റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്ജെ
റെക്ടര്‍ സെന്റ് ജോസഫ് ഫോര്മേഷന് ഹൗസ്, നാഗരിജുലി, അസം
ജൂബിലി വര്‍ഷം കത്തോലിക്കാ സഭയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യമാണ്, ലേവ്യപുസ്തകം 25 (10 – 13) ല്‍ വിവരിച്ചിരിക്കുന്ന ദൈവ വചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൂബിലി വര്‍ഷങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. പുരാതന ഇസ്രായേലില്‍, എല്ലാ അമ്പതാം വര്‍ഷവും സ്വാതന്ത്ര്യത്തിന്റെയും കടങ്ങള്‍ മോചിക്കലിന്റെയും ഭൂമിയെ ഉത്പാദനം നടത്താതെ വിശ്രമത്തിനായി വിടുന്നതിന്റെയും സ്വത്ത് പുനഃസ്ഥാപിക്കുന്നതിന്റെയും സമയമായി അടയാളപ്പെടുത്തിയിരിക്കുന്നു.. ഈ സമ്പന്നമായ ആത്മീയ പൈതൃകത്തില്‍ നിന്നാണ് സഭ ജൂബിലി വര്‍ഷങ്ങളുടെ തനതായ സമ്പ്രദായം വികസിപ്പിച്ചെടുത്തത്. അതുകൊണ്ട് ജൂബിലി വര്‍ഷം കൃപയുടെയും പരിവര്‍ത്തനത്തിന്റെയും പുതിയ തുടക്കങ്ങളുടെയും സമയമാണ്.
ജൂബിലിയുടെ ചരിത്രപരമായ ഉത്ഭവം
1330 – ല്‍ ബോണിഫസ് എട്ടാമന് പാപ്പാ യാണ് ആദ്യത്തെ ഔദ്യോഗിക കാത്തലിക് ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. അദ്ദേഹം തീര്‍ത്ഥാടനത്തിനും ആത്മീയ നവീകരണത്തിനുമായി വിശ്വാസികളെ റോമിലേക്ക് ക്ഷണിച്ചു. തുടക്കത്തില്‍ ഓരോ 100 വര്‍ഷത്തിലും ആണ് ജൂബിലി ആഘോഷിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നു.
- ക്ലെമന്റ് ആറാമന്‍ പാപ്പ (1350) ജൂബിലി ആഘോഷം 50 വര്‍ഷത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചു.
- പോള്‍ രണ്ടാമന് പാപ്പ (1470) അത് 25 വര്‍ഷത്തെ കാലയളവ് ആയി കുറച്ചു.
അങ്ങനെ ഇന്ന് സാധാരണ ജൂബിലി വര്‍ഷങ്ങള്‍ ഓരോ കാല്‍നൂറ്റാണ്ടിലും തുടരുന്നു.ഏറ്റവും ഒടുവിലത്തെ വലിയ ജൂബിലി 2000 ആയിരുന്നു. ഏറ്റവും പുതിയ ജൂബിലി നാം ആയിരിക്കുന്ന ഈ 2025 ആണ്ടാണ്. ഫ്രാന്‍സിസ് പാപ്പാ, ഈ ജൂബിലി വര്‍ഷത്തിന് ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍.’ എന്ന പേരാണ് നല്‍കിയത്.
അസാധാരണമായ ജൂബിലി വര്‍ഷങ്ങള്‍
സാധാരണ ജൂബിലികള്ക്ക് പുറമേ, പാപ്പാമാര്‍ പ്രധാനപ്പെട്ട ആത്മീയ അല്ലെങ്കില്‍ ചരിത്ര സന്ദര്‍ഭങ്ങളില്‍ അസാധാരണമായ ജൂബിലികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി.
1933:ല്‍ ക്രിസ്തുവിന്റെ ഭൗമിക ജീവിതത്തിന്റെ 1900 വര്‍ഷം പിന്നിട്ടപ്പോള്‍ വിശുദ്ധ വര്‍ഷമായി പ്രഖ്യാപിച്ചു
- 2000: ല്‍ ക്രിസ്തു വിന്റെ തിരുപ്പിറവി യുടെ സഹസ്രാബ്ദത്തിന്റെ മഹത്തായ ജൂബിലി, ആഘോഷിക്കപ്പെട്ടു
- 2015-2016: ഫ്രാന്‍സിസ് പാപ്പ, ദൈവത്തിന്റെ അതിരുകളില്ലാത്ത അനുകമ്പയെ ഉയര്‍ത്തിക്കാട്ടി.കരുണയുടെ ജൂബിലി പ്രഖ്യാപിച്ചു.
