്ദേഹം സിനിമയിലെ പാട്ടുകള്‍ പരമാവധി പ്രചരിപ്പിച്ചു. പാട്ടുകള്‍ കേട്ടവര്‍ക്കൊക്കെ ഒരു പുതുമ അനുഭവപ്പെട്ടു. മെല്ലെ മെല്ലെ ആളുകള്‍ തിയേറ്ററിലേക്ക് ഒഴുകാന്‍ തുടങ്ങി. അങ്ങനെ ആദ്യ ചിത്രം വന്‍ ഹിറ്റായി.
എനിക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടി. യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡും ലഭിച്ചു. ആദ്യ ചിത്രത്തിന് എനിക്ക് പ്രതിഫലമായി ലഭിച്ചത് 5000 രൂപയായിരുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയും അതിലെ പാട്ടുകളും വന്‍ ഹിറ്റായതോടെ നിരവധി ഓഫറുകളാണ് എന്നെ തേടിയെത്തിയത്. ധന്യ എന്ന ചിത്രത്തിനു വേണ്ടിയാണ് പിന്നീട് ഞാന്‍ സംഗീതം നിര്‍വഹിച്ചത്. ധന്യ എന്ന സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത് ഫാസിലും ബോബന് കുഞ്ചാക്കോയുമാണ്.
നവോദയ അപ്പച്ചന്റെ ബന്ധുവാണു ബോബന് കുഞ്ചാക്കോ. ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര താരമായ കുഞ്ചാക്കോ ബോബന്റെ പിതാവ്. ധന്യ എന്ന ചിത്രത്തില്‍ ഗാനരചന യൂസഫലി കേച്ചേരിയുടേതായിരുന്നു. ആ സിനിമയിലെ ‘ കൊഞ്ചും ചിലങ്കേ ‘ ….എന്നു തുടങ്ങുന്ന ഒരു ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ധന്യ പരാജയപ്പെട്ടു.
അതിനു ശേഷം പി. ഭാസ്കരന് മാഷിന്റെ ഫസ്റ്റ് അസിസ്റ്റന്റായിരുന്ന ഗോപികുമാര്‍ ‘ കാട്ട്പോത്ത് ‘ എന്ന ചിത്രമെടുത്തു. മധുവായിരുന്നു നായകന്. ചിത്രത്തിലെ വരികള്‍ പി. ഭാസ്കരന് മാഷായിരുന്നു. ധന്യയ്ക്കു ശേഷം ഈ ചിത്രത്തിനു വേണ്ടിയാണു ഞാന്‍ സംഗീതം നിര്‍വഹിച്ചത്. ഈ ചിത്രം പക്ഷേ റിലീസ് പോലും ചെയ്തില്ല. എങ്കിലും പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു.
പളളിപ്പാട്ടുകാരന്
ഞാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചത് ഫാസിലുമായാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ധന്യ, എന്റെ മാമാട്ടിക്കുട്ടിയമ്മ, നോക്കെത്താദൂരത്ത് കണ്ണുംനട്ട്്, എന്നെന്നും കണ്ണേട്ടന്റെ, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയ ഫാസിലിന്റെ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതം നിര്‍വഹിച്ചു. മനോഹരമായ വരികളും അതിനൊത്ത വിഷ്വല്‍സും ഫാസില്‍ സിനിമകളിലെ പാട്ടുകളുടെ പ്രത്യേകതയാണ്. എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം ഉദാഹരണമാണ്. കൈതപ്രം നമ്പൂതിരിയുടെ ശ്രേഷ്ഠമായ വരികളാണ് ആ ചിത്രത്തിലെ പാട്ടുകളെ ഉയര്‍ന്ന തലങ്ങളിലെത്തിച്ചത്. ഫാസിലിന്റെ മിടുക്ക് കൊണ്ട് ആ പാട്ടിന് മനോഹരമായ വിഷ്വലും ഒരുക്കി.
ഞാന്‍ ആദ്യകാലത്ത് സംഗീത സംവിധാനം നിര്‍വഹിച്ച സിനിമകള്‍ കൂടുതലും ഫാസിലിന്റേതായിരുന്നു. അതാകട്ടെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ളവയുമായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ‘ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍….’ എന്ന ഗാനം പ്രശസ്തി നേടിയപ്പോഴാണ് പള്ളിപ്പാട്ടാണ് അതെന്ന വ്യാഖാനമുണ്ടായത്. പക്ഷേ ആ പാട്ട് ‘ ഓമനക്കുട്ടന് ഗോവിന്ദന് ബലരാമനെ കൂടെ കൂടാതെ ‘ എന്ന വൃത്തത്തിലുള്ളതാണ്. പക്ഷേ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ഇതൊന്നും അറിയില്ലല്ലോ.
