ബിജോ സിൽവേരി
ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയും അവരെ നിയന്ത്രിക്കുന്ന സംഘ്പരിവാറും ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത് 2021ലാണ്. അന്നു മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വാതന്ത്ര്യദിന ആഘോഷത്തിനു മുകളില്‍, ഈ ദിനം മഹത്തായി കൊണ്ടാടപ്പെടുന്നുണ്ടെന്നു വേണം കരുതാന്‍.
കേരളത്തിലോ മറ്റേതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ അത്തരം ഏര്‍പ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് അദ്ദേഹത്തിന്റെ ഭരണസീമയില്‍ ആണെന്ന് അദ്ദേഹം കരുതുന്ന സര്‍വകലാശാലകളോട് വിഭജനഭീതി ദിനം സമുചിതമായി ആചരിക്കാന്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ ആഹ്വാനത്തെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇത്ര കണിശമായി ഖണ്ഢിക്കേണ്ടിയിരുന്നില്ല. വിഭജനത്തെ കുറിച്ച് വിശാലമായ അര്‍ത്ഥത്തിലും ആഴത്തിലും ചര്‍ച്ച ചെയ്യാനുള്ള ഒരു വലിയ അവസരം കളഞ്ഞുകുളിക്കരുതായിരുന്നു.
ഇന്ത്യാ-പാക് വിഭജനത്തിന് കളമൊരുക്കിയത് ആരായിരുന്നു? ബ്രിട്ടീഷുകാര്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്ക്കുന്നതു കണ്ടിട്ട് സഹിക്കവയ്യാതെ ഇന്ത്യയെ കീറിമുറിച്ചു എന്നാണ് പല പാഠപുസ്തകങ്ങളിലും പറഞ്ഞുവച്ചിട്ടുള്ളത്. അത് വിശ്വസിച്ചിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും. ഇന്ത്യ എന്ന സങ്കല്പം തന്നെ ബ്രിട്ടീഷുകാരാണല്ലോ ഉണ്ടാക്കിയത്.
ഇത്രയും കാലവും സംഘ്പരിവാര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്, മുസ് ലിം ലീഗിന്റെ പ്രേരണയാല്‍ ജവഹര്‍ ലാല്‍ നെഹ്റു ഇന്ത്യാ വിഭജനം നടപ്പാക്കി എന്നായിരുന്നു. ഗാന്ധിയെ ആയിരുന്നില്ല, നെഹ്റുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നതെന്ന് പല സംഘക്കാരും പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. ഇന്ത്യ വിഭജിക്കപ്പെട്ട അതികഠിനമായ ദുഃഖത്തിലായിരുന്നില്ല അവരക്കാര്യം പറഞ്ഞിട്ടുണ്ടാകുക! അധികാരത്തിന്റെ നാലയലത്തുപോലും സംഘ്പരിവാരുകാരെ നെഹ്റു അടുപ്പിച്ചില്ല എന്നതായിരിക്കാം കാരണം.
മുസ് ലിം ലീഗ് നേതാവ് മുഹമ്മദി ജിന്ന പാക്കിസ്ഥാന് എന്ന അവകാശവാദം ഉന്നയിക്കുന്നതിന് എത്രയോ കാലം മുമ്പു തന്നെ ഇന്നത്തെ സംഘ്പരിവാറുകാരുടെ മുന്‍ഗാമികള്‍ ഇന്ത്യാ വിഭജനം ശക്തമായി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയൊക്കെയായി വാഴ്ത്തുന്ന ലാലാ ലജ്പത് റായിയാണ് പരസ്യമായി ഈ ആവശ്യം ആദ്യമായി ഉന്നയിക്കുന്നത്. ഖോരക്പൂരില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം ഈ ആവശ്യമുന്നയിക്കുമ്പോള്‍ സ്വാതന്ത്ര്യത്തെ കുറിച്ചു പോലും നമ്മുടെ പൂര്‍വികര്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയിരുന്നോ എന്നു സംശയം- കാരണം 1890ലാണ് ഈ സംഭവം. ഇന്ത്യ വിഭജിക്കേണ്ടതിനേയും ആര്‍ഷഭാരതത്തില്‍ നിന്ന് മുസ് ലിങ്ങളേയും ക്രിസ്ത്യാനികളേയും ഒഴിവാക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം ഗഹനമായ ഗവേഷണം നടത്തുകയും പത്രങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഹിന്ദു മഹാസഭക്കാരാനായ നാഥുറാം ഗോഡ്സേയാണല്ലോ ഗാന്ധിയെ വധിച്ചത്. ഹിന്ദു മഹാസഭയുടെ ആദ്യകാല രൂപമായിരുന്നു ഭാരത് ധര്‍മ മഹാമണ്ഡല്‍. ഇതിന്റെ നേതാവ് നാരായണ്‍ റാവുവില്‍ നിന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തും ആര്യസമാജത്തിന്റെ നേതാവുമായ ലാലാ ലജ്പതി റായിക്ക് സുന്ദരമായ ഈ ആശയം പകര്‍ന്നു കിട്ടിയത്.
