രാജസ്ഥാൻ /ദൗസ: പിക്ക് അപ് വാനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ദൗസ ജില്ലയിൽ ബാപി ഗ്രാമത്തിലെ മനോഹർപൂരിലുള്ള പാതയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. നാല് സ്ത്രീകളും ഏഴ് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.
ഖതു ശ്യാംജി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുയും ചെയ്തു . ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീയും പിന്നീട് മരിച്ചു . മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലുള്ള അസ്രൗലി ഗ്രാമത്തിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. ഖതുശ്യാം, സലസാർ ബാലാജി ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം തിരികെ മടങ്ങും വഴിയാണ് അപകടം.
അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒൻപത് പേരെ ജയ്പൂർ എസ്എംഎസ് ആശുപത്രിയിലേക്ക് മാര്റി. മൂന്ന് പേർ ദൗസ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.