ഇത്തരത്തില്‍ വ്യാഖ്യാനം ഉണ്ടായതു കൊണ്ടായിരിക്കണം എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഫാസില്‍ എന്നോട് ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു.
ഞാന്‍ സംഗീതം നിര്‍വഹിച്ച സിനിമാപ്പാട്ടുകള്‍ ഭൂരിഭാഗവും എഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ബിച്ചുവിനും, പി. ഭാസ്കരന് മാഷിനുമൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. അതുപോലെ ഒഎന്‍വി കുറുപ്പിന്റെ വരികളും മനോഹരമാണ്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കു ശേഷം 1990ല്‍ അപരാഹ്നം എന്നീ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡും, 1995-ല്‍ കഴകം എന്ന ചിത്രത്തില്‍ പശ്ചാത്തലസംഗിതം ഒരുക്കിയതിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഫാസിൽ
പുതിയകാലം, പുതിയ പാട്ടുകള്‍
നമ്മുടെ പുതിയ കുട്ടികള്‍ വളരെയധികം ടാലന്റ് ഉള്ളവരാണ്. അവര്‍ വളരെ വേഗത്തില്‍ കാര്യം ചെയ്യാന്‍ മിടുക്കുള്ളവരുമാണ്. വര്ണശമ്പളമായ ഓര്‍ക്കസ്ട്രല്‍ സൗണ്ട് ഉണ്ടാക്കാന്‍ കഴിവുണ്ട്. പക്ഷേ, ഇതെല്ലാം കീ ബോര്‍ഡില്‍ നിന്നാണ് കൊണ്ടുവരുന്നത്. അത് ഒരു വീക്ക്നെസ് ആണ്. ഇപ്പോഴത്തെ പല സിനിമാ പാട്ടുകളും കേള്‍ക്കുമ്പോള്‍ സംഗീതത്തിന്റെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ സംഗീതം നിര്‍വഹിച്ചതു പോലെ തോന്നിയിട്ടുണ്ട്. പാട്ടിലെ വരികള്‍ക്ക് അര്‍ഥമോ പ്രാധാന്യമോ കാണുന്നില്ല. പകരം വലിയ ഒച്ചപ്പാടുകള്‍ മാത്രമാണു കേള്‍ക്കുന്നത്. ഇപ്പോഴത്തെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഒരു രസം തോന്നുമെന്നല്ലാതെ, അധികകാലം ജീവിക്കുന്നില്ല. മനസില്‍ തങ്ങി നില്ക്കുന്നില്ല. പുതിയ പിള്ളേര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് ആളുണ്ടെങ്കില്‍ അവര്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് ഉറപ്പാണ്.
ദേവരാജന്‍ മാഷിനോട് വളരെ വലിയ ഇഷ്ടമാണ്. അദ്ദേഹം എത്രയോ വൈവിധ്യമുള്ള പാട്ടുകള്‍ക്കാണ് ഈണമിട്ടിരിക്കുന്നത്. ഇളയരാജ, എം. ജയചന്ദ്രന് എന്നിവരെ ഇഷ്ടമാണ്. ഹിന്ദിയില്‍ സി. രാംചന്ദ്, ഒ.പി.നയ്യാര്‍ എന്നിവരെയും ഇഷ്ടമാണ്.
യേശുദാസ്, ജാനകി, വാണി ജയറാം, ചിത്ര എന്നിവരുടെ പാട്ടുകള്‍ വലിയ ഇഷ്ടമാണ്. സംഗീത സംവിധായകന് രവീന്ദ്രനും യേശുദാസും നല്ലൊരു കോംമ്പിനേഷനായി തോന്നിയിട്ടുണ്ട്.
പുതിയ സിനിമകള്‍
എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിനു വേണ്ടി സഹകരിക്കുന്നുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡുമായി സഹകരിക്കുന്ന ചിത്രമാണിത്. ഒരു സിംഫണി കംപോസ് ചെയ്യണമെന്നതാണ് എന്റെ സ്വപ്നം.