ലജ്പത് റായിയുടെ ഈ ആവശ്യം ആര്യസമാജക്കാര്‍ പിന്നീട് കാര്യമായി തന്നെ ഏറ്റെടുത്തു. ആര്യസമാജക്കാരില് നിന്ന് ബാറ്റണ്‍ വാങ്ങിയെടുത്തത് സാക്ഷാല്‍ വി.ഡി. സവര്‍ക്കറാണ്. ഗാന്ധി വധത്തിന്റെ ഗൂഢാലോചനകേസിലെ പ്രതി. പിന്നീട് വ്യക്തമായ തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതി വെറുതേ വിട്ട ‘സ്വാതന്ത്ര്യസമരസേനാനി’. ഇന്ത്യന്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് തൊട്ടുസമീപത്തായിട്ടാണ് മോദി സര്‍ക്കാര്‍ സവര്‍ക്കര്‍ക്ക് ഇടം നല്‍കിയത്. മോദിയേയും ബിജെപിയേയും കുറ്റം പറയേണ്ടതില്ല, എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അതായത് സാക്ഷാല്‍ ഇന്ദിരാജി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സവര്‍ക്കറെ കുറിച്ച് ന്യൂസ് റീല്‍ നിര്‍മിച്ച് സിനിമാകൊട്ടകകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നു!
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് തന്നെ അപമാനമാകും വിധത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറും സമാനമനസ്കാരായ ഹെഡ് ഗേവാറും ബി.എസ്. മൂഞ്ചെ തുടങ്ങിയ ‘ദേശസ്നേഹികളും’ ചേര്‍ന്നാണ് ആര്‍എസ്എസ് രൂപീകരിച്ചത്.
1923 ല്‍ ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ മൂഞ്ചെ ഇങ്ങനെ പ്രസ്താവിച്ചു, ‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ജര്‍മനി ജര്മന്കാരുടേതും, ഫ്രാന്‍സ് ഫ്രഞ്ച് കാരുടേതും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്’-ദേ അതാണ് കാര്യം. മൂഞ്ചില് നിന്ന് പൂച്ച പുറത്തുചാടി. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദുമഹാസഭയുടെ പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഇന്ത്യ വിഭജിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് പ്രമേയം പാസാക്കി.
സവര്‍ക്കര്‍ തന്റെ അഭിപ്രായം പിന്നീട് വളരെ കൃത്യമായി നിര്‍വചിച്ചു.’ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്പിക്കാന് പോലും സാധ്യമല്ല, അത് മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പരസ്പരം ശത്രുക്കളായ രണ്ട് രാഷ്ട്രങ്ങള്‍’
ഇതിനു ശേഷമാണ് എം.എസ് ഗോള്‍വാക്കറുടെ പ്രസിദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘വി ഓര് ഔര്‍ നേഷന്‍ ഹുഡ് ഡിഫൈന്‍സ്’ എന്ന പുസ്തകത്തില്‍, ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം, മുസ്ലിംകള് അടക്കമുള്ള ന്യുനപക്ഷങ്ങള്‍ ഒന്നുകില്‍ ഹിന്ദു സമൂഹത്തില്‍ ലയിച്ച് വംശശുദ്ധീകരണത്തിന് വിധേയമാവുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം തന്നെയാണ് സ്വാതന്ത്ര്യസമരത്തില്‍ ഹൈന്ദവയുവാക്കള് പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തതും. എന്തിനാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞതെന്നതിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു,
ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നതിന് മുസ ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഒഴിവാക്കേണ്ടതിന് തങ്ങളുടെ ഊര്‍ജം മാറ്റിവയ്ക്കണമെന്ന ന്യായമായ കാര്യമായിരുന്നു അദ്ദേഹത്തിന് വ്യക്തമാക്കാനുണ്ടായിരുന്നത്.
വിഭജനത്തിന്റെ അരങ്ങൊരുക്കാനാണ് പിന്നീട് വ്യാപകമായി വര്‍ഗീയലഹളകള്‍ ഭീകരവാദികള്‍ സംഘടിപ്പിച്ചത്. വാക്കുകള്‍കൊണ്ടുള്ള അഭ്യാസത്തിന്റെ കാലമെല്ലാം കഴിഞ്ഞുവെന്ന് അവര്‍ക്ക് ബോധ്യമായി.