ആത്മീയ ആചാരങ്ങളും ചിഹ്നങ്ങളും
ഓരോ ജൂബിലി വര്‍ഷവും ആന്തരിക പരിവര്‍ത്തനത്തിന്റെയും അനുരഞ്ജനത്തിന്റെയും, സുവിശേഷവ്യാപനത്തിന്റെയും ആത്മീയ ആചാരങ്ങളുടെയും അടയാളങ്ങളായി കാണപ്പെടുന്നു.
- വിശുദ്ധ വാതില്‍ തുറക്കല്‍
ഒരു ജൂബിലി വര്‍ഷത്തിലെ ഏറ്റവും ഗൗരവമേറിയ ആചാരങ്ങളില്‍ ഒന്നാണ് വിശുദ്ധ വാതിലുകളുടെ തുറക്കല്‍. റോമിലെ നാല് പ്രധാന റോമന്‍ ബസിലിക്കകളായ സെന്റ് പീറ്റേഴ്സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നീ പള്ളികളില്‍ സാധാരണയായി മുദ്രയിട്ടിരിക്കുന്ന വാതിലുകള്‍ ഉണ്ട്. ക്രിസ്തു രക്ഷയുടെ കവാടം എന്ന രീതിയില്‍ ആണ് ഇവയെ കാണപ്പെടുന്നത്. ജൂബിലി വര്‍ഷങ്ങളില്‍ മാത്രം ആണ് ഇവ തുറക്കപ്പെടുക. - തീര്‍ഥാടനം
തീര്‍ഥാടനം ജൂബിലിയുടെ ഒരു കേന്ദ്ര ഭാഗമാണ്. സഭ റോം അല്ലെങ്കില്‍ ഓരോ രൂപതകളിലെയും നിയുക്ത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിശ്വസികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ യാത്രകളില്‍ സാധാരണയായി കുമ്പസാരം, കുര്‍ബാന, പരിശുദ്ധ പിതാവിന്റെ ഉദ്ദേശ്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന എന്നിവ ഉള്‍പ്പെടുന്നു. - പൂര്‍ണ്ണ ദണ്ഡ വിമോചനം
ഒരു ജൂബിലി വര്‍ഷത്തില്‍ നമുക്ക് ലഭിക്കുന്ന ഒരു പ്രധാന കൃപയാണ് സമ്പൂര്‍ണ ദണ്ഡ വിമോചനം. ഈ ആത്മീയ സമ്മാനം വഴി സഭയ്ക്ക് പാപങ്ങള്‍ ബന്ധിക്കാനും അഴിക്കാനുമുള്ള അധികാരത്തെയും വിശ്വാസികള്‍ക്ക് ക്രിസ്തുവിന്റെ കരുണ നല്‍കാനുള്ള ദൗത്യത്തെയും പ്രകടിപ്പിക്കുന്നു. - കാരുണ്യത്തിന്റെയും ഉപവിയുടെയും പ്രവൃത്തികള്‍
ജൂബിലി വര്‍ഷങ്ങള്‍ സജീവമായ സ്നേഹത്തിനായി നമ്മെ ആഹ്വാനം ചെയ്യുന്നു. ശാരീരികവും ആത്മീയവുമായ പ്രവൃത്തികള്‍ ചെയ്യാന്‍ സഭ വിശ്വാസികളെ ക്ഷണിക്കുന്നു. രോഗികളെ സന്ദര്‍ശിക്കുക, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക, ദുഃഖിതരെ ആശ്വസിപ്പിക്കുക, കുറ്റങ്ങള്‍ ക്ഷമിക്കുക എന്നിങ്ങനെ. - ചിഹ്നങ്ങളും കുരിശുകളും
ചില ജൂബിലികളില്‍, പ്രത്യേകിച്ച് അസാധാരണമായവയില്, ഒരു പ്രത്യേക ജൂബിലി ക്രോസ് ആശിര്‍വദിച്ച് രൂപതകളിലുടനീളം തീര്‍ഥാടനത്തിന് അയച്ചേക്കാം.
വിഷയാവലി ജൂബിലി വര്‍ഷങ്ങള്‍
ചരിത്രത്തിലുടനീളം, തീമുകളിലോ ഗ്രൂപ്പുകളിലോ ശ്രദ്ധ കേന്ദ്രീകരിച്ചു സഭ പ്രത്യേക ജൂബിലി വര്‍ഷങ്ങള്‍ ആഘോഷിക്കാറുണ്ട്:
കരുണയുടെ ജൂബിലി (2015 – 2016): ദൈവത്തിന്റെ കാരുണ്യത്തിന് ഊന്നല്‍ നല്കി ഫ്രാന്‍സിസ് പാപ്പ മിഷനറീസ് ഓഫ് മേഴ്സി എന്ന പേരില്‍ വൈദികരെ നിയോഗിച്ചു. സാധാരണയായി പരിശുദ്ധ സിംഹാസനത്തിനു മാത്രം ക്ഷമിക്കാന്‍ കഴിയാവുന്ന പാപങ്ങള്‍ പോലും ക്ഷമിക്കാനുള്ള പ്രത്യേക കഴിവുകള്‍ വൈദികര്‍ക്കു നല്കി.
*രൂപത, സഭാ ജൂബിലികള്‍: രൂപതകളുടെയോ സന്ന്യാസ സഭകളുടെയോ വാര്‍ഷികങ്ങള്‍ പ്രാദേശിക തലങ്ങളില്‍ ആഘോഷിക്കപ്പെടുന്നു.
മരിയന്‍ ജൂബിലികള്‍:
1954ല്‍ പയസ് പന്ത്രണ്ടാമന് പാപ്പാ മറിയത്തിന്റെ അമലോത്ഭവ ഡോഗ്മാ യുടെ ശതാബ്ദി ആഘോഷിക്കാന്‍ ഒരു വര്‍ഷം പ്രഖ്യാപിച്ചു. 1987 – 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ, മരിയന്‍ ഭക്തി ആഴമാക്കാന് ഒരു വര്‍ഷം പ്രഖ്യാപിച്ചു.
പുരോഹിതരുടെ ജൂബിലി വര്‍ഷം (2009 – 2010):
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വിശുദ്ധ ജോണ്‍ മരിയ വിയാനീയുടെ മരണത്തിന്റെ 150-ാം വാര്‍ഷികത്തില്‍ പൗരോഹിത്യ വിശുദ്ധിയും അജപാലന നവീകരണവും പ്രോത്സാഹിപ്പിക്കാനായി പുരോഹിതരുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചു.
കൃപയുടെയും പ്രതീക്ഷയുടെയും സമയം
ഓരോ ജൂബിലി വര്‍ഷവും, സാര്‍വത്രികമോ പ്രാദേശികമോ, സാധാരണമോ അസാധാരണമോ ആകട്ടെ, ഒരേ ഉദ്ദേശ്യം നിറവേറ്റുന്നു: സഭയെയും അവളുടെ മക്കളെയും ക്രിസ്തുവിന്റെ ഹൃദയത്തോട് അടുപ്പിക്കാനും ദൈവവുമായും അയല്‍ക്കാരനുമായും അനുരഞ്ജനം നടത്താനും മുറിവുകള്‍ ഉണക്കാനും സുവിശേഷത്തിന്റെ സന്തോഷം വീണ്ടും കണ്ടെത്താനുമുള്ള സമയമാണിത്. ജൂബിലി വര്‍ഷം 2025, ‘പ്രതീക്ഷയുടെ തീര്‍ഥാടകര്‍’ എന്നപേരില്‍ വിശ്വാസത്തില്‍ നവീകരിക്കപ്പെട്ട് കരുണയാല്‍ ബലപ്പെട്ട്, ദൗത്യത്തില്‍ ഏകീകൃതമായ ഒരു ആത്മീയ യാത്ര പുറപ്പെടാന്‍ സഭ നമ്മെ എല്ലാവരേയും ക്ഷണിക്കുന്നു. ഈ ജൂബിലി വര്‍ഷം, സമാധാനവും നീതിയും അനുകമ്പയും ലോകത്തിന് നല്കി വിശുദ്ധിയുടെ പ്രകാശമായി മാറട്ടെ.