അല്ലെങ്കില്‍ ആദ്യം ചൊല്ലിക്കെടുക്കുക, പിന്നെ തല്ലിക്കൊടുക്കുക എന്ന സിദ്ധാന്തം നേരത്തെ തന്നെ ചിന്തിച്ചുറപ്പിച്ചു കാണണം ‘ദേശസ്നേഹികള്‍’. 1940ല്‍ മാത്രമാണ് മുഹമ്മദലി ജിന്ന മുസ് ലീങ്ങള്‍ക്ക് സ്വയംഭരണാവകാശം ആവശ്യപ്പെട്ടത്. അതൊരു വലിയ തെറ്റു തന്നെ ആയിരുന്നെങ്കിലും, ആ ആവശ്യത്തിലേക്ക് കടുത്ത സമ്മര്‍ദ്ദത്താല്‍ അദ്ദേഹത്തെ എത്തിച്ചു എന്നും പറയാം. സമീപകാല സംഭവങ്ങള്‍ ക്രൈസ്തവരേയും മു സ്ലിങ്ങളേയും എത്രമാത്രം സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നുണ്ടെന്ന് നാം ചിന്തിച്ചാല്‍ മതി. യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ യത്നിക്കുന്ന യുവാക്കളും ഇക്കാര്യം പറഞ്ഞതുതരും.
വിഭജനകാലത്ത് കൊല്ലപ്പെട്ടത് അനോദ്യോഗിക കണക്കുകള്‍ പ്രകാരം 10 ലക്ഷം പേരാണ്. ഔദ്യോഗിക കണക്കനുസരിച്ച് 2 ലക്ഷവും ബലാത്സംഗം ചെയ്യപ്പെട്ടത് ഒരു ലക്ഷം സ്ത്രീകളുമാണ്. ഏതു വിഭാഗക്കാരായിരിക്കും അതില്‍ ബഹുഭൂരിപക്ഷവും എന്ന് ഊഹിക്കാമല്ലോ.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരത്തിന്റെ അയല്പക്കത്തുപോലും എത്താന്‍ കഴിയാഞ്ഞതില്‍ സംഘ്പരിവാര്‍ ശക്തികള്‍ കഠിനമായി ദുഃഖിച്ചിരുന്നു. സവര്ക്കറക്കടമുള്ള ദേശസ്നേഹികളെല്ലാം ആ വിഷമവും ഉള്ളില്‍ പേറിയായിരിക്കണം ഭൂമി വിട്ട് പോയിരിക്കുക!.പക്ഷേ പിന്‍ഗാമികള്‍ ഒരിക്കലും വെറുതേയിരുന്നിരുന്നില്ല. അണിയറയില്‍ അവര്‍ വിശാലമായ ഒരുക്കങ്ങള്‍ നടത്തി. അയോധ്യയില്‍ ബാബ്റി മസ്ജിദ് ഉണ്ടായിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിച്ചത് വിശാലമായ ഈ ആലോചനയിലെ ഒരു ഭാഗം മാത്രമായിരുന്നു. ഹൈന്ദവവര്‍ഗീയതയെ ഉണര്‍ത്തി എന്നു മാത്രമല്ല, മുസ് ലിം സമുഹത്തെ ആഭ്യന്തര ശത്രുക്കളെന്ന് മുദ്രകുത്താനും സാധിച്ചു. അതാണല്ലോ മഹത്തായ വിഭജനം. സ്വാതന്ത്ര്യസമരകാലത്തെ വിഭജനത്തേക്കാള് ഭീകരമായിരുന്നു മനുഷ്യമനസുകളില്‍ അതുണ്ടാക്കിയ വിഭജനം. ഇന്ത്യക്കാരന് എന്നാല്‍ ഹിന്ദു എന്നായി. അല്ലാത്തവരെല്ലാം ദേശ വിരുദ്ധരായി , ദേശത്തിന്റെ ശത്രുക്കളായി.
സംഘ്പരിവാറിന്റെ വിഭജനം പൂര്‍ത്തിയായിട്ടില്ല, ഇന്ത്യന്‍ പൗരനെയും ഇന്ത്യന്‍പൗരത്വത്തെയും പുനര്‍ നിര്‍മിക്കുക എന്ന ദീര്‍ഘ കാല അജണ്ടയാണ് അത് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഇന്ത്യയുടെ ഫെഡറല്‍ തത്വങ്ങളെ , വിവിധ ജനവിഭങ്ങള്ക്കു ഭരണഘടന അനുവദിച്ചു കൊടുത്തിരുന്ന അവകാശങ്ങളെയെല്ലാം വെട്ടി ഒതുക്കേണ്ടതുണ്ട്. വരാനിരിക്കുന്ന കാലം അതിന്റേതാണ